UDF

2015, ഡിസംബർ 7, തിങ്കളാഴ്‌ച

ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം


തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ ഒരുശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് മാത്രമല്ല, പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഗുരുതരമായ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. അതിന്റെ സിഡി കൈവശമുണ്ടെങ്കില്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ നിയമപരമായി സിഡി പിടിച്ചെടുക്കണം. സത്യം പുറത്തുവരട്ടെ. ഇതുവരെ ബിജു രാധാകൃഷ്ണന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അതിന് വഴങ്ങാതിരുന്നതിനാലാണ് തനിക്കെതിരേ ആരോപണമുന്നയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരായ ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഭാര്യയെ കൊന്നയാളെ ജയിലില്‍ അടച്ചതിലുള്ള വൈരാഗ്യമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നില്‍. അതിന് ഇതുപോലൊരു വില നല്‍കേണ്ടിവന്നതില്‍ തനിക്ക് ദുഃഖമില്ലെന്നും അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ 55 വര്‍ഷത്തെ പൊതുപ്രവര്‍ത്തനജീവിതം തുറന്ന പുസ്തകമാണ്. ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ യാതൊന്നും ആലോചിക്കാതെ ആരോപണമുന്നയിക്കുന്നത് ഗുണകരമാണോയെന്ന് ചിന്തിക്കണം. ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് ചെയ്യുന്നത് വ്യക്തിയോടല്ല, സംസ്ഥാനത്തോടും വ്യവസ്ഥിതികളോടുമാണ്. തന്നെ അപമാനിച്ച് ഇറക്കിവിടാമെന്ന പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം നടക്കില്ല. നീതി നടപ്പാക്കിയതിന്റെ പേരില്‍ പ്രതിസന്ധികളെ നേരിട്ട് അതിജീവിക്കുകയും ബ്ലാക്ക്‌മെയിലുകളെ തടുത്തുനിര്‍ത്തുകയും ചെയ്ത മുഖ്യമന്ത്രിയെന്ന നിലയിലായിരിക്കും താന്‍ പോവുകയെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

കൊലക്കേസ് അടക്കം 58 കേസുകളിലെ പ്രതിയാണ് ബിജു രാധാകൃഷ്ണന്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നൂറുകണക്കിന് കോടതികളില്‍ നിരവധി തവണ ബിജുവിനെ ഹാജരാക്കി. കൂടാതെ മാധ്യമപ്രവര്‍ത്തകരോടോ ജയിലില്‍ക്കിടന്ന സന്ദര്‍ഭത്തില്‍ സന്ദര്‍ശകരോടോ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായപ്പോഴാണ് തനിക്ക് തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അറിയിച്ചത്. തന്നെ സ്വാധീനിക്കാന്‍ ആരെങ്കിലും സമീപിക്കട്ടെയെന്നതിന്റെ സൂചനയായിരുന്നു അത്. പലകാരണങ്ങള്‍ നിരത്തി പിന്നീടുള്ള മൊഴിയെടുക്കല്‍ ബിജു നീട്ടിക്കൊണ്ടുപോയി. അപ്പോഴൊക്കെ താന്‍ ചില വെളിപ്പെടുത്തല്‍ നടത്തിയാല്‍ മുഖ്യമന്ത്രിയടക്കം രാജിവയ്‌ക്കേണ്ടിവരുമെന്ന ഭീഷണിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജു നടത്തിയത്.

തന്നെ രക്ഷപ്പെടുത്താനായി ആരുംവരില്ലെന്നും ഹൈക്കോടതിയില്‍നിന്ന് ഒരിക്കലും ജാമ്യം ലഭിക്കില്ലെന്നും ബോധ്യമായതിനെത്തുടര്‍ന്നാണ് അവസാനത്തെ ശ്രമമെന്ന നിലയില്‍ താനുള്‍പ്പടെ പലര്‍ക്കെതിരേയും ആരോപണമുന്നയിച്ചത്. കൊലക്കേസ് സമര്‍ഥമായി അന്വേഷിച്ച ഡിവൈഎസ്പി, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ജീവപര്യന്തം ശിക്ഷ നല്‍കിയ ജഡ്ജി എന്നിവര്‍ക്കെതിരേയും ബിജു ആരോപണമുന്നയിച്ചിട്ടുണ്ട്.

തട്ടിപ്പുനടത്തി സ്വതന്ത്രനായി നടന്ന ബിജുവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതുകൊണ്ട് തന്നോട് വൈരാഗ്യമുണ്ടാവും. തന്നെ വന്നുകണ്ടെന്നുപറയുന്ന ജൂണ്‍ മൂന്നിനും 16നും ഇടയിലുള്ള കാലയളവില്‍ ബിജു രാധാകൃഷ്ണന്‍ കേരളത്തിലില്ലായിരുന്നുവെന്നാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

തന്റെ മാന്യത അനുവദിക്കാത്തതിനാല്‍ ഇക്കാര്യം തുറന്നുപറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം ഐ ഷാനവാസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ.ആര്‍ ബി നായര്‍ എന്ന പേരില്‍ വന്ന ബിജു രാധാകൃഷ്ണനുമായി താന്‍ കൂടിക്കാഴ്ച നടത്തിയത്. താനുമായി ബിജുവിന് അടുപ്പമില്ലെന്നും തന്റെ ഓഫിസിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നുമുള്ളതിന്റെ വ്യക്തമായ തെളിവാണ് കൃത്രിമമായി ലെറ്റര്‍പാഡുണ്ടാക്കിയതും കൂടിക്കാഴ്ചയ്ക്ക് ഷാനവാസിന്റെ സഹായം തേടേണ്ടിവന്നതും. ആരോപണത്തില്‍ വേദനയുണ്ടെന്നും എല്ലാം സോളാര്‍ കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.