UDF

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകും


കാസര്‍കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ബി.ജെ.പി.ക്കും തിരിച്ചടിയുണ്ടാകുമെന്നും അതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കാസര്‍കോട്ട് ഡി.സി.സിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കോണ്‍ഗ്രസ്മുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന ബി.ജെ.പി. പ്രസിഡന്റ് അമിത്ഷായുടെ മോഹം നടപ്പാകില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തില്‍. 

ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന് കഴിഞ്ഞ ഒരുവര്‍ഷത്തെ ഭരണം തെളിയിച്ചു. ബി.ജെ.പിയുടെ നയം ജനങ്ങളെ പരിഹസിക്കുന്നതാണ്. നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുന്നു. എന്നാല്‍ കേന്ദ്രത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ക്ലീന്‍ ചിറ്റ് നല്‍കി. ഇതിലൂടെ ബി.ജെ.പി. ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയുകയാണ്. 

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. അരുവിക്കര ഫലം ഒരു പാഠമാണ്. നമ്മള്‍ ഒന്നിച്ചു നിന്നപ്പോള്‍ ജനങ്ങള്‍ പിന്തുണ നല്‍കി. ഐക്യത്തോടെയുള്ള യു.ഡി.എഫ്. പ്രവര്‍ത്തനം അഭിമാനകരമായ വിജയം സമ്മാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.