UDF

2022, ഫെബ്രുവരി 2, ബുധനാഴ്‌ച

ലോകായുക്തയെ ദുര്‍ബലപ്പെടുത്താൻ വ്യാജ ആരോപണങ്ങൾ

 


ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നത്. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്.

എംജി സര്‍വകലാശാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. അനുകൂലമായ കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷന്‍ റെഡ്ഢിയും ഉണ്ടായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ ജാന്‍സി ജെയിംസിനെ നിയമിച്ചപ്പോള്‍ എല്ലാ വിഭാഗത്തില്‍ നിന്നും അതിനു വലിയ സ്വീകാര്യത ലഭിച്ചു. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും അന്ന് ഉയര്‍ന്നിരുന്നില്ല. പിന്നീട് ഡോ ജാന്‍സി കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലറായി. അക്കാദമിക് മികവാണ് അവരെ ഉന്നതപദവികളിലെത്തിച്ചത്. വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇടതുസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇതു ഇടയാക്കും.