UDF

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

കേരളത്തിന്റെ വളർച്ച തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്


ആലപ്പുഴ: കേരളത്തിൽ അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള ഭരണകർത്താക്കളെ തിരഞ്ഞെടുക്കുക എന്നതിലുപരി കേരളം ഇനി എങ്ങനെ വളരണമെന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കാനിര‍ിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും താ‍രതമ്യം ചെയ്തു നോക്കിയാൽ പിന്നെയെല്ലാം യുഡിഎഫിന് എളുപ്പമാണ്. ഇടതുമുന്നണി നശീകരണത്തിന്റെ പ്രതീകമാണ്. അവർ വെട്ടിനിരത്തലാണു നടത്തുന്നതെങ്കിൽ യുഡിഎഫ് സൃഷ്ടിപരമായ പ്രവർത്തനങ്ങളിലാണു വിശ്വസിക്കുന്നത്. പാവപ്പെട്ടവർക്ക് അർഹമായതെല്ലാം കൊടുക്കുന്നത് ഔദാര്യമായല്ല, കടമയായി ഏറ്റെടുത്തു നടപ്പാക്കുകയാണു സർക്കാർ ചെയ്തത്.

ഭരണവിരുദ്ധ വികാരം എങ്ങുമില്ല. ഈ സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുക‍ൂലമായ ജനവിധിയാണുണ്ടായത്. അതുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ചർച്ചയായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കിൽ പൊതുരംഗത്തു തുടരില്ലെന്നു താൻ പ്രഖ്യാപിച്ചെങ്കിലും അഞ്ചു വർഷമായിട്ടും ഇവയൊന്നും സ്ഥാപിച്ചെടുക്കാൻ ഒരു തെളിവുപോലും ഹാജരാക്കാൻ അവർക്കു കഴിഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ഇന്ത്യ സ്വതന്ത്രമായപ്പോൾ എല്ലാക്കാര്യത്തിലും മുൻപന്തിയിലായിരുന്ന കേരളം ഇന്നു പിന്നിലാകാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടല‍ുകളാണ്. ഇന്ത്യയിൽ കാർഷിക വിപ്ലവം നടന്നപ്പോൾ കേരളത്തിൽ നടന്നത് കാർഷിക സമരമാണ്. ഇന്ത്യയിലെങ്ങും വ്യവസായ രംഗത്തു മാറ്റങ്ങളുണ്ടായപ്പോൾ ഇവിടെ ഘെരാവോ പോലുള്ള സമരങ്ങളിലൂടെ വ്യവസായികളെ പേടിപ്പിച്ചോടിച്ചു. പക്ഷേ, നമ്മൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്നു കഴിഞ്ഞ അഞ്ചു വർഷംകൊണ്ടു ബോധ്യപ്പെട്ടു. ഇനിയും നഷ്ടപ്പെട്ട അവസരങ്ങൾ പിടിച്ചെടുക്കാൻ കേരളം ഉയരണമെന്നും അതിനു യുഡിഎഫ് അധികാരത്തിൽ വരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.