UDF

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ചരിത്രനിയോഗത്തിന്റെ പടിവാതിലിൽ


ഇത്ര കഠിനമായിരിക്കും ഈ യാത്രയെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മനസറിയാത്ത കാര്യങ്ങൾ, സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ഭയപ്പെടുന്ന കാര്യങ്ങൾ ഒക്കെ കേട്ടു. നിശബ്ദനായി ഒരുപാട് സഹിച്ചു. എങ്കിലും ആരോടും പകയോ, വിദ്വേഷമോ ഇല്ലാതെ കാലാവധി പൂർത്തിയാക്കുന്നു.

അഞ്ചുവർഷം മുമ്പ്   നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജനങ്ങളും പാർട്ടിയും യു.ഡി.എഫും എന്നെ ഒരു ഉത്തരവാദിത്വം ഏല്പിച്ചു. മുള്ളിന്മേൽ നിന്നാണങ്കിലും അതു  ഭംഗിയായി നിറവേറ്റിയ ചാരിതാർത്ഥ്യം എനിക്കുണ്ട്. ഇതിനിടയിൽ മനഃപൂർവമല്ലാത്ത ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതു ബോദ്ധ്യപ്പെട്ട ആ നിമിഷം പിൻവലിക്കുകയും ചെയ്തു. പക്ഷേ, മനഃസാക്ഷിയുടെ മുന്നിലും എന്നെ വിശ്വസിച്ചവരുടെ മുന്നിലും തല ഉയർത്തി തന്നെയാണ് നില്ക്കുന്നത്. 

എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്നു പ്രതീക്ഷിച്ചവരെ പാടെ നിരാശപ്പെടുത്തിക്കൊണ്ടാണ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ഇപ്പോൾ ജനങ്ങൾ പറയുന്നൂ, ഈ സർക്കാർ അധികാരത്തിൽ തുടരുമെന്ന്. പ്രതിപക്ഷത്തിന്റെ കിരാതമായ പ്രക്ഷോഭങ്ങൾക്കിടയിലും അപഹാസ്യമായ വ്യക്തിഹത്യകൾക്കിടയിലും അടിപതറാതെ നിന്നു നടത്തിയ വികസനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാരിനെതിരെ സ്വാഭാവികമായി ഉയരേണ്ട ഭരണവിരുദ്ധ വികാരം ഒരിടത്തും കാണുന്നില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് സർക്കാർ ഓടിയകലുകയോ, ആരെയും പഴിചാരി രക്ഷപ്പെടുകയോ ചെയ്തില്ല. നിശ്ചയദാർഢ്യത്തോടെ അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തി. 

ഇനി പ്രതിപക്ഷം അധികാരത്തിൽ വരരുതെന്ന് ജനങ്ങൾ പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം. വികസനക്ഷേമരംഗത്ത് ഇപ്പോൾ നിലവിലുള്ള ടെമ്പോ യു.ഡി.എഫിനല്ലാതെ മറ്റാർക്കും നിലനിറുത്താനാവില്ലെന്നു ജനങ്ങൾക്കു ബോദ്ധ്യമുണ്ട്. ബാറുകൾ പൂട്ടിയതോടെ വീടുകളിലും സമൂഹത്തിലും ഉണ്ടായ സമാധാനാന്തരീക്ഷം നഷ്ടപ്പെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂർ പകർപ്പിനെ ജനങ്ങൾ ഭയക്കുന്നു. 

സ്റ്റാർട്ടപ്പുകളിലൂടെയും മറ്റും തുറന്ന ഒരുപാട് പുതിയ അവസരങ്ങൾ ഇല്ലാതാകുമോയെന്ന് യുവാക്കളും അവരുടെ മാതാപിതാക്കളും ആശങ്കപ്പെടുന്നു. യു.ഡി.എഫ് ഒരു ചരിത്രനിയോഗത്തിന്റെ പടിവാതിലിലാണിപ്പോൾ. യു.ഡി.എഫ് യോഗങ്ങളിൽ കാണുന്ന വമ്പിച്ച ആൾക്കൂട്ടവും ജനങ്ങളുടെ പ്രതികരണവുമൊക്കെ ഈ നിയോഗം ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ്.