UDF

2015, ഡിസംബർ 22, ചൊവ്വാഴ്ച

കുമ്മനത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹം


തിരുവനന്തപുരം: കേരളത്തിന്റെ പാവനമായ സംസ്‌കൃതിയെ ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് കുമ്മനം രാജശേഖരനെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. കുറച്ചുകൂടി പക്വതയുള്ള സമീപനമാണ് ബി.ജെ.പി. നേതൃത്വത്തില്‍ നിന്ന് കേരളം പ്രതീക്ഷിച്ചത്. കേരളത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും വിസ്മരിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്-അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂറിലെയും മലബാറിലെയും ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളാണ്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഇത് തുടരുന്നു. ധാരാളം ക്ഷേത്രസമിതികളില്‍ മറ്റ് മതസ്ഥര്‍ ഭാരവാഹികളാണ്. വാവര്‍ പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്ക് പോകുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാവരും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസ്സോടെ സൃഷ്ടിച്ച ഇത്തരം പാവനമായ സംസ്‌കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്.

വര്‍ഗീയ കലാപങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നാടാണ് കേരളം. ആളിക്കത്തുമെന്ന് പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയംപോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിച്ചു-മുഖ്യമന്ത്രി പറഞ്ഞു.