UDF

2015, മേയ് 17, ഞായറാഴ്‌ച

അവകാശികള്‍ക്കുള്ള വൈദ്യുതികണക്ഷന്റെ ചട്ടം ലഘൂകരിക്കും


മലപ്പുറം: സ്വന്തംപേരില്‍ വൈദ്യുതി കണക്ഷനുള്ളയാള്‍ മരിച്ചാല്‍ അവകാശികള്‍ക്ക് അത് മാറ്റിനല്‍കുന്നതിനുള്ള ചട്ടം ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് നിയമ-ചട്ട ഭേദഗതികള്‍ക്കുള്ള മലപ്പുറം ജില്ലയുടെ നിര്‍ദ്ദേശങ്ങള്‍ക്കുളള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ 'കരുതല്‍' വേദിയില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇതിനുള്ള ഉറപ്പ് നല്‍കിയതായും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി.

സാങ്കേതിക തടസ്സംമൂലം തീരുമാനമാകാത്ത പൊതുവിഷയങ്ങളില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ കഴിയുന്നത് വലിയ നേട്ടമാണ്. ഇത്തരത്തില്‍ 45 ഉത്തരവുകളാണ് ഇതുവരെ ഭേദഗതി വരുത്തിയത്. ചട്ടങ്ങളിലെ ഭേദഗതികള്‍ ന്യായമായും ചെയ്യേണ്ടതാണെന്ന് ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ തോന്നുന്നപക്ഷം നിലവിലെ നിയമമനുസരിച്ച് പറ്റുന്നവയല്ലെങ്കില്‍ പോലും നീതിയുക്തമായ മാറ്റങ്ങള്‍വരുത്തി തീരുമാനമെടുക്കും.

സര്‍ക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഒരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയ ശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂല തീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെ പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ഏറ്റവും വേഗം നടപ്പാക്കുന്ന 18 പദ്ധതികളുടെ പ്രഖ്യാപനവും ഉമ്മന്‍ചാണ്ടി നടത്തി. ചരിത്രമ്യൂസിയം, നിളസംരക്ഷണം എന്നിവയാണിതില്‍ പ്രധാന പദ്ധതികള്‍.