UDF

2014, മാർച്ച് 18, ചൊവ്വാഴ്ച

അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കാനുള്ള അവസരം

അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കാനുള്ള അവസരം
-ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നവരെ ബഹിഷ്‌കരിക്കാനും രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുമുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനഹിതത്തിന് എതിരായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സി.പി.എം ജനങ്ങളില്‍ നിന്ന് അകന്നുകഴിഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താനായി നെട്ടോട്ടമോടേണ്ടി വന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്ഥാനാര്‍ഥികളെ കണ്ടെത്താനായി ഇടതുമുന്നണി ഇത്രയും വിഷമിച്ച സന്ദര്‍ഭം മുമ്പ് ഉണ്ടായിട്ടില്ല. ഒട്ടേറെപ്പേരെ ഒടിച്ചിട്ടുപിടിച്ചാണ് സ്ഥാനാര്‍ഥികളാക്കിയത്. ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇതൊരു അനുഭവപാഠമാകണം. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ തയാറായാല്‍ ജനങ്ങള്‍ ഒപ്പമുണ്ടാകില്ലെന്നറിയണം. ടി.പി. വധക്കേസിലെയും ഷുക്കൂര്‍ വധക്കേസിലെയും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നപ്പോള്‍ കരുതി സി.പി.എം തെറ്റുതിരുത്തുമെന്ന്. പക്ഷേ അതുണ്ടായില്ല. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് താത്പര്യമില്ലാത്ത സമരങ്ങള്‍ നടത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അപഹാസ്യരായി. ജനപ്രിയ പരിപാടികളുമായാണ് കഴിഞ്ഞ പത്തുവര്‍ഷം യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുപോയത്. കേന്ദ്രത്തില്‍ രാഷ്ട്രീയ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ യു.പി.എക്ക് മാത്രമേ കഴിയൂ. കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാരും കേരളത്തില്‍ ജനഹിതം മാനിക്കുന്ന സര്‍ക്കാരുമാണ് വേണ്ടത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനമനഃസാക്ഷിയുടെ അംഗീകാരം കിട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തുമെന്ന് കെ.പി.സി. സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് സി.പി.എമ്മിന് ഖദറിനോട് താത്പര്യം തോന്നിയതില്‍ സന്തോഷമുണ്ടെന്നും സുധീരന്‍ പറഞ്ഞു.