UDF

2016, ഏപ്രിൽ 6, ബുധനാഴ്‌ച

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയി നിരാശരായവർ പുതിയ കഥകൾ മെനയുന്നു


കൊല്ലം: സിപിഎം നേതാക്കളും ബാർ ഉടമകളും നടത്തിയ ഗൂഢാലോചനയുടെ തെളിവാണു ചവറയിലെ ഇടതുമുന്നണി സ്ഥാനാർഥിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതു സ്ഥാനാർഥി വിജയൻ പിള്ള നേരത്തേ കോൺഗ്രസുകാരനായിരുന്നു. സർക്കാർ ബാറുകൾ പൂട്ടിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. സമ്പൂർണ മദ്യനിരോധനത്തിലൂടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാൻ യുഡിഎഫ് ശക്തമായ നടപടികൾ സ്വീകരിക്കും. ഈ മദ്യനയം പുനഃപരിശോധിക്കുമെന്നാണു പിണറായി വിജയനും കാനം രാജേന്ദ്രനും ആവർത്തിക്കുന്നത്. അവർ ഉദ്ദേശിക്കുന്നതെന്താണെന്നും അതിന്റെ മെച്ചം ആർക്കാണെന്നും വിജയൻ പിള്ളയുടെ സ്ഥാനാർഥിത്വത്തിലൂടെ ജനം തിരിച്ചറിഞ്ഞു.

തന്റെ അനുയായിയായ പി.കെ. ഗുരുദാസനു സീറ്റു നിഷേധിച്ചതിനെക്കുറിച്ചും കെ.ബി. ഗണേഷ് കുമാറിനും കോവൂർ കുഞ്ഞുമോനും സീറ്റു നൽകിയതിനെക്കുറിച്ചും വി.എസ്.അച്യുതാനന്ദൻ അഭിപ്രായം പറയണം. ഒരുദിവസം താൻ കോട്ടയത്തേക്കുപോകാൻ ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ കോവൂർ കുഞ്ഞുമോൻ കാണാൻ വന്നിട്ടുണ്ടെന്ന് സ്റ്റാഫ് അംഗം പറഞ്ഞു. തിരിച്ചുവീട്ടിൽ കയറി കുഞ്ഞുമോൻ നൽകിയ നിവേദനം സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഉറച്ചുനിൽക്കണമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് അദ്ദേഹം പോയത്. താൻ കോട്ടയത്തെ ചടങ്ങുകൾ കഴിഞ്ഞ് എറണാകുളത്തേക്കു തിരിച്ചപ്പോൾ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവച്ച് ഇടതുപക്ഷത്തേക്കുപോയെന്ന് അറിഞ്ഞു. സ്ഥാനത്തിനു വേണ്ടി കൂറുമാറിയവരെയാണ് അച്യുതാനന്ദൻ കൊണ്ടു നടക്കുന്നത്.

സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ ആരോപണം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നുവെങ്കിൽ ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണു വിഷമം. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ സർക്കാരിനു മടിയില്ല. പക്ഷേ, ഇല്ലാത്ത ആരോപണങ്ങൾക്കു പിന്നാലെ പോകാൻ തയാറല്ലെന്നു താൻ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. തന്നെപ്പോലെ ഇത്രയും ഹീനമായ ആരോപണങ്ങൾക്കു വിധേയനായ മറ്റൊരു പൊതുപ്രവർത്തകൻ ഇല്ല. ഇപ്പോഴും അതു തുടരുന്നു.

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയപ്പോൾ ഇപ്പോൾ എന്തോ വലിയ കാര്യം കിട്ടുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നവരുണ്ട്. അതിൽ നിരാശരായവർ പുതിയ കഥകൾ മെനയുന്നു. ആരോപണവിധേയനായ താൻ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കണമെന്ന് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. താൻ കൊള്ളരുതാത്തവനാണെങ്കിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലൂടെ യുഡിഎഫിനു തിരിച്ചടിയേൽക്കും. അതല്ലേ എൽഡിഎഫിനു നല്ലത്. ഇത്രയേറെ പരാജയപ്പെട്ട പ്രതിപക്ഷത്തിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.