UDF

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തദ്ദേശ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെ

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പും സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫായിരിക്കും കൂടുതല്‍ സീറ്റ് നേടുകയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. യു.ഡി.എഫ്. നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം. ഇതടിസ്ഥാനമാക്കി ധാരണയിലെത്തും. ഇക്കാര്യത്തില്‍ ജില്ലാ സംസ്ഥാനതലത്തില്‍ വ്യക്തമായ ധാരണയുണ്ട്.

മുന്നണി തീരുമാനത്തിനെതിരെ മത്സരിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഘടകകക്ഷികള്‍ പരസ്​പരം മത്സരിക്കില്ല. മുന്നണിക്ക് പുറത്ത് ഒരു കക്ഷിയുമായും സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ഥികളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഘടകകക്ഷികളും അതേ നിലപാടെടുക്കും.

ഐക്യമാണ് യു.ഡി.എഫിന്റെ ശക്തി. ഒരു കക്ഷിയുടെ പ്രശ്‌നം യു.ഡി.എഫിന്റെ പ്രശ്‌നമായാണ് കാണുന്നത്. ഇടുക്കിയിലെ പ്രശ്‌നം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിവരുന്നു. മലപ്പുറത്ത് ലീഗും കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കഴിഞ്ഞദിവസം സംസാരിച്ചു. ബാക്കിയുള്ളവയും ഉടന്‍ തീരും.