UDF

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

വിവാദം മാത്രം മതിയെന്ന് ചിലരുടെ ചിന്ത


 വിവാദം മാത്രം മതിയെന്നു ചിലര്‍ ചിന്തിച്ചാല്‍ അതിന്റെ പിന്നാലെ താന്‍ പോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ കടമകളും നിറവേറ്റും. ഒന്നിലും കാലതാമസം വരുത്തില്ല. യമനില്‍നിന്നു മലയാളികളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പ്രശംസിക്കുന്ന പ്രകടനം കാഴ്ചവച്ച  സര്‍ക്കാരാണിത്. 

മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യങ്ങളാണു കേരളം ചെയ്യുന്നത്. പക്ഷേ അതൊന്നും കാര്യമല്ലെന്നും വിവാദം മതിയെന്നുമുള്ള നിലപാടാണു പലര്‍ക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രധാന കാര്യങ്ങളും പൂര്‍ത്തിയാക്കിയശേഷമാണു കഴിഞ്ഞ ദിവസങ്ങളില്‍ പി.സി. ജോര്‍ജ് പ്രശ്‌നം തീര്‍ക്കുന്ന ചര്‍ച്ചയ്ക്കായി താന്‍ കയറിയത്. എന്നിട്ടും ഇവിടെ ഭരണസ്തംഭനം എന്ന് ആക്ഷേപിക്കുന്നു. 

ഏതു കാര്യത്തിലാണ് ഈ സര്‍ക്കാര്‍ വീഴ്ച വരുത്തിയതെന്നു കൂടി അവര്‍ പറയണം. ഇതൊക്കെ ജനം വിലയിരുത്തട്ടെ. വിവാദം ആഘോഷിക്കാന്‍ ഒരുപാടു പേരുണ്ട്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താണു സംഭവിച്ചത്. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടപ്പോഴും പിടിച്ചുനിന്നതു കേരളത്തില്‍ മാത്രമാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തൊട്ടറിയുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതിനിടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അത്തരം കാര്യങ്ങളെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.