UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മേയ് 31, ഞായറാഴ്‌ച

ഗള്‍ഫ്‌ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ "ഹൃദയ രേഖകള്‍" സഹായകമാകും


പറഞ്ഞു കേട്ട കഥകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയില്‍ ജീവിതം പടുത്തുയര്‍ത്തി, നാടിന്റെ രക്ഷകര്‍ ആയവരാണ്‌ ഗള്‍ഫ്‌ പ്രവാസികളെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുന്നക്കല്‍ മുഹമ്മദലി എഴുതിയ ഹൃദയ രേഖകള്‍ എന്ന പുസ്‌തകത്തിന്റെ കേരളത്തിലെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

യുഎഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എംജി പുഷ്‌പാഗദന് പുസ്തകം സമാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.  ഗള്‍ഫ്‌ മലയാളിയുടെ അര നൂറ്റാണ്ടുകാലത്തെ എല്ലാ രംഗത്തുള്ള സേവന മികവിനെ വിലയിരുത്താന്‍ ഹൃദയ രേഖകള്‍ പോലെയുള്ള പ്രവാസി എഴുത്തുക്കാരുടെ രചനകള്‍ സഹായകമാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവാസിയായി പാര്‍ക്കുന്നവരെ പരസ്പരം കോര്‍ത്തിണക്കുന്നതിനും, വിദേശങ്ങളില്‍ ജനിച്ചുവളരുന്ന യുവതലമുറക്ക് പ്രവാസ ജീവതത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഹൃദയ രേഖകള്‍ പോലെയുള്ള രചനകള്‍ സഹായകമാകും

ആഗസ്ത് 15നകം ഇടുക്കിയിലെ 18,173 പേര്‍ക്ക് പട്ടയം


തൊടുപുഴ: ആഗസ്ത് 15നകം ഇടുക്കി ജില്ലയിലെ 18,173 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ താലൂക്കുകളിലും കളക്ടറേറ്റിലും അപേക്ഷ നല്‍കിയിട്ടുള്ള 1,500 പേരുള്‍പ്പെടെ 9,500 പേര്‍ക്കാണ് പട്ടയം ലഭിക്കുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ 8,673 പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തിയെന്നും വിതരണം ആഗസ്ത് 15നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സപ്തംബര്‍മുതല്‍ ഡിസംബര്‍വരെ നാലുമാസം 2,500 പട്ടയംവീതം വിതരണം ചെയ്യുന്നതിനായി സംയുക്തപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസ് പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റംവരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ഇതോടെ ഈവര്‍ഷം ഏകദേശം 30,000 പേര്‍ക്ക്്് പട്ടയം ലഭിക്കുമെന്നാണ് പ്രഖ്യാപനം. പട്ടയവിതരണം സുഗമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരും പുതിയ സര്‍ക്കാര്‍ ഉത്തരവുകളും നയതീരുമാനങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകണം. ഇവയില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2015, മേയ് 30, ശനിയാഴ്‌ച

അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ സമയത്തുണ്ടാകും


ചെന്നൈ: അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015, മേയ് 29, വെള്ളിയാഴ്‌ച

ഇടതു സമരങ്ങള്‍ പരാജയപ്പെടുന്നു



 കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സര്‍ക്കാരിനെതിരെ ഇടതുമുന്നണി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് ഇടതുമുന്നണി സമരങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന വികസനം ജനങ്ങളിലേക്കെത്തുന്നതിനു തെളിവാണ് സമരങ്ങള്‍ക്കു ജനപിന്തുണ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിശാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


അഭിന്‍ സൂരിയുടെ ആരോഗ്യനില തൃപ്തികരം


ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് എയിംസ് ആസ്​പത്രിയില്‍ കഴിയുന്ന ഡോ. അഭിന്‍ സൂരിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അഭിന്‍ സൂരിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അഭിന്‍ സൂരിക്ക് മികച്ച ചികിത്സ നല്‍കിയ ഡോ. കപില്‍ദേവ് സോനി, ഡോ. സഞ്ജീവ് ഭോയ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അഭിന്‍ സൂരിയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിച്ചു.

2015, മേയ് 27, ബുധനാഴ്‌ച

വിവാദമല്ല, വ്യവസായമാണ് മലബാര്‍ സിമന്റ്‌സില്‍ വളരുന്നത്


പള്ളിപ്പുറം(ചേര്‍ത്തല): വിവാദമല്ല, വ്യവസായമാണ് മലബാര്‍ സിമന്റ്‌സില്‍ വളരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആധുനികവത്കരിച്ച മലബാര്‍ സിമന്റ്‌സിന്റെ പള്ളിപ്പുറത്തെ സിമന്റ് ഗ്രൈന്‍ഡിങ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

മലബാര്‍ സിമന്റ്‌സിന്റേത് നേട്ടത്തിന്റെ ചരിത്രമാണ്. വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും വ്യവസായ വളര്‍ച്ചയില്‍ ഈ സ്ഥാപനം മുന്നിലാണ്. പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് മലബാര്‍ സിമന്റ്‌സാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ ലാഭം 129 കോടിയുണ്ട്.

ലാഭത്തിനൊപ്പം സുതാര്യതയും സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.
ടെന്‍ഡര്‍, മാര്‍ക്കറ്റിങ് എന്നിവയിലെല്ലാം ഇത് പ്രകടമാണ്. സിമന്റ് വിലവര്‍ധനവിനെതിരേയുള്ള പ്രതിരോധം കൂടിയാണീ സ്ഥാപനം. പൊതുവിപണിയില്‍ 10-15 രൂപ വിലകുറച്ച് സിമന്റ് എത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 26, ചൊവ്വാഴ്ച

ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട്; കോട്ടയത്തിന്റെ വികസനത്തിനായി 15 പദ്ധതികള്‍


കോട്ടയത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘കരുതൽ 2015’ ലെ കനത്ത തിരക്കിനിടയിൽ അപേക്ഷ നൽകിയ യുവതിയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

ജില്ലയുടെ സമഗ്രവികസനത്തിനായി 15 ഇന പദ്ധതികള്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്ന ശുചിത്വ കോട്ടയം പദ്ധതി, തരിശു ഭൂമിരഹിത കോട്ടയം പദ്ധതി, സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കുന്ന ഡിസ്‌കവര്‍ കോട്ടയം, ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട് എന്നിവ ഇതില്‍പ്പെടും.

ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള തുകയില്‍ 50 കോടി രൂപ അനുവദിച്ചതായും തുക സപ്ലൈകോ എം.ഡിക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാകും ശുചിത്വ കോട്ടയം പദ്ധതി നടപ്പിലാക്കുക. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ജൂലൈ നാലിന്  ശുചിത്വദീപം തെളിയിച്ച് പദ്ധതിക്ക്് തുടക്കംകുറിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീര്‍ത്ഥാടക രംഗത്തുള്‍പ്പെടെ ടൂറിസം വികസനം ലക്ഷ്യമാക്കി ഡിസ്‌കവര്‍ കോട്ടയം എന്ന പുതിയ പദ്ധതിക്കു തുടക്കംകുറിക്കും. തീര്‍ഥാടക, പൈതൃക, അഗ്രിഫാം, അഡ്വഞ്ചര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. വൈക്കത്തെ പുതിയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കല്‍ തുടങ്ങി തദ്ദേശവാസികളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന സമഗ്ര ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ്  തരിശുരഹിത ഭൂമി  കോട്ടയം പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ്, ആര്‍.കെ.വി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കും. ഈ മൂന്നു പദ്ധതികളും ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ശുചിത്വ കോട്ടയം പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അിറയിച്ചു.

ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങും. ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് (ടെസില്‍) പ്രവര്‍ത്തിച്ചിരുന്ന 11.25 ഏക്കര്‍ സ്ഥലമുള്‍പ്പെടെ 15.75 ഏക്കര്‍ സ്ഥലത്തായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക.

ദേശീയ ഗെയിംസിലൂടെ രാജ്യത്തിനു മാതൃകയായ കേരളത്തിനു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ചു വര്‍ഷത്തിനകം പൂര്‍ണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ നടപ്പാക്കുന്ന ആകാശപ്പാതയുടെ  നിര്‍മാണം ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള പൈപ്പുപൊട്ടല്‍ പ്രശ്‌നം പരിഹരിക്കാന്‍ 24 ത 7 പദ്ധതി തുടങ്ങും. ജല അതോറിട്ടിയില്‍ ഇതിനായി ആവശ്യമായ മുഴുവന്‍ സമയ സൗകര്യമൊരുക്കും.  

മീനച്ചില്‍ ളാലത്ത് 8.3 ഏക്കര്‍ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ വെറ്ററിനറി പോളി ക്ലിനിക്കുകളും ചങ്ങനാശേരിയില്‍ കേരള സാഹിത്യ സാംസ്‌കാരിക കേന്ദ്രവും പൈതൃകമ്യൂസിയവും സ്ഥാപിക്കാന്‍ നടപടിയായതായി മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. കെ. നാരായണക്കുറുപ്പിന് സ്മാരകമായി സ്‌പോര്‍ട്‌സ് സ്‌കൂളും കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഭരണ ബ്ലോക്കും പേവാര്‍ഡും ഫാമിലി വെല്‍ഫെയര്‍ സ്റ്റോറും ഉടന്‍ തുടങ്ങും.

മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. കോട്ടയം- കഞ്ഞിക്കുഴി റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കും. ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ ജംഗ്ഷില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ പഠനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വനംവകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് പമ്പാവാലി- എരുമേലി മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ഉടന്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

ആരോഗ്യരംഗത്തെ പുരോഗതി നിലനിര്‍ത്താന്‍ കഴിയണം


ആരോഗ്യരംഗത്തു സംസ്‌ഥാനം െകെവരിച്ച പുരോഗതി നിലനിര്‍ത്താന്‍ കഴിയണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിംസ്‌ ഗ്രൂപ്പിനു കീഴില്‍ കുടമാളൂരില്‍ നൂതന സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം ആരോഗ്യരംഗവും കേരളത്തിന്‌ രാജ്യാന്തര തലത്തില്‍ പ്രശസ്‌തി നേടിത്തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2015, മേയ് 21, വ്യാഴാഴ്‌ച

കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടും


 കൊച്ചി മെട്രോ കലൂര്‍ മുതല്‍ കാക്കനാട് വരെ നീട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി 2017.16 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവയ്ക്കിടയില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ടാവുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള നിയന്ത്രണത്തിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ എ.ജിയോട് നിയമോപദേശം തേടും.

തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിക്കും. ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്‍ തുറക്കുന്നതിന് ആറു കോടി രൂപ അനുവദിച്ചു. ആലപ്പുഴയിലെ തന്നെ പമ്പിംഗ് സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശികയായ 4.5 കോടി കൊടുക്കാന്‍ തീരുമാനമായി. തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള "ഓപ്പറേഷന്‍ അനന്ത"യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ചെയര്‍മാനും ആരോഗ്യം, റവന്യൂ, പൊതുമരാമത്ത് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. 

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി നിയമസഭ അടുത്ത മാസം എട്ടിന് ചേരണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്കം ഇനിയും ജയിക്കും; തീര്‍ച്ച


 വികസനത്തിന്റെയും കരുതലിന്റെയും വിജയകാഹളവുമായാണ് യു ഡി എഫിന്റെ മൂന്ന് മേഖലാ ജാഥകള്‍ കഴിഞ്ഞദിവസം ആരംഭിച്ചത്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പട്ടികയും പ്രതിപക്ഷ ആരോപണങ്ങളുടെ പൊള്ളത്തരങ്ങളും ജനമനസ്സുകളിലെത്തിക്കുകയാണ് മേഖലാ ജാഥകളുടെ ലക്ഷ്യം.

 യു ഡി എഫ് രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടിയ കാറും കോളും പെട്ടെന്ന് മാഞ്ഞു. തികച്ചും ശാന്തവും പ്രസന്നവുമായ അന്തരീക്ഷത്തിലായിരുന്നു മൂന്നു ജാഥകളുടെയും തുടക്കം. ഐക്യജനാധിപത്യമുന്നണി ശിഥിലമായെന്നും മന്ത്രിസഭ തകര്‍ന്നെന്നും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു യു ഡി എഫിന്റെ പൊടുന്നനെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും ഊര്‍ജ്ജസ്വലമായ തേരോട്ടവും. എല്ലാ തര്‍ക്കങ്ങളോടും വിട ചൊല്ലിക്കൊണ്ടും തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചുകൊണ്ടും അരയും തലയും മുറുക്കി രംഗത്ത് വന്ന അണികളെയാണ് എങ്ങും കാണാനുള്ളത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നാല് പതിറ്റാണ്ടിന്റെ നേട്ടങ്ങളുണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തികഞ്ഞ സംതൃപ്തിയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ് അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയും അഞ്ചാം വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത യു ഡി എഫ് സര്‍ക്കാര്‍ ഒരു ഭരണതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് കച്ചമുറുക്കി അങ്കത്തിനിറങ്ങിയിരിക്കുന്നത്. അധികാരമേറ്റ ആദ്യനാളില്‍ തന്നെ ഒരു രൂപയ്ക്ക് അരി എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കാലതാമസം കൂടാതെ നടപ്പാക്കി യു ഡി എഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിച്ചു. അരി നല്‍കുന്നതില്‍ മാത്രമല്ല നാടിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജയം കൈവരിച്ചു. കൊച്ചി മെട്രോയും, സ്മാര്‍ട്ട്‌സിറ്റിയും വിഴിഞ്ഞം പദ്ധതിയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മികവിന്റെ പൊന്‍തൂവലുകളായി മാറാന്‍ ഇനി മാസങ്ങള്‍ മാത്രം മതി. 

എല്ലാം നശിക്കുകയും നശിപ്പിക്കുകയും ചെയ്ത വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്നും അധികാരം ഏറ്റെടുക്കുമ്പോള്‍ കേരളം ശ്മശാന സമാനമായ അവസ്ഥയിലായിരുന്നു. സി പി എമ്മിനകത്തെ വിഭാഗീയതയുടെ തിക്തഫലങ്ങള്‍ ഏറെയും അനുഭവിച്ചത് കേരളത്തിന്റെ വികസന മേഖലയായിരുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും വ്യവസായ തൊഴിലാളികളും തൊഴിലില്ലാത്ത ദിനങ്ങളുടെ നരകയാതനകള്‍ അനുഭവിച്ച ആ കാലം ആര്‍ക്കും മറക്കാനാവില്ല. കേരളത്തിന്റെ ഉല്‍പാദന- ഉപഭോഗ പ്രത്യേകത കൊണ്ടു മുതല്‍ മുടക്കാന്‍ സന്നദ്ധരായെത്തുന്ന സംരംഭകരെ കുത്തുപാളയെടുപ്പിച്ചു അടിച്ചോടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തൊഴില്‍ നയം അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിച്ചു. 

ഓടിപ്പോയ സംരംഭകരെ തിരികെ കൊണ്ടുവന്നു കേരളത്തിന്റെ വ്യവസായ മേഖല സംരക്ഷിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ച പ്രതിബദ്ധത ഇക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്.  ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെ നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ഏറെ ശ്രദ്ധേയമായി. ചികിത്സാ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്ന പാവങ്ങളെ സഹായിക്കാന്‍ നടപ്പാക്കിയ കാരുണ്യ പദ്ധതി മികച്ച ഫലങ്ങളുളവാക്കുകയും പതിനായിരങ്ങള്‍ക്ക് സാന്ത്വനമാവുകയും ചെയ്തു. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയില്‍ നാല് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ സാധിച്ചത് ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മഹനീയ നേട്ടങ്ങളാണ്. 

വിവാദഭരിതമായിരുന്നുവെങ്കിലും സാമൂഹിക നന്മയെ ലക്ഷ്യം വെച്ചുള്ള മദ്യനയം നടപ്പാക്കിയതും യു ഡി എഫ് സര്‍ക്കാരിന്റെ ശ്ലാഘനീയമായ നടപടിയാണ്. നിര്‍ദ്ദിഷ്ട ഐ ഐ ടി, സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവ യു ഡി എഫിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന ചിഹ്നങ്ങളാണ്. കാര്‍ഷിക മേഖലകളിലും ഉണര്‍വിന്റെ നാളുകളാണ് യു ഡി എഫ് സമ്മാനിച്ചത്. ഏത് മുന്നണിയില്‍ ആര് ആഭ്യന്തര വകുപ്പ് മന്ത്രിയായാലും കുരിശേന്തുന്നതിന് തുല്യമായിരുന്നത്. കല്ലേറേല്‍ക്കാത്ത ഒരു പൊലീസ് മന്ത്രിയും കേരളത്തിലുണ്ടായിട്ടില്ല. സശ്രദ്ധവും സുരക്ഷിതവുമായ പൊലീസ് നയത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ മുക്തകണ്ഠ പ്രശംസ പിടിച്ചെടുത്തു. വിജിലന്റ് കേരള, ഓപ്പറേഷന്‍ സുരക്ഷ, സ്ത്രീ സുരക്ഷ, ഓപ്പറേഷന്‍ കുബേര, ലഹരി മുക്ത വിദ്യാലയം തുടങ്ങിയ ആഭ്യന്തരവകുപ്പിന്റെ ഭാവനാ പൂര്‍ണമായ പദ്ധതികള്‍ പൊലീസിന് ഒരു സാമൂഹിക പ്രതിബദ്ധതാ പരിവേഷം സൃഷ്ടിച്ചു. 

എണ്ണിപ്പറയാന്‍ നേട്ടങ്ങള്‍ ഇനിയുമുണ്ട്. പിന്നിട്ട നാളുകളിലെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ ഊര്‍ജ്ജമാക്കിക്കൊണ്ട് വരാനിരിക്കുന്ന ഒരു വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് ജനങ്ങളുടെ അംഗീകാരത്തിനും അനുഗ്രഹത്തിനും വേണ്ടി കൈനീട്ടുകയാണ്. അനാവശ്യമായ വിവാദങ്ങളെയും ആരോപണങ്ങളെയും ജനസമക്ഷം തുറന്നുകാട്ടി യഥാര്‍ത്ഥ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാനും ജനങ്ങളെ ബോധ്യപ്പെടുത്താനും സാധിച്ചാല്‍ യു ഡി എഫ് ഒന്നല്ല; നിരവധി അങ്കങ്ങള്‍ ഇനിയും ജയിക്കും തീര്‍ച്ച.