UDF

2015, ജനുവരി 7, ബുധനാഴ്‌ച

സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു.

സംസ്ഥാന സര്‍ക്കാരിന് ഇനി സ്വന്തം പത്രവും




സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു. ദിനപ്പത്രമാണ് ഉദ്ദേശിക്കുന്നതെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിവാരമായിട്ടാകും പ്രസിദ്ധീകരിക്കുക. ഫിബ്രവരിയില്‍ പത്രവും പോര്‍ട്ടലും നിലവില്‍വരുംവിധമാണ് നടപടി പുരോഗമിക്കുന്നത്. 

'വികസന സമന്വയം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന് ന്യൂസ് പേപ്പര്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെയുണ്ട്. ഈ പേരാകും തത്കാലം ഉപയോഗിക്കുക. പുതിയ പേരുകളും പരിഗണിക്കുന്നു. പേരിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നതിനാലാണ് കൈവശമുള്ള പേര് ഉപയോഗിക്കുന്നത്. keralanews.in എന്നതാണ് പോര്‍ട്ടലിന് പരിഗണിക്കുന്ന പേര്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പത്രവും പോര്‍ട്ടലും തുടങ്ങുന്നത്. ഇതിനുള്ള നടപടികള്‍ക്കായി പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മനോജ്കുമാറിനെ ചുമതലപ്പെടുത്തി. 
സര്‍ക്കാരിന്റെ വികസന വാര്‍ത്തകളും മുതല്‍ക്കൂട്ടാകേണ്ട പദ്ധതികളും മാധ്യമങ്ങളില്‍ വേണ്ടത്ര വരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വരുന്ന വാര്‍ത്തകള്‍ തന്നെ പലപ്പോഴും പല എഡിഷനുകളിലായിപ്പോകുന്നു. ഇതാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പത്രവും പോര്‍ട്ടലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 
വാര്‍ഷിക പദ്ധതിയുടെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങളിലൂടെ ചെലവിടാന്‍ തുടങ്ങിയതോടെ പ്രാദേശികാടിസ്ഥാനത്തില്‍ ധാരാളം വിജയകരമായ വികസന മാതൃകകള്‍ ഉണ്ടാകുന്നുണ്ട്. ഇവയ്ക്ക് പ്രചാരണം നല്‍കും. വിജയഗാഥകള്‍, പുതിയ സംരംഭങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഇടം നല്‍കുകയെന്നതാണ് പത്രത്തിന്റെ പ്രധാന ലക്ഷ്യം.

ജേണലിസം പഠിച്ച ചെറുപ്പക്കാരെ ബ്ലോക്ക് തലത്തില്‍ പ്രാദേശിക ലേഖകരായി നിയമിച്ച്, പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി പ്രതിഫലം നല്‍കാമെന്ന ശുപാര്‍ശയുമുണ്ട്. കുടുംബശ്രീയടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തിലൂടെ പത്രം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ തപാല്‍ വകുപ്പുമായി ധാരണയുണ്ടാക്കി 35 പൈസ നിരക്കില്‍ പോസ്റ്റലായി അയയ്ക്കാനും ഉദ്ദേശിക്കുന്നു. എല്ലാ പഞ്ചായത്തംഗങ്ങള്‍ക്കും പത്രത്തിന്റെ കോപ്പി നിര്‍ബന്ധമായും എത്തിക്കും. അച്ചടി സര്‍ക്കാര്‍ പ്രസ്സിലായിരിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തുനിന്നായിരിക്കും പ്രസിദ്ധീകരണം. 

സര്‍ക്കാര്‍ വകുപ്പിന്റെ പദ്ധതിയായതിനാല്‍ ചുവപ്പുനാട മുറുകുമെന്നതിനാല്‍ പി.ആര്‍. വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സിസ്റ്റം മാനേജ്‌മെന്റ് (പ്രിസം) എന്ന പേരില്‍ സ്വയംഭരണ സ്ഥാപനം രൂപവത്കരിക്കാനും അതിന്റെ കീഴില്‍ പത്രം, വെബ് പോര്‍ട്ടല്‍, വീഡിയോ വിഭാഗം എന്നിവ കൊണ്ടുവരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.