UDF

2014, മാർച്ച് 1, ശനിയാഴ്‌ച

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും - ഉമ്മന്‍ചാണ്ടി

തൃശ്ശൂര്‍:ശ്രീനാരായണ ഗുരുവിന്റെ കൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഹയര്‍സെക്കന്‍ഡറി, കോളേജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രകൃതിയുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി മലയാള പാഠഭാഗത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 'അനുകമ്പദശകം' ഉള്‍പ്പെടുത്തും. ശ്രീനാരായണ പഠനകേന്ദ്രം കോളേജുകളില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് പദ്ധതി നടപ്പാക്കും. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സമുദായ സൗഹാര്‍ദ്ദത്തിനും പരസ്​പര വിശ്വാസത്തിനും ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എം.പി.മാരായ പി.സി. ചാക്കോ, പി.ടി. തോമസ്, എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, പെരുമ്പടവം ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, മേയര്‍ രാജന്‍ ജെ. പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.