UDF

2015, മേയ് 21, വ്യാഴാഴ്‌ച

കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടും


 കൊച്ചി മെട്രോ കലൂര്‍ മുതല്‍ കാക്കനാട് വരെ നീട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി 2017.16 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവയ്ക്കിടയില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ടാവുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള നിയന്ത്രണത്തിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ എ.ജിയോട് നിയമോപദേശം തേടും.

തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിക്കും. ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്‍ തുറക്കുന്നതിന് ആറു കോടി രൂപ അനുവദിച്ചു. ആലപ്പുഴയിലെ തന്നെ പമ്പിംഗ് സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശികയായ 4.5 കോടി കൊടുക്കാന്‍ തീരുമാനമായി. തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള "ഓപ്പറേഷന്‍ അനന്ത"യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ചെയര്‍മാനും ആരോഗ്യം, റവന്യൂ, പൊതുമരാമത്ത് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. 

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി നിയമസഭ അടുത്ത മാസം എട്ടിന് ചേരണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.