UDF

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, രോഗികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും 1500 കോടി രൂപയോളം ധനസഹായം എന്നിവ നല്‍കിയ ജനപക്ഷ സര്‍ക്കാരിനെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നതില്‍ ഉറച്ച വിശ്വാസമുണ്ട്. 

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഗതാഗതകുരുക്കഴിക്കാന്‍ ഉതകുന്ന മെട്രൊ പദ്ധതിയും പതിറ്റാണ്ടായുളള സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവും കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങാനൊരുങ്ങുകയും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുമൂലം നടക്കാതെപോകുകയും ചെയ്ത സ്മാര്‍ട് സിറ്റിയും ഈ സര്‍ക്കാരിനു തുടക്കം കുറിക്കുവാനും യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കുവാനും സാധിച്ചു. വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ വന്‍ പുരോഗതി ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എളുപ്പത്തിലാക്കാന്‍ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറച്ചു.ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കാന്‍ സാധിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മഹത്തായ കാര്യമാണ്. ഐടി, വ്യവസായ രംഗത്തെ പുരോഗതി കേരളത്തിന്‍റെ വികസനത്തിനു വഴിവച്ചു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പരിഗണിക്കേണ്ടത്. എസ്എന്‍ഡിപി - ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.