UDF

2020, മേയ് 7, വ്യാഴാഴ്‌ച

ഹെലികോപ്റ്റര്‍ ഇടപാടിനെ എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം



പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്‌ററര്‍ വാടകയ്‌ക്കെടുത്ത നടപടിയെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ഇടതുകേന്ദ്രങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായിരുന്നു അത്. ഇടതു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതു മൂലം അടിയന്തര ഘട്ടത്തില്‍ റോഡു ബ്ലോക്ക് ചെയ്ത് ആംബുലന്‍സില്‍ കൊണ്ടുവന്നാണ് ഇപ്പോഴും ഇതു നടത്തുന്നത്. ആശുപത്രിയില്‍ യഥാസമയം എത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് അകാല മരണം പോലും സംഭവിച്ചിട്ടുണ്ട്.

2016 മാര്‍ച്ച് മൂന്നിനാണ് എയര്‍ ആംബുലന്‍സ് പദ്ധതിക്ക് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുമായി സര്‍ക്കാര്‍ കരാറായത്. അവയവദാനത്തിനും അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കും മാത്രമാണ് ഈ സേവനമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കേസിനും അതിനു ചെലവായ തുക നല്കും എന്നല്ലാതെ മാസവാടക നല്കാന്‍ വ്യവസ്ഥ ഇല്ലായിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കും ഈ സേവനം ലഭ്യമായിരുന്നു.

രാജീവ് ഗാന്ധി അക്കാദമിക്ക് കൊമേഴ്‌സ്യല്‍ ഓപ്പറേഷന് ലൈസന്‍സ് ഇല്ലാതിരുന്നതിനാലും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ഇല്ലാതിരുന്നതിനാലും കരാര്‍ റദ്ദ് ചെയ്തു. തുടര്‍ന്ന് പദ്ധതിക്ക് താത്പര്യം പ്രകടിപ്പിച്ച മറ്റൊരു കമ്പനിയുമായി ചര്‍ച്ച തുടങ്ങിവച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പമൂലം മുന്നോട്ടുപോയില്ല.

2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്ത സംഭവം കേരളം വീര്‍പ്പടക്കിയാണ് ടിവിയില്‍ കണ്ടത്. ഡോ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്തില്‍ നടത്തിയ ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നു. സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് നടത്തിയ ആദ്യത്തെ ഓപ്പറേഷനായിരുന്നു അത്. ആ ഫയലില്‍ താന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു. അതോടെയാണ് എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ ഹെലികോപ്റ്റര്‍ വലിയ തുക വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. അനേകം രോഗികള്‍ക്ക് അതു വലിയ പ്രയോജനവും ചെയ്യുമായിരുന്നു. 2019ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്കുവേണ്ടി മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടയില്‍ രണ്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് കണ്ണൂരില്‍ വച്ച് മരണമടഞ്ഞതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുമായിരുന്നു. മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 56 പേര്‍ യഥാസമയം അവയവം ലഭിക്കാതെ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി 2019 ജനുവരി 28ന് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്കിയിട്ടുണ്ട്.