UDF

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

'എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്?


 
എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്? പിണറായി ഒന്ന് പറയുന്നു. കോടിയേരി അനുകൂലിക്കുന്നു. മദ്യനയം തിരുത്തുമെന്ന് കാനം രാജേന്ദ്രൻ പറയുന്നു. ഇതിന്റെ എല്ലാം ആകെത്തുക അധികാരത്തിൽ വന്നാൽ മദ്യനയം പുന:പരിശോധിക്കും എന്ന് തന്നെയാണ്. മദ്യനയത്തിന്റെ പേരിൽ പുറത്തുപോയ ആളാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചവറയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ എന്ത് ഹീനമായ കാര്യങ്ങളാണ് സരിത പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ശതമാനം പോലും ശരിയാണെങ്കിൽ അധികാരത്തിൽ എന്നല്ല പൊതുമണ്ഡലത്തിൽ പോലും നിൽക്കാൻ താൻ യോഗ്യനല്ല. ഏത് സാഹചര്യത്തിലാണ് ഇത് ഉന്നയിക്കുന്നതെന്ന് പോലും നോക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിലെത്തിയ ഗണേഷ്‌കുമാറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വി.എസ് വ്യക്തമാക്കണം. നിയമസഭയിൽ വി.എസ്സിനെക്കുറിച്ച് ഗണേഷ് പറഞ്ഞത് എല്ലാവരും കേട്ടതാണ്. താൻ അഴിമതിക്കാരനാണെങ്കിൽ തന്നെ തോൽപ്പിക്കാൻ കഴിയുമെന്നിരിക്കെ മത്സരിക്കരുതെന്ന് വി.എസ് പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ സത്യമെങ്കിൽ ജനം തോൽപിക്കട്ടെ. ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടയാളാണ് താൻ. ആരോപണങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് ഇനിയും നാണംകെടേണ്ടിവരും. ആരോപണങ്ങൾ ആദ്യം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണ് വിഷമമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു