UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, നവംബർ 20, വ്യാഴാഴ്‌ച

വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടി

വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി. കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായി ഉമ്മന്‍ചണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍േറതാണ് തീരുമാനം.

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും –മുഖ്യമന്ത്രി



512 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു


തിരുവനന്തപുരം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ തിരികെ എത്തിച്ചതുകൊണ്ട് മാത്രം സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം അവസാനിക്കുന്നില്ളെന്നും അവര്‍ക്ക് സാമൂഹിക, സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ വിദേശമലയാളികളുടെ സഹകരണത്തോടെ കുറേപ്പേര്‍ക്ക് തൊഴില്‍നല്‍കി. വിദേശജോലിക്കായി നൈപുണ്യം നല്‍കാനുള്ള മാര്‍ഗങ്ങള്‍ പുരോഗമിക്കുകയാണ്. കടക്കെണിയില്‍പെട്ട് വീടുംകുടുംബവും നഷ്ടപ്പെടുന്ന ദുരവസ്ഥ ആര്‍ക്കും വരില്ല. ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഷപ് പെരേര ഹാളില്‍ നടന്ന ചടങ്ങില്‍ പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക സി.ഇ.ഒ സുദീപ്, ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗള്‍ഫിലെ നഴ്സിങ് പ്രവേശപരീക്ഷക്ക് വേണ്ട തയാറെടുപ്പുകള്‍ നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

പരീക്ഷ പാസാകാന്‍ വേണ്ട മാനസിക, അക്കാദമിക് പരിശീലനമാണ് നല്‍കുക. വ്യക്തിഗത അഭിമുഖത്തിലൂടെ നഴ്സുമാരെ തരംതിരിക്കും. അക്കാദമിക മികവിന്‍െറ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വിവിധ ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ 512 നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ 450ഓളം പേരെ ഇന്ത്യയിലും വിദേശത്തുമായി നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി.യു.എ.ഇ യിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍.എം.സി ഗ്രൂപ്, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ പ്രതിനിധികളാണ് അഭിമുഖത്തിനായി എത്തിയത്.

നഴ്സുമാരുടെ നൂറിലേറെ ഒഴിവുകളാണ് അല്‍ അഹല്യ ഗ്രൂപ്പിന്‍െറ ആശുപത്രികളിലുള്ളത്. 220 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേരരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് 80 പേരെയും അല്‍-അബീര്‍, യൂനിവേഴ്സല്‍ ഗ്രൂപ്പുകളിലേക്ക് 100 പേരെ വീതവുമാണ് പരിഗണിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിലായിരിക്കും അഭിമുഖം.

യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍


യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍- മുഖ്യമന്ത്രി





തിരുവനന്തപുരം: യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവസംരംഭകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും തടസ്സങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എന്റര്‍പ്രണേഴ്‌സ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംരംഭകര്‍ കേരളത്തിന്റെ മണ്ണില്‍ വിജയം നേടണം. ഇതിനായി ഇവര്‍ക്ക് ആവശ്യമുള്ള സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കും. പ്രതികൂല സാഹചര്യം അതിജീവിച്ചാണ് പലരും വിജയം നേടുന്നത്. നമ്മുടെ യുവാക്കള്‍ മറുനാട്ടില്‍ പോയാണ് ജീവിക്കുന്നത്. ഇവരെ ഇവിടെത്തന്നെ നിലനിര്‍ത്തണം- അദ്ദേഹം പറഞ്ഞു.


മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം


മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം - മുഖ്യമന്ത്രി





തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളും രോഗികളുടെ ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടുതലായുള്ള ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ സെക്രട്ടറി കെ. ഇളങ്കോവനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശിച്ചു.

എറണാകുളം കാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക പദ്ധതിപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ 145 പേര്‍ ഉള്‍െപ്പടെ ഇരുനൂറിലധികം രോഗികള്‍ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയതായും യോഗം വിലയിരുത്തി.

2014, നവംബർ 10, തിങ്കളാഴ്‌ച

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം -മുഖ്യമന്ത്രി

 

കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ചാവറ സ്‌കൂള്‍ ഓഫ് തോട്ടിന്റെ ഉദ്ഘാടനം കോട്ടയത്തെ ദര്‍ശന കള്‍ച്ചറല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ആരാധനാലയങ്ങളോടു ചേര്‍ന്ന് വിദ്യാലയങ്ങളും കലാകേന്ദ്രങ്ങളും വേണമെന്ന ആശയം ചാവറയച്ചന്‍ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് സ്ഥാപിതമായ വിദ്യാലയങ്ങള്‍ പതിനായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം നല്‍കുന്നു. സമുദായത്തിനു മാത്രമല്ല സമൂഹത്തിനാകെ പ്രയോജനപ്പെട്ട സേവനമായിരുന്നു അദ്ദേഹത്തിേന്റതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

 

സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിച്ചു. ഫാ. സെഡ്.എം. മൂഴൂര്‍ ചാവറയച്ചനെക്കുറിച്ച് രചിച്ച പുസ്തകങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ്ജ് ഇടയാടിയില്‍ ആമുഖപ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി. അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

 

പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ചാവറ അനുസ്മരണ പ്രഭാഷണവും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി ഫാ. സെഡ്.എം.മൂഴൂര്‍ അനുസ്മരണപ്രഭാഷണവും നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍ ആശംസ നേര്‍ന്നു. 

2014, നവംബർ 7, വെള്ളിയാഴ്‌ച

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും - മുഖ്യമന്ത്രി

 

 

തൃശ്ശൂര്‍: എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ പൂത്തോളില്‍ സൈനിക ക്ഷേമ വകുപ്പ് നിര്‍മ്മിച്ച സൈനിക വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇപ്പോള്‍ വിശ്രമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉടന്‍ പൂര്‍ത്തിയാക്കും. മറ്റു ജില്ലകളിലും സമീപഭാവിയില്‍ തന്നെ വിശ്രമകേന്ദ്രങ്ങള്‍ പണിയും. സൈനികരുടെയും വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പുനരധിവാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

വയോധികരായ മുന്‍ സൈനികരെയും യുദ്ധവിധവകളെയും മുഖ്യമന്ത്രി ആദരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവില്‍ദാര്‍ ഇ.കെ. ഈനാശുവിന്റെ ഭാര്യ ഷിജി, അന്തരിച്ച ഹവില്‍ദാര്‍ സി.കെ. ബാലകൃഷ്ണന്റെ ഭാര്യ രത്‌നവല്ലി എന്നിവരെയും മേജര്‍ ജനറല്‍ ഡോ. എം.എന്‍. ഗോപിനാഥന്‍ നായര്‍, കേണല്‍ ബി.ജെ. അക്കര, കേണല്‍ എം. രവീന്ദ്രനാഥ്, നായിക് സുബൈദാര്‍ എം.എ. വില്‍സണ്‍, കരസേന സാച്ചര്‍ ലോനക്കുട്ടി, എന്‍.സി (ഇ) കെ.എ. ഡേവിഡ് എന്നിവരെയുമാണ് ആദരിച്ചത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു.
 

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 


തിരൂര്‍: വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശപാതയുടെ ഒന്നാംഘട്ടമായി ആശാന്‍പടി മുതല്‍ പറവണ്ണ വരെയുള്ള 4.50 കി.മീ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും.

മംഗലം പഞ്ചായത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ റോഡുമുതല്‍ ഒട്ടുംപുറം വരെയുള്ള 19 കി.മീ റോഡ് നിര്‍മാണത്തിന് ഇതിനകം 117 കോടി രൂപ ഭരണാനുമതി നല്‍കിയിട്ടുണ്ട്. വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് 2000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് 30 കി.മീ ദൂരം കുറയും.

നിലവില്‍ ഉദ്ഘാടനംചെയ്യുന്ന റോഡ് ഒരുവര്‍ഷവും ആറുമാസവുമെടുത്താണ് നിര്‍മിച്ചത്. റോഡ് നിര്‍മാണത്തിന് വെട്ടിമാറ്റിയ മരങ്ങള്‍ക്കുപകരം 600 മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. റോഡ്‌സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ്‌സുരക്ഷാ ഫര്‍ണിച്ചറുകള്‍, റെയ്‌സ്ഡ് സീബ്രാക്രോസിങ്, ഭാവിയില്‍ ആവശ്യമായിവരുന്ന സര്‍വീസ് ക്രോസിങ്ങിനുവേണ്ടി യൂട്ടിലിറ്റി ഡക്ടുകള്‍ എന്നിവനിര്‍മിച്ചിട്ടുണ്ട്. ഇതുകാരണം പൈപ്പുകളും കേബിളുകളും ഇടാന്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടതില്ല. 10 മീറ്റര്‍ നീളത്തിലുള്ള റോഡില്‍ ടൈല്‍ വിരിച്ച നടപ്പാതകളുണ്ട്. ബസ്‌ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരദേശത്തെ വ്യവസായ വാണിജ്യ ടൂറിസം വികസനത്തിനും മത്സ്യബന്ധനമേഖലയുടെ സമഗ്രവികസനത്തിനും തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ ആക്കംകൂട്ടും.

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സുകൃതം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ പ്രയോജനം സമൂഹത്തിലെ പരമാവധിപേര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപി.എല്‍ കാര്‍ഡുള്ളവര്‍, ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയിലുള്‍പ്പെട്ടവര്‍, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലും എത്തുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സുകൃതം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. 

അതേ സമയം കാര്‍ഡില്ലാത്തവരുള്‍പ്പെടെ ബി.പി.എല്‍. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയും പദ്ധതിയുടെ പരിധിയിലുള്‍പ്പെടും. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുന്ന കാന്‍സര്‍ സെന്ററുകള്‍.

സംസ്ഥാനത്തെ ജനസംഖ്യയുടെ 47 ശതമാനത്തോളം പേര്‍ക്ക് ഇത്തരത്തില്‍ പദ്ധതി പ്രയോജനം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പാചകവാതകം: മിന്നല്‍ സമരങ്ങള്‍ നിര്‍ത്തണം

പാചകവാതകം: മിന്നല്‍ സമരങ്ങള്‍ നിര്‍ത്തണം-മുഖ്യമന്ത്രി

തിരുവനന്തപുരം: പാചകവാതകത്തിന്റെ ഉത്പാദന-വിതരണ രംഗങ്ങളിലെ മിന്നല്‍ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.ഇതൊഴിവാക്കാന്‍ മാനേജ്‌മെന്റുകളും തൊഴിലാളികളും നടപടി കൈക്കൊള്ളണമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം ആവശ്യപ്പെട്ടു.
പാചകവാതകം ഉപയോഗിക്കാത്ത വീടുകള്‍ ഇപ്പോള്‍ കുറവാണ്. അതുകൊണ്ട് ഇത്തരം സമരങ്ങള്‍ എല്ലാവരെയും ബാധിക്കുന്നു. ഈ രംഗത്ത് ഇടയ്ക്കിടെ സമരമെന്ന സ്ഥിതിയാണുള്ളത്. അത് ഒഴിവാക്കുക തന്നെ വേണം-അദ്ദേഹംപറഞ്ഞു.

മദ്യം: ഓര്‍ഡിനന്‍സിന്റെ കരട് ഗവര്‍ണര്‍ക്കയച്ചു
മദ്യത്തിന്റെ നികുതി കൂട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന്റെ കരട് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മദ്യരഹിത ഞായറാഴ്ചകള്‍ വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നുവെന്ന അഭിപ്രായങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോള്‍ കോടതിവിധി വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആരോഗ്യരംഗത്തെ നിരക്ക് വര്‍ധന പരിശോധിക്കും
ആശുപത്രികളിലെ ഫീസ് വര്‍ധന ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഈ വര്‍ധന വേണ്ടെന്നുെവയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ല.
 

പോലീസ് സര്‍വകലാശാല: ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

പോലീസ് സര്‍വകലാശാല: ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സസ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസസ് സംബന്ധിച്ച ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നുപ്‌സാസിന്റെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, അടൂര്‍പ്രകാശ്, മഞ്ഞളാംകുഴി അലി, എ.പി.അനില്‍കുമാര്‍, പി.കെ.ജയലക്ഷ്മി, വി.കെ.ഇബ്രാഹിം കുഞ്ഞ്, പി.ജെ.ജോസഫ് എന്നിവരും കെ.എസ്.എച്ച്.ഇ.സി. വൈസ്‌ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍, പ്രൊഫ.എന്‍.ആര്‍.മാധവമേനോന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ.പി.അന്‍വര്‍ എന്നിവരും പങ്കെടുത്തു.