UDF

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്
 
 
തിരുവനന്തപുരം: കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കി. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

ചലച്ചിത്രതാരം മമ്മൂട്ടി പദ്ധതിസമര്‍പ്പണം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, ഷിബുബേബി ജോണ്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും. സുകൃതം പദ്ധതി നടപ്പിലാക്കുന്നതോടെ, ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സറിന് സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

വര്‍ഷം 300 കോടിയോളം രൂപ ചെലവുവരുന്ന സുകൃതം പദ്ധതി സ്വാതന്ത്ര്യദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ ബനവലന്റ് ഫണ്ട്്, കാന്‍സര്‍ സുരക്ഷാ പദ്ധതി, താലോലം, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികളുടെ പരിധിയില്‍ വരാത്തവര്‍ക്കും സുകൃതത്തിന്റെ പ്രയോജനം ലഭിക്കും. 

മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായുള്ള കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വര്‍ഷം അമ്പതിനായിരത്തിലധികം കാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്.