UDF

2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

വിമതര്‍ക്ക് ഒരവസരം കൂടി


കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചുവരാന്‍ ഒരവസരംകൂടി നല്‍കുമെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് പറഞ്ഞു. മുന്നണി സ്ഥാനാര്‍ഥിക്കെതിരായി പത്രിക നല്‍കിയവര്‍ വോട്ട് പിടിക്കാനിറങ്ങരുത്.

യോജിപ്പിനുവേണ്ടി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലങ്ങളില്‍ സൗഹൃദ മത്സരത്തിനനുവദിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്.ഇതര കക്ഷികളുമായി കൂട്ടുകൂടുന്നത് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പരാതി കിട്ടിയാല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫില്‍ വിമതപ്രശ്‌നം രൂക്ഷമാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുമുണ്ടായതുപോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഐക്യത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പു വിജയങ്ങള്‍. ഐക്യം എന്ന് നഷ്ടപ്പെടുന്നോ അന്ന് പരാജയമുണ്ടാകുമെന്നും വളരെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.