UDF

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

മാവൂരില്‍ വന്‍കിട ഐ.ടി. പദ്ധതി


*തൊണ്ടയാട്, രാമനാട്ടുകര ഫ്‌ലൈഓവറിന് 40കോടി
*കനോലി കനാല്‍ സംരക്ഷിക്കും
*മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് നടപടി
*കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍


 മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ സ്ഥലത്ത് വന്‍കിട നിക്ഷേപപദ്ധതിക്ക് ഐ.ടി.വകുപ്പ് അന്തിമരൂപം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പോലുള്ള ഒന്നാണ് വിഭാവനംചെയ്യുന്നത്. കോഴിക്കോട്ട് ജനസന്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.പി.പി.(സ്വകാര്യ-പൊതു പങ്കാളിത്തം) വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാവും. കനോലി കനാലിനെ സംരക്ഷിക്കുന്നതിന് ജലസേചന, ടൂറിസം വകുപ്പുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തില്‍ ഇതുടനെ നടപ്പാക്കും. 

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് ബജറ്റില്‍ 350കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഇതില്‍ 300 കോടി രൂപ ഭൂമിയേറ്റെടുക്കുന്നതിന്  ചെലവുവരും. ആന്വിറ്റി സ്‌കീമിലുള്‍പ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിനുള്ള തുക കൂടി ഇതിലുള്‍പ്പെടുത്തി അടിയന്തരമായി ഇതു നടപ്പാക്കും.
കോഴിക്കോട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  കളക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്.   കോഴിക്കോട്ട് മൂന്നാമത്തെ കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍ സ്ഥലമനുവദിക്കാന്‍ തീരുമാനിച്ചു.

ബൈപ്പാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളില്‍ ഫ്‌ലൈഓവറിന് അനുമതി നല്‍കി. ഈ കവലകളില്‍ ഭൂമിയേറ്റെടുക്കാതെ തന്നെ ഫ്‌ലൈഓവര്‍ നിര്‍മിക്കാമെന്നതു കൊണ്ടാണ് അനുമതി നല്‍കിയത്. നിര്‍മാണത്തിനായി 40കോടി രൂപ അനുവദിച്ചു. വെള്ളയിലില്‍ 400 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടലാക്രമണഭീതിയിലാണ്. പരിഹാരമായി ജലസേചനവകുപ്പ് 8.44കോടി രൂപയുടെ സംരക്ഷണപദ്ധതി നടപ്പാക്കും.

കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കളക്ടറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്. 
ജനസമ്പര്‍ക്കപരിപാടിയില്‍ വരുന്ന പതിനായിരക്കണക്കിനു പരാതികളില്‍ തീര്‍പ്പാകുന്നുവെന്നതുമാത്രമല്ല പ്രസക്തി. പരിപാടിയുടെ അനുഭവത്തിന്റ വെളിച്ചത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിനു പരാതികളില്‍ പരിഹാരമുണ്ടാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരുന്നുവെന്നതാണു നേട്ടം -മുഖ്യമന്ത്രി പറഞ്ഞു.