UDF

2015, ജൂലൈ 13, തിങ്കളാഴ്‌ച

വയനാട് മെഡിക്കല്‍ കോളജ് മെഡിസിറ്റിയായി ഉയര്‍ത്തും


കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഒരു തുടക്കം മാത്രമാണെന്നും മെഡിസിറ്റിയായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വയനാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജ് ആധുനീക ചികിത്സാകേന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ കോളജിന് 25 ഏക്കര്‍ സ്ഥലം മതിയായിരുന്നു. അത് മെഡിസിറ്റിയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 50 ഏക്കറാക്കി ഉയര്‍ത്തിയത്.

മെഡിസിറ്റിയായി ഉയര്‍ത്തുന്നതിനായാണ് 900 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. വയനാടിനെ ഒരു പിന്നോക്കജില്ലയായിരിക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയം സര്‍ക്കാരിനുണ്ട്. അതിനായി സര്‍ക്കാരിന് ചില കാഴ്ചപ്പാടുകളുണ്ട്.

അതനുസരിച്ച് ആദ്യലക്ഷ്യം മെഡിക്കല്‍ കോളജായിരുന്നു. രണ്ടാമത് വയനാട് റെയില്‍പാതയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും അമ്പത് ശതമാനം വിഹിതം നല്‍കാന്‍ സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗം ഈ റെയില്‍പാത യാഥാര്‍ത്ഥ്യമാവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാമത്തെ ആവശ്യം വയനാട് ബദല്‍ റോഡാണ്. നിലവിലുള്ള റോഡില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ മണിക്കൂറുകളോളം ജനങ്ങള്‍ വഴിയില്‍ കിടക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.

ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഇത് ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരത്തിലൊരു വികസനമുന്നേറ്റത്തിന് കാരണം. വയനാട് ജില്ലക്ക് ഇത് മാത്രമല്ല, നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതെല്ലാം വേഗത്തില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും.



സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് ആകെ അഞ്ച് മെഡിക്കല്‍ കോളജ് മാത്രമാണുണ്ടായിരുന്നത്. ഇന്നാല്‍ ഇപ്പോഴത് 16 മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. വയനാട് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്‌നം വന്യമൃഗശല്യമാണ്.

വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഒരിടത്ത് വനസംരക്ഷണവും, മൃഗസംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ കൃഷിക്കും, സ്വത്തിനും, ജീവനും വിലയില്ലാത്ത അവസ്ഥയാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ കുറേക്കൂടി ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിനായി സ്ഥലം നല്‍കിയ എം ജെ വിജയപത്മനെ ആദരിച്ചു.