UDF

2014, മാർച്ച് 17, തിങ്കളാഴ്‌ച

മത്സരിക്കുന്നത് ആത്മവിശ്വാസമില്ലാത്ത ഇടതുമുന്നണി

മത്സരിക്കുന്നത് ആത്മവിശ്വാസമില്ലാത്ത ഇടതുമുന്നണി

കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും വിയോജിപ്പു പ്രകടിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കൈകാര്യംചെയ്യും. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം 'നിലപാട് 2014 പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആത്മവിശ്വാസമില്ലാത്ത ഇടതുനേതാക്കള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുകയാണ്. യുഡിഎഫിനെ എതിര്‍ക്കുന്ന ഇടതുമുന്നണിയുടെ നില അവരുടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തന്നെ പ്രതിഫലിക്കുകയാണ്. ജനവികാരംമാനിക്കാന്‍ സിപിഎമ്മിനും, ഇടതുമുന്നണിക്കും സാധിക്കുന്നില്ല. ടിപി വധം സിപിഎമ്മിനുമേല്‍ തീരാകളങ്കമാണ്. പാഠംപഠിക്കാത്ത പാര്‍ട്ടിയുടെ മുഖം ഓരോദിവസവും ജനങ്ങള്‍ക്കുമുന്നില്‍ വികൃതമാകുകയാണ്. കഴിഞ്ഞദിവസം തൃശൂരില്‍ കണ്ടത് ഇതിന്റെ ബാക്കിപത്രമാണ്.

സമുദായനേതാക്കളും വോട്ടവകാശം ഉള്ളവരാണ്. അവര്‍ക്കു തൊട്ടുകൂടായ്മയില്ല. ഇടുക്കി ബിഷപ്പിനെതിരെ വി.ടി. ബല്‍റാം എംഎല്‍എ നികൃഷ്ടജീവി പ്രയോഗം നടത്തുമെന്നു കരുതുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബല്‍റാമിനോടു വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

   ഇടുക്കിയില്‍ മത്സരിക്കുന്നതിനു പി.ടി. തോമസിന് അയോഗ്യതയൊന്നുമില്ല. തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹംതന്നെയാണു സന്നദ്ധത പ്രകടിപ്പിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ഥിയാകുന്നതിനെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഇടുക്കി ബിഷപ് മോശമായി പെരുമാറിയെന്ന് ഒരിടത്തും ഡീന്‍ കുര്യാക്കോസ് പറഞ്ഞിട്ടില്ല. 

ഇടുക്കി സീറ്റ് വേണമെന്നു ചര്‍ച്ചയ്ക്കിടയില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സിറ്റിങ്‌സീറ്റ് വിട്ടു നല്‍കാനുള്ള പ്രായോഗികബുദ്ധിമുട്ടു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴി കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മുന്നണിവിടാന്‍ ഗൗരിയമ്മ മാസങ്ങള്‍ക്കുമുന്‍പു തന്നെ തീരുമാനിച്ചിരുന്നതാണ്. ഇവര്‍ ഇതുസംബന്ധിച്ചു പ്രഖ്യാപനവും നടത്തിയിരുന്നതാണ്. അതിനു തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    മണ്ഡലം മാറണമെന്ന ആഗ്രഹം പി.സി. ചാക്കോ തന്നെ വ്യക്തമാക്കുകയായിരുന്നു. കെ.പി. ധനപാലനും ഇത് അംഗീകരിച്ചു. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. കേരളത്തിനു മാത്രം ഇളവുനല്‍കിയതിനെതിരെയാണ് ഇപ്പോള്‍ രാജ്യമാകെ പ്രചാരണം നടക്കുന്നത്. ഇത് സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.