UDF

2015, ജൂലൈ 7, ചൊവ്വാഴ്ച

മുഖ്യമന്ത്രി ഈ തട്ടുകടയുടെ ഐശ്വര്യം

ഒരേ ഒരാളെ ആശ്രയിച്ചാണ് ഈ തട്ടുകട പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വന്നില്ലെങ്കില്‍ അന്നു കച്ചവടമില്ല. ദോശമാവും ചമ്മന്തിയുമൊക്കെ വേസ്റ്റ്. കട തുടങ്ങി അഞ്ചു കൊല്ലമായിട്ടും ഇന്നുവരെ രണ്ടു തവണ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ വിദേശയാത്രയോ ഡല്‍ഹി യാത്രയോ മറ്റോ മൂലമാണ്.

ആകെ പ്രവര്‍ത്തനം ശനി രാത്രിയും ഞായര്‍ രാവിലെയും. ശനിയാഴ്ച വൈകിട്ട് ആറിനു തുറക്കും. ഞായറാഴ്ച രാവിലെ 11 മണിയോടെ അടയ്ക്കും. അദ്ദേഹം പോയിട്ട് പിന്നെ കട തുറന്നിട്ട് ഒരു കാര്യവുമില്ല.

ഈ തട്ടുകട പുതുപ്പള്ളിയിലാണ്. പറഞ്ഞു വന്ന 'അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. കേരളത്തിലെ 'മുഖ്യതട്ടുകട നടത്തുന്നത് മാങ്ങാനം സ്വദേശിയായ സാറാമ്മയും ഭര്‍ത്താവ് ദാനിയേലുമാണ്. ജീവിതമാര്‍ഗം തേടി പണ്ടു മുഖ്യമന്ത്രിയെ കാണാന്‍ വന്നവരാണ്. ഇവിടത്തെ തിരക്കു കണ്ടപ്പോള്‍ ഇതുതന്നെ ജീവിതമാര്‍ഗം എന്നു തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിലെ ഏക തട്ടുകടയാണിത്.

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എത്തുന്നതു ശനിയാഴ്ച രാത്രിയാണെന്നതിനാല്‍ വൈകിട്ട് ആറു കഴിയുമ്പോഴേക്കും തുറക്കും. രാത്രി പത്തിനോ പതിനൊന്നിനോ വരാന്‍ സാധ്യതയുള്ള മുഖ്യമന്ത്രിയെ കാണാന്‍ അപ്പോഴേക്കും ആളുകള്‍ എത്തിത്തുടങ്ങും. മുഖ്യമന്ത്രി വരുന്നതു വരെ കട്ടന്‍ചായ കുടിച്ചും ദോശയും ഓംലെറ്റും ഒക്കെ കഴിച്ചും സമയം തള്ളിനീക്കും. എത്ര രാത്രിയായാലും പുതുപ്പള്ളിയില്‍ വച്ച് മുഖ്യമന്ത്രിയെ കയ്യില്‍ 
കിട്ടുമെന്നുറപ്പുള്ളതിനാല്‍ കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ നിന്നുമൊക്കെ ആളെത്തും. 

പലവിധ പ്രശ്‌നങ്ങളുമായാണു വരുന്നതെങ്കിലും വിശപ്പ് എന്നൊരു പൊതുപ്രശ്‌നമുള്ളതിനാല്‍ ദോശയും ഓംലെറ്റുമൊക്കെ ഉഷാറായി തീരും. അഞ്ഞൂറിനും എഴുനൂറിനും ഇടയില്‍ ദോശ വില്‍ക്കുന്നുണ്ട്. ഉഴുന്നുവട ഉണ്ടാക്കുന്നതെത്രയാണോ അത് തീരും. ഏറ്റവും കുറഞ്ഞത് അഞ്ഞൂറിലധികം പേര്‍ മുഖ്യമന്ത്രിയെ കാണാന്‍ തമ്പടിക്കുമെന്നതിനാല്‍ കച്ചവടം ഒരിക്കലും കുറയില്ല. പുതുപ്പള്ളിയിലെ വീട്ടില്‍ വന്നവരെയെല്ലാം കണ്ട് പരാതി പരിഹരിച്ച് രാത്രി 12.30 കഴിയുമ്പോഴേക്കും മുഖ്യമന്ത്രി നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് തിരിക്കും. മുഖ്യമന്ത്രി ഇറങ്ങിയാലുടന്‍ അടുപ്പിലെ തീയണയും.

ഒരു മണിക്ക് നാട്ടകം ഗെസ്റ്റ് ഹൗസിലെത്തി ഉറങ്ങാന്‍ കിടക്കുന്ന മുഖ്യമന്ത്രി പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. അതിനു മുന്‍പേ പുതുപ്പള്ളിയിലെ തട്ടുകട ഉഷാറായിട്ടുണ്ടാകും. രണ്ടു മണിക്കു തന്നെ അടുപ്പില്‍ തീ കത്തിയിരിക്കും. പുതുപ്പള്ളി പള്ളിയില്‍ പോയി ആറു മണിക്കു മുഖ്യമന്ത്രി വീട്ടിലെത്തും. പിന്നെ പത്തു മണിവരെ മുഖ്യമന്ത്രി ഉണ്ടാകും. അതുവരെ ദോശയും ചമ്മന്തിയുമൊക്കെ അതിവേഗം ബഹുദൂരം എന്ന മട്ടില്‍ ചെലവാകും. പിന്നെ അടുത്ത ശനി വരെ കാത്തിരിക്കും. മുഖ്യമന്ത്രി വരുമോ ഇല്ലയോ എന്നൊക്കെ അറിയാന്‍ സാറാമ്മ ചേട്ടത്തിയെയും ദാനിയേല്‍ ചേട്ടനെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിളിക്കുന്നവരുമുണ്ട്.