UDF

2015, ജൂലൈ 7, ചൊവ്വാഴ്ച

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ അനുവദിക്കില്ല


തിരുവനന്തപുരം: ഇടുക്കി പെരുവന്താനം വില്ലേജിലെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്‌റ്റേറ്റില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പൊതു വഴി അടക്കാനും ഗേറ്റ് വെച്ച് ടോള്‍ ഏര്‍പ്പെടുത്താനുമുള്ള തോട്ടം ഉടമയുടെ ആവശ്യം അംഗീകരിക്കില്ല. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ഒരു തോട്ടം ഉടമ ജനങ്ങളെ ബന്ദിയാക്കുന്ന നിലപാടിനെതിരെ കര്‍ശന നടപടിയെടുക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുവന്താനം എസ്‌റ്റേറ്റില്‍ ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഗേറ്റ് സ്ഥാപിക്കാനെത്തിയ എ ഡി എമ്മിനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അവതരാണാനുമതി തേടിയത്.

എ ഡി എമ്മിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ഇ എസ് ബിജിമോള്‍ തന്നെയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. 

ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാലാണ് ഗേറ്റ് പുനസ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മേഖലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്പനിയുടെ നിലപാടിനെതിരാണ്. ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്ന മത്സരത്തില്‍ ഒന്നാമതെത്താന്‍ നടത്തിയ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് അവിടെ അരങ്ങേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.