UDF

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണത്തിന്റെ വിലയിരുത്തലുണ്ടാകും


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് മേല്‍ക്കൈ കിട്ടുമെന്നകാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തെരഞ്ഞെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി കാണുന്നതില്‍ തനിക്ക്  ഒരു ഭയപ്പാടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായി പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശിക സ്ഥാനാര്‍ത്ഥികളുമൊക്കെ ചര്‍ച്ചാവിഷയമാകും. അതൊക്കെ അതിന്റെ ഒരു ഭാഗത്ത്. എന്നാലും ഏതു തെരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായവും പ്രതിഫലിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിവരുമെന്നകാര്യം ഉറപ്പ്. അരുവിക്കരയില്‍ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത് സെമിയാണ്. സെമിയിലും ജയിച്ച്  ഫൈനലിലേക്ക്  തികഞ്ഞ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍  പോകുമെന്ന കാര്യത്തില്‍ സംശയമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ പുതിയതല്ല, നേരത്തേയുള്ള പാര്‍ട്ടിയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയും ഓരോ തെരഞ്ഞെടുപ്പിലും ജയിക്കാന്‍ വേണ്ടി നടത്തുന്നതുപോലുള്ള ശ്രമങ്ങള്‍ അവരും നടത്തും. പക്ഷേ സംസ്ഥാനം കേരളമാണ്. കേരളം എന്നും മതേതരത്വത്തിനും മത സൗഹാര്‍ദ്ദത്തിനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള സംസ്ഥാനമാണ്.

 ജനഹിതം അതാണ്. 77-ല്‍ സി.പി.എം ഇത്തരം പരീക്ഷണം നടത്തിയില്ലേ. അടിയന്തരാവസ്ഥയ്‌ക്കെതിരേ ഇന്ത്യയിലൊട്ടാകെ ഉണ്ടായിട്ടുള്ള ചിന്തയുടെ പേരില്‍ കേരളത്തില്‍ അവര്‍ ജനസംഘുമായി കൈകോര്‍ത്തു. എന്നാല്‍ മാര്‍സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അന്ന് ഏറ്റുവാങ്ങേണ്ടിവത്. ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.