UDF

2012, ജൂലൈ 11, ബുധനാഴ്‌ച

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

 

 


തിരുവനന്തപുരം: വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ഗുണനിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ പൂട്ടാന്‍ തീരുമാനം. വിജയശതമാനം ഉയര്‍ത്താന്‍ പരമാവധി ഒരു വര്‍ഷത്തെ കാലാവധി കോളേജുകള്‍ക്ക് നല്‍കും. തുടര്‍ന്നും ഗുണനിലവാരത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ പൂട്ടാനാണ് തീരുമാനം. 
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ അധികൃതരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും യോഗത്തില്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കെ.എം. ഏബ്രഹാം പിന്നാക്കം നില്‍ക്കുന്ന കോളേജ് മാനേജ്‌മെന്റുകളെ വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം വിശദീകരിക്കും. കോളേജുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ ഗുണനിലവാരം പരിശോധിക്കാന്‍ നിലവിലുള്ള സമിതി തുടര്‍ച്ചയായി വിലയിരുത്തുകയും ചെയ്യും.

നാല്പതുശതമാനത്തില്‍ കുറഞ്ഞ വിജയശതമാനമുള്ള കോളേജുകള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷത്തെ ഫലം രണ്ട് സര്‍വകലാശാലകളിലേത് മാത്രമെ പുറത്തുവന്നിട്ടുള്ളൂ. രണ്ടാഴ്ചയ്ക്കകം എല്ലാ സര്‍വകലാശാലകളിലെയും ഫലം പ്രസിദ്ധീകരിക്കും. ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയശതമാനം കുറഞ്ഞ കോളേജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.