UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു; കീര്‍ത്തന തിങ്കളാഴ്ച കോഴിക്കോട് എന്‍.ഐ.ടി. യില്‍ പഠിക്കാന്‍ ചേരും. 

തിരുവനന്തപുരം സ്വദേശിനിയായ കീര്‍ത്തന ബിരുദാനന്തര ബിരുദത്തിന് ദേശീയതലത്തില്‍ നടത്തിയ പരീക്ഷയില്‍ ആറാം റാങ്കോടെയാണ് ഒ.ബി.സി. വിഭാഗത്തില്‍ പാസായത്. തുടര്‍ന്ന് ജൂണ്‍ 25ന് പ്രവേശനത്തിന് കോഴിക്കോട് എന്‍.ഐ.ടി. യില്‍ ചെന്നു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ആറുമാസ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കോളജ് അധികൃതര്‍ പ്രവേശനം നല്‍കാതെ മടക്കി. 
അന്ന് നാലുമണിയ്ക്കകം പുതിയ ജാതി സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്തുനിന്ന് ഫാക്‌സ് ചെയ്ത് ഹാജരാക്കാമെന്നുപറഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ നിരസിച്ചു. തുടര്‍ന്ന് കീര്‍ത്തന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോഴിക്കോട് എന്‍.ഐ.ടി. അധികൃതരോട് ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അവര്‍ പ്രവേശനം നല്‍കാന്‍ തയാറായില്ല. ജൂലായ് 24ന് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ചകളില്‍ കീര്‍ത്തനയുടെ കാര്യവും അവതരിപ്പിച്ചു. 

തുടര്‍ന്ന് ആഗസ്ത് ഒന്നാം തീയതി കേന്ദ്രമന്ത്രാലയത്തില്‍ നിന്ന് എന്‍.ഐ.ടി കളുടെ കൗണ്‍സില്‍ അധ്യക്ഷന്‍ കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ കീര്‍ത്തനയ്ക്ക് സൂപ്പര്‍ ന്യൂമററിയായി ഒരു സീറ്റ് സൃഷ്ടിച്ച് ഒ.ബി.സി. (നോണ്‍-ക്രീമിലെയര്‍) വിഭാഗത്തില്‍ എം.എസ്സി. ഫിസിക്‌സിന് പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കി. 

ഇത് ഒരു ഒറ്റത്തവണ നടപടിയാണെന്നും കീഴ്വഴക്കമായി കാണരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 
എ.ആര്‍.ക്യാമ്പിലെ സ്വീപ്പറാണ് കീര്‍ത്തനയുടെ അമ്മ. അച്ഛന്‍ നേരത്തെ മരിച്ചു. സഹോദരന്‍ ഇപ്പോള്‍ എം.ബി.എ. പഠനം പൂര്‍ത്തിയാക്കി. 
 

കപ്പലില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷിക്കും

കപ്പലില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷിക്കും- മുഖ്യമന്ത്രി

കോഴിക്കോട്: ദുബായില്‍ നങ്കൂരമിട്ട കപ്പലില്‍ മാസങ്ങളോളമായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാറിനെ ശനിയാഴ്ച രാത്രി മുഖ്യമന്ത്രി അറിയിച്ചതാണിത്.

ഇന്ത്യയില്‍ നിന്ന് ദുബായ് ഡ്രൈഡോക്കിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ചരക്കുകപ്പലുകളായ മഹര്‍ഷി ദേവത്രയ, മഹര്‍ഷി ഭാവത്രയ എന്നിവയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ വാര്‍ത്ത ശനിയാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. സംഭവം അഡ്വ. പ്രവീണ്‍കുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍, കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് കപ്പലില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള വഴി തുറന്നത്. ഇതുസംബന്ധിച്ച് സുഷമാസ്വരാജ് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ: തിങ്കളാഴ്ച പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി

നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ: തിങ്കളാഴ്ച പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥയെക്കുറിച്ച് പഠിക്കാനും പരിഹാരനടപടികളെക്കുറിച്ച് ആലോചിക്കാനുമായി ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഡി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ധൈര്യപൂര്‍വം തീരുമാനങ്ങളെടുക്കാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പാരിസ്ഥിതികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് കൂടുതല്‍. ആദിവാസിമേഖലയായ അട്ടപ്പാടിയില്‍ രണ്ട് മാസത്തിനുള്ളില്‍ പൊതുജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് സന്ദര്‍ശിച്ച ആദിവാസിസംഘടനാപ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു. 
പാര്‍ട്ടിയും ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജില്ലാ നിര്‍വാഹകസമിതി യോഗം സഹായകമാവുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അടിത്തട്ടില്‍ പാര്‍ട്ടി ജനങ്ങളുമായി അകലുന്നതാണ് തിരഞ്ഞെടുപ്പുകളിലെ മങ്ങിയ പ്രകടനങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് ജില്ലകളിലും ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഇതില്‍ പങ്കെടുക്കാനാവുംവിധമാണ് തീയതി നിശ്ചയിക്കുക. ഭരണപരമായ വീഴ്ചകളും പരാതികളും മാത്രമാവും ഇത്തരം യോഗങ്ങളില്‍ ചര്‍ച്ചചെയ്യുക. പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും -മുഖ്യമന്ത്രി

ഒരു മന്ത്രിയെ മാത്രം കുറ്റപ്പെടുത്തരുത്

തൃശ്ശൂര്‍: അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കും ക്യാബിനറ്റിനുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്തരവാദിത്വം ഏതെങ്കിലും ഒരു മന്ത്രിക്കു മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനഗവേഷണകേന്ദ്രത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പ്ലസ്ടു വിഷയത്തില്‍ തെറ്റുകള്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കണം. നല്ല ഒരു പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ ശ്രമം വിജയിച്ചാല്‍ എല്ലാ ഹൈസ്‌കൂളുകള്‍ക്കും പ്ലസ്ടു നല്‍കുന്ന കാര്യം ആലോചിക്കും -മുഖ്യമന്ത്രി പറഞ്ഞു.
 
രാഷ്ട്രപിതാവിനെ അപമാനിക്കുന്നതോ വിലകുറച്ചുകാണുന്നതോ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുന്ധതിറോയിക്കെതിരെ കേസ് എടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു എതെങ്കിലും വ്യക്തിയുടേതോ രാഷ്ട്രീയ പാര്‍ട്ടിയുെടയോ പ്രശ്‌നമല്ല. രാജ്യത്തിന്റെ നിലപാടാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വര്‍ഷക്കാലക്കെടുതികള്‍ നേരിടാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കളക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. സൗജന്യ റേഷന്‍ നല്‍കുന്നത് ആലോചിക്കും- മുഖ്യമന്ത്രി അറിയിച്ചു.
 

കുട്ടിപ്പോലീസിന് മുഖ്യന്റെ പിറന്നാള്‍മധുരം

കുട്ടിപ്പോലീസിന് മുഖ്യന്റെ പിറന്നാള്‍മധുരം

തൃശ്ശൂര്‍: കുട്ടിപ്പോലീസ് സേനയ്ക്ക് പിറന്നാള്‍മധുരം നല്‍കാന്‍ മുഖ്യമന്ത്രി തന്നെ എത്തി. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും നല്ല സ്റ്റുഡന്റ് പോലീസ് യൂണിറ്റായ പീച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിറന്നാള്‍ കേക്ക് മുറിച്ചത്. എസ്.പി.സി. സിറ്റിയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമായിരുന്നു ചടങ്ങ്.

പിറന്നാള്‍മധുരം എസ്.പി.സി. കേഡറ്റുകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ബാന്‍ഡ്വാദ്യങ്ങളും മറ്റും ഒരുക്കിയായിരുന്നു വിദ്യാര്‍ത്ഥികള്‍ മുഖ്യനെ സ്വീകരിച്ചത്. മികച്ച എസ്.പി.സി. യൂണിറ്റിനുള്ള സമ്മാനദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കമ്മീഷണര്‍ പി. പ്രകാശ്, എസ്.പി.സി.ഐ. നോഡല്‍ ഓഫീസര്‍ ആരിഫ് മുഹമ്മദ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. എം.പി. വിന്‍സെന്റ് എം.എല്‍.എ. അധ്യക്ഷനായി.

പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണം

പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണം-മുഖ്യമന്ത്രി

 

 

തൃശ്ശൂര്‍: പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണങ്ങളിലും സര്‍ക്കാര്‍ നിലപാട് ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീച്ചി വനഗവേഷണകേന്ദ്രത്തില്‍ ഡിജിറ്റല്‍ ലൈബ്രറി, ഹോസ്റ്റല്‍, ക്യാറ്റ് അറ്റ് സ്‌കൂള്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തീരദേശനിയന്ത്രണങ്ങള്‍മൂലം വീടിന്റെ അറ്റകുറ്റപ്പണികള്‍പോലും നടത്താന്‍ സാധിക്കാത്ത നിലയിലാണ് തീരദേശവാസികള്‍. വനത്തോടു ചേര്‍ന്ന കൃഷിസ്ഥലങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണിപ്പോള്‍.

തിരുവനന്തപുരത്തെ ജവാഹര്‍ലാല്‍നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. 

വനഗവേഷണകേന്ദ്രത്തിന്റെ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ വിജയിച്ചോ എന്ന കാര്യം സംശയമാണ്. ഇവിടത്തെ ഗവേഷണസൗകര്യങ്ങള്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല. ഗവേഷണത്തിനായി മറ്റുപല സ്ഥലങ്ങളിലും പോകുന്ന സ്ഥിതിയും ഉണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടുവിന് ഇനിയും ബാച്ചുകള്‍ അനുവദിക്കാന്‍ തത്കാലം ആലോചനയില്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുവദിച്ചത് കൂടുതലായെന്നതിനോടൊപ്പം ഇനിയും വേണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കോഴയുണ്ടെങ്കില്‍ അതിനുള്ള തെളിവ് കൊണ്ടുവരികയാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴയ്‌ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം എന്തെല്ലാമാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സോളാര്‍ വിവാദം ഉണ്ടായി. പക്ഷേ ഇതിന് കമ്മീഷനെ നിയോഗിച്ചപ്പോള്‍ തെളിവ് നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. പ്ലസ്ടു കോഴ്‌സ് അനുവദിച്ചതിലും വിവാദം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പക്ഷേ അഴിമതി നടത്താന്‍ ആരെങ്കിലും ആഗ്രഹിച്ചാലും അത് നടക്കില്ലെന്ന് ഉറപ്പാക്കുന്ന പാക്കേജാണ് പ്ലസ് ടുവിന് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഗസ്റ്റ് അധ്യാപകരെ നിയോഗിച്ചും അധ്യാപക ബാങ്കില്‍ നിന്ന് അധ്യാപകരെ കണ്ടെത്തിയുമാണ് ഈ പാക്കേജ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം അപേക്ഷിച്ച എല്ലാ പ്ലസ് ടു ബാച്ചുകളും അനുവദിച്ചിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍െവച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ അഴിമതിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു. തിരുവനന്തപുരത്തെ പ്രശസ്തമായ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷ പോലും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ ഇതിനകം തന്നെ 14 ബാച്ചുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തു കുട്ടികളില്‍ താഴെ എണ്ണം വിദ്യാര്‍ത്ഥികളുള്ള വിദ്യാലയങ്ങള്‍ അടുത്ത വര്‍ഷം മതിയാക്കണമെന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടുംബശ്രീയുടെ ക്രഡിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള സ്ഥലം കൂടിയാണ് കുടുംബശ്രീ. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഓരോ രൂപയും കുടുംബത്തിന്റെ നന്മക്കായാണ് വിനിയോഗിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കുടുംബശ്രീക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ കുടുംബശ്രീയുടെ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ചവര്‍ക്കുള്ള ഡെത്ത് ക്ലെയിം മന്ത്രി കെ.എം. മാണി വിതരണം ചെയ്തു. കുടുംബശ്രീ രജിസ്‌ട്രേഷന് ഈടാക്കുന്ന പിഴ ഉപേക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ വാര്‍ഷികം നടത്തുന്നതിന് ആവശ്യമായ തുക നല്‍കും. സ്ത്രീകള്‍ പണം ചെലവഴിക്കുന്നത് ചുരുക്കാനും സമ്പാദ്യശീലം വളര്‍ത്താനും കുടുംബശ്രീ സഹായിച്ചു. കുടുംബശ്രീയുടെ ഫണ്ട് ചെലവഴിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.കെ. മുനീര്‍ സ്ത്രീ സുരക്ഷാ ബീമാ യോജന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. 

2014, ജൂലൈ 30, ബുധനാഴ്‌ച

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

 

നിയമ പ്രശ്‌നങ്ങളില്ലാത്ത ഭൂമി ഒഴിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം

കൊച്ചി: മൂന്നാറില്‍ ഒഴിപ്പിച്ച ഭൂമി വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിവ്യൂ ഹര്‍ജിയോ അപ്പീലോ എന്നിവയിലൊന്നിന്റെ സാധുത ആരായും. വിധി പ്രതികൂലമായ സാഹചര്യത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ കോടതിയുടെ സ്റ്റേയോ മറ്റ് നിയമ പ്രശ്‌നങ്ങളോ ഇല്ലാത്ത കൈയേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ പ്രശ്‌നങ്ങളുള്ള ഭൂമിയില്‍ സ്റ്റേയും മറ്റും നീക്കുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ചും കൈയേറ്റങ്ങള്‍ സംബന്ധിച്ചും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈയേറ്റ ഭൂമികള്‍ ഒഴിപ്പിക്കുന്ന കേസുകളില്‍ സര്‍ക്കാറിന് പോരായ്മ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ തോറ്റ കേസുകളില്‍ ഇപ്പോള്‍ ജയിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിധി അനുകൂലമാകുമ്പോള്‍ കോടതിയെ അനുകൂലിക്കുകയും എതിരാകുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ് നയമല്ല. വിധി സര്‍ക്കാറിന് അസൗകര്യമുണ്ടാക്കുന്നതാണ്. എന്നാല്‍ ജഡ്ജിയെ വിമര്‍ശിക്കാന്‍ ഒരുക്കമല്ല. എട്ട് മാസം മുമ്പ് വാദം കേട്ട കേസ് സ്ഥാനമാറ്റത്തിനു മുമ്പ് തീര്‍പ്പുകല്പിക്കാന്‍ ജഡ്ജി തീരുമാനിച്ചത് കടമയായി കാണണം. ജഡ്ജിയെ വിമര്‍ശിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ ഭൂമിയിലെ കെട്ടിടങ്ങള്‍ സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നും അത് പൊളിച്ചുനീക്കാതെ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാമായിരുന്നുവെന്നും യോഗത്തിനു ശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ 13 ഏക്കര്‍ ഭൂമി ഇ.എഫ്.എല്‍. പരിധിയില്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശും പറഞ്ഞു.

ഇടുക്കി ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗോപിനാഥ് വള്ളിയില്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. സുരേന്ദ്രന്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, നിയമ സെക്രട്ടറി രാമരാജ പ്രേമ പ്രസാദ്, സ്‌പെഷല്‍ ഗവ. പ്ലീഡര്‍മാരായ സുശീല ഭട്ട്, സോയൂസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 
 

മാര്‍ട്ടിനെ കേരളത്തിന് പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

മാര്‍ട്ടിനെ കേരളത്തിന് പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ പേപ്പര്‍ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 

കഴിഞ്ഞ മൂന്നു വര്‍ഷം അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയ മാര്‍ട്ടിനെ പുറത്തു തന്നെ നിര്‍ത്തുന്ന തരത്തിലുള്ള നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇപ്പോഴത്തെ സുപ്രീം കോടതി വിധി കേന്ദ്ര നിയമത്തിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ളതാണ്. വിധി കൂടുതല്‍ പഠിച്ച ശേഷം നിയമപരമായ ഇടപെടലുകളും അതിന് ശേഷം കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണപരമായ നിലപാടും സര്‍ക്കാര്‍ എടുക്കും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം വ്യക്തമാക്കി. 

 

പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ച തീരുമാനവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നതുകൊണ്ടാണ് ഇതുവരെ ഉത്തരവ് ഇറക്കാത്തത്. പ്ലസ് ടു വിഷയത്തില്‍ അഴിമതി ആരോപിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അഴിമതിയുണ്ടെങ്കില്‍ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. 

 

ദേശീയ ചുഴലിക്കാറ്റ് ദുരന്ത പ്രതിരോധ പദ്ധതി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളില്‍ക്കൂടി നടപ്പിലാക്കാനും, സര്‍ക്കാര്‍ കോളേജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളേജ് തുടങ്ങുക എന്ന പദ്ധതി പ്രകാരം ഒല്ലൂരില്‍ സര്‍ക്കാര്‍ കോളേജ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.