UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016 ഏപ്രിൽ 20, ബുധനാഴ്‌ച

അമിത ആത്മവിശ്വാസം വെടിഞ്ഞ് ഒന്നിച്ച് പ്രവർത്തിക്കണം


അമിത ആത്മവിശ്വാസം വെടിഞ്ഞ് പ്രവർത്തകർ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫ് ഭരിച്ചപ്പോൾ ലോട്ടറിയുടെ പണം സാന്റിയാഗോ മാർട്ടിൻ കൊണ്ടുപോയെങ്കിൽ യുഡിഎഫ് ഭരണകാലത്ത് കാരുണ്യപദ്ധതിയിലൂടെ പാവപ്പെട്ടവരെ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ട് വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തമിഴകത്തിന്റെ താരരാജാവ് എംജിആറിന്റെ ജന്മനാടായ വടവന്നൂരിലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് കൺവൻഷൻ‌. നെന്മാറ മണ്ഡലത്തിലെ സ്ഥാനാർഥി എവി ഗോപിനാഥിന് വേണ്ടി മുഖ്യമന്ത്രിയുടെ വോട്ട് അഭ്യർഥന.

ചിറ്റൂരിൽ കെ അച്യുതനുവേണ്ടിയും മലമ്പുഴയിൽ വിഎസ് ജോയിക്കുവേണ്ടിയും മുഖ്യമന്ത്രിയെത്തി. പിന്നീട് പാലക്കാട് നഗരത്തിലെ വോട്ടർമാരോട്. അമിത ആത്മവിശ്വാസം പാടില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ യോഗത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ.

2016 ഏപ്രിൽ 13, ബുധനാഴ്‌ച

കൂത്തുപറമ്പ് രക്തസാക്ഷികളോട് ഇനിയെന്ത് പറയും


കേരള നിയമസഭയെ ദീർഘകാലം തൊട്ടടുത്തു നിന്നു കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാൻ. നിയമസഭയിൽ എത്രയെത്ര സംഭവങ്ങൾ. എന്നാൽ എന്നെ ഏറ്റവുംവേദനിപ്പിച്ചത് എം വി രാഘവനെ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയ ദാരുണ രംഗമാണ്.

1987ൽ നായനാർ സർക്കാർ ഭരണമേറ്റ് മൂന്നു മാസത്തിനകമായിരുന്നു എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിലെ തിരഞ്ഞെടുപ്പ്. സിപിഐ(എം) കള്ള ഷെയർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കള്ളവോട്ട് നടത്തി ആശുപത്രി ഭരണം പിടിച്ചെടുത്തു. ആശുപത്രി ഭരണസമിതിയുടെ പ്രസിഡന്റായ എം വിആറിനുപോലും വോട്ടുചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നു. വോട്ടുചെയ്യാനെത്തിയ അദ്ദേഹത്തെ പോളിങ് സ്റ്റേഷനിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി മർദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു.

ആശുപത്രി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് 1987 ജൂലായ് ഒന്നിന് എം വി രാഘവൻ ഉന്നയിച്ച സബ്മിഷനാണ് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങൾക്ക് ഇടയാക്കിയത്. സഹകരണവകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ വകുപ്പിലെ അഴിമതി സംബന്ധിച്ച സബ്മിഷന് തെറ്റായ മറുപടി നൽകുകയാണെന്ന് എം വിരാഘവൻ പറഞ്ഞു. 

തുടർന്ന് അദ്ദേഹം ആശുപത്രിയുടെ കള്ളഷെയർ സർട്ടിഫിക്കറ്റുകൾ ഇതാ എന്നു പറഞ്ഞ് ചില കടലാസുകളുമായി മന്ത്രിക്കടുത്തേക്ക് ചെന്നു. എന്നാൽ ടി.കെ. അത് സ്വീകരിച്ചില്ല. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന കടലാസ് രാഘവൻ മന്ത്രിയുടെപോക്കറ്റിലേക്ക് വച്ചുകൊടുക്കാൻ ശ്രമിച്ചു.

ബദ്ധശത്രുവായി മാറിയ എം വിആറിൽ നിന്നും ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സിപിഐ(എം) എംഎ‍ൽഎമാർക്ക് സഹിക്കാനായില്ല. മന്ത്രിയെ എം വി രാഘവൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നു പറഞ്ഞ് സിപിഐ(എം) അംഗങ്ങൾ ചാടിവീണ് നിയമസഭയുടെ നടുത്തളത്തിലിട്ട് എം വിആറിനെ ക്രൂരമായി മർദ്ദിച്ചു. 

ചവിട്ടി നിലത്തിട്ടു. വീണുകിടന്ന എം വിആറിനെ വളഞ്ഞിട്ടു ചവിട്ടി. സ്പീക്കർ സഭ നിർത്തി ചേംബറിലേക്കുപോയി. രാഘവനെ മെഡിക്കൽകോളജ് ആശുപത്രിയിലാക്കി. സഭ വീണ്ടും സമ്മേളിച്ചപ്പോൾ അദ്ദേഹത്തെ ജൂലൈ 15 വരെ സസ്‌പെൻഡ് ചെയ്യാൻ പ്രമേയത്തിലൂടെ തീരുമാനിച്ചു. മർദ്ദിച്ച ഇടത് എംഎ‍ൽഎമാർക്കെതിരെ നടപടിയുണ്ടായില്ല

വേട്ടയാടപ്പെട്ട മന്ത്രി

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും എം വിആർ കഴക്കൂട്ടത്തുനിന്ന് ജയിച്ച് സഹകരണ മന്ത്രിയാകുകയും ചെയ്തു. സഹകരണ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഒട്ടേറെ നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടു. 

സംഘങ്ങളിലെവോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി മൂന്നു വർഷമാക്കൽ തുടങ്ങിയ വ്യവസ്ഥകളടങ്ങിയ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഐ(എം) അംഗങ്ങൾ ബഹളം വച്ച് ബിൽ തടസപ്പെടുത്താൻനോക്കി. ബിൽ പാസായതിനെത്തുടർന്ന് മന്ത്രിയെ തെരുവിൽ വേട്ടയാടി. അദ്ദേഹം സഞ്ചരിച്ച ട്രെയിന് നേരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കല്ലെറിഞ്ഞു.

1993ൽ എ.കെ.ജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ അക്രമം പാരമ്യത്തിലെത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാലായിരത്തിൽപ്പരം കള്ളവോട്ടർമാരെ നീക്കിയശേഷം സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു.

തുടർന്ന് സംഭവിച്ചത് എം വി രാഘവൻ ഒരു ജന്മം" എന്ന തന്റെ ആത്മകഥയിൽ അദ്ദേഹം പറയുന്നത് ഇപ്രകാരം: തോൽവിയിൽ സിപിഐ(എം) സംഹാരതാണ്ഡവമാടി. ജില്ലയാകെ ഗുണ്ടാവിളയാട്ടത്തിൻ കീഴെയായി. എന്റെ ജാമാതാവ് കുഞ്ഞിരാമന്റെ പറമ്പിലെ കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പറശനിക്കടവിലെ സർപ്പോദ്യാനം ആക്രമിക്കപ്പെട്ടു. മിണ്ടാപ്രാണികളെ ചുട്ടുകൊന്നു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തി.""

എം വിആർ മുൻകൈ എടുത്തു തുടങ്ങിയ ഈ സ്ഥാപനം അടുത്ത ഭരണമാറ്റത്തിൽ സിപിഐ(എം) പിടിച്ചെടുക്കുകയും ചെയ്തു. വടക്കൻ മലബാറിന്റെ ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ടാണ് 1996 ജനുവരി രണ്ടിന് പരിയാരം സഹകരണ മെഡിക്കൽകോളജ് ഉദ്ഘാടനം ചെയ്തത്. 

ഇതും എം വിആറിന്റെ പദ്ധതിയായിരുന്നു. മെഡിക്കൽകോളജിനെ ആദ്യമേതന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് എതിർത്തു. കോഴിക്കോട് മെഡിക്കൽകോളജ് ഉള്ളപ്പോൾ കണ്ണൂരിൽ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് ഇവിടെനിന്നു പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി.

സിപിഎമ്മിന്റെ എല്ലാ എതിർപ്പുകളെയും മറികടന്ന് അത്യാധുനിക സൗകര്യമുള്ള ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അവിടെ ഉയർന്നു. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാൻ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമ്മിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. അടുത്ത ഭരണമാറ്റത്തിൽ തന്നെ സിപിഐ(എം) ഈ ആശുപത്രിയുടെ ഭരണവും പിടിച്ചെടുത്തു.

കൂത്തുപറമ്പ് വെടിവയ്പ്

ഇതിനെല്ലാം മകുടം ചാർത്തുന്നതാണ് കൂത്തുപറമ്പ് വെടിവയ്പ്. കൂത്തുപറമ്പ് നഗരഹൃദയത്തിൽ മനോഹരമായ ഒരു രക്തസാക്ഷി മണ്ഡപമുണ്ട്. 850 ചതുരശ്രയടി വീതിയിൽ 45 അടി ഉയരത്തിലുള്ള ഈ മണ്ഡപം പത്തുലക്ഷം രൂപ മുടക്കി ആറുമാസം കൊണ്ടാണിത് നിർമ്മിച്ചത്. എം വിആർ എന്ന വർഗശത്രുവിനെതോല്പിക്കാൻ സിപിഐ(എം) കുരുതികൊടുത്ത അഞ്ചു യുവാക്കളുടെ പാവനസ്മരണകൾ ഇതിലുറങ്ങുന്നു.

ഇവിടെനിന്ന് ഏതാനും കിലോമീറ്റർ അകലെ ചൊക്ലി നോർത്ത് മേനപ്പുറം പുതുക്കുടിയിലുമുണ്ട് ഒരു രക്തസാക്ഷി മണ്ഡപം". അവിടെ പുഷ്പൻ കിടക്കുന്നു. കൂത്തുപറമ്പ് വെടിവയ്പിനിടയിൽ കഴുത്തിനു വെടിയേറ്റ് ശരീരം മൊത്തം തളർന്നുപോയ പുഷ്പൻ. രണ്ടു ദശാബ്ദമായി പുഷ്പൻ ഒരേ കിടപ്പിലാണ്. ആൾ ചെറുതായി ചെറുതായി വരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ പാർട്ടി പുഷ്പനെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു.

കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഐക്യകേരളം കണ്ട ഏറ്റവും വലിയ വെടിവയ്പുകളിലൊന്നായ കൂത്തുപറമ്പ് വെടിവയ്പ്. 1994 നവം 26ന് ഉച്ചയ്ക്ക് ഉദ്ഘാടനത്തിന് മന്ത്രി കൂത്തുപറമ്പ് ടൗൺഹാളിന് 30 മീറ്റർ അകലെ എത്തിയപ്പോൾ വാഹനവ്യൂഹത്തിന്റെ യാത്രനിലച്ചു. ആയിരക്കണക്കിന് പേർ വഴി തടഞ്ഞിരിക്കുന്നു.പൊലീസ് ലാത്തിവീശി വഴിയുണ്ടാക്കി മന്ത്രിയെ ടൗൺഹാളിലേക്കു നയിച്ചു. ടൗൺഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. 

സിപിഐ(എം) ഡി.വൈ.എഫ്‌ഐ പ്രവർത്തകരുടെ വൻ പ്രതിഷേധത്തിനിടയിൽ മന്ത്രി ഉദ്ഘാടനകർമം നിർവഹിച്ചു.പൊലീസിന്റെ കനത്ത സംരക്ഷണത്തിൽ മന്ത്രി പുറത്തിറങ്ങി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്തി. തുടർന്നായിരുന്നു വെടിവയ്പ്. കൂത്തുപറമ്പ് വെടിവയ്പിനെ തുടർന്ന് കണ്ണൂർ കത്തി. രണ്ടു ദിവസം ജില്ലയിലുടനീളം കൊള്ളയും കൊള്ളിവയ്പും നടന്നു. പാപ്പിനിശേരിയിൽ എം വിആറിന്റെ കുടുംബവീട് മണ്ണെണ്ണയൊഴിച്ച് തീയിട്ടു

മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയെപ്പോലെ മന്ത്രി എം വി രാഘവൻ, ഡ്രാക്കുളയുടെ ചിരി, ഇളംചോരമോന്തിയ രാഘവന്റെ ക്രൗര്യം,പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ, വെടിയേറ്റു വീണത് നാടിന്റെ ഓമനകൾ, കൊലക്കുറ്റത്തിനുകേസെടുക്കണം തുടങ്ങിയ തലക്കെട്ടുകളോടെയാണ് അടുത്ത ദിവസംദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇല്ല, ഇത് കേരളം പൊറുക്കില്ല എന്ന് മുഖപ്രസംഗവും എഴുതി.പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ എന്ന തലക്കെട്ടോടെ ഒരുപേജ് നിറയെ ചിത്രങ്ങളും.

1996ൽ അധികാരത്തിൽ വന്ന ഇടതുസർക്കാർ കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസിൽ കൊലക്കുറ്റം ചുമത്തി എം വിആറിനെ അറസ്റ്റ് ചെയ്തു. തുടർന്നു കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

അവിടെ നടന്ന കാര്യങ്ങൾ എം വിആർ ആത്മകഥയിൽ പറയുന്നത് ഇപ്രകാരം: ആശുപത്രിയിൽ എന്നെ കാണാൻ എത്തിയ മക്കളെപൊലീസ് കടത്തിവിട്ടില്ല. ഭാര്യ ജാനകി വന്നപ്പോഴും കാണാൻ അനുമതി നിഷേധിച്ചു. ഭക്ഷണവുമായി വന്ന മകന് ഭക്ഷണപ്പാത്രംപൊലീസ് ഉദ്യോഗസ്ഥനു കൈമാറി മടങ്ങേണ്ടി വന്നു.

ഉമ്മൻ ചാണ്ടി, കെ. സുധാകരൻ എന്നീ എംഎ‍ൽഎമാരേയും ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ എംപിമാരേയും സുജനപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും എന്നെ കാണുന്നതിൽ നിന്നുപൊലീസ് വിലക്കി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നേതാക്കളും എന്റെ മക്കളും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്നു.""

എം വിആർ സ്വപ്നം കണ്ട വിഴിഞ്ഞം പദ്ധതി നമുക്ക് യാഥാർത്ഥ്യമാക്കാനായി. അദ്ദേഹം ഇന്നു നമ്മോടൊപ്പമില്ല. അന്നത്തേതിൽ നിന്ന് എം.വി രാഘവനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ ഇപ്പോൾ എന്തെങ്കിലും മാറ്റമുണ്ടോ എല്ലാ വർഷവും കൂത്തുപറമ്പ് രക്തസാക്ഷി ദിനം പാർട്ടി ആചരിക്കുന്ന സാഹചര്യത്തിൽ, കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരോടും സിപിഎമ്മിന് എന്തു ന്യായീകരമാണുള്ളത് ? 

അദ്ദേഹത്തിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എന്തു സന്ദേശമാണ് സിപിഐ(എം) നല്കുന്നത് ? അച്ഛനോടു പാർട്ടി ചെയ്ത കൊടുംപാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോ തറവാടിനു തീവച്ചവരോടൊപ്പം നടക്കുന്ന അനന്തരവൻ എന്ന് എം വിആറിന്റെ സഹോദരി എം വി ലക്ഷ്മി പറഞ്ഞതിനു മറുപടിയുണ്ടോ രാഷ്ട്രീയകേരളം ഉത്തരം കേൾക്കാൻ കാത്തിരിക്കുന്നു.


2016 ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിക്കെട്ട് നിരോധിക്കാനാവില്ല; നിയന്ത്രണമാവാം


കൊല്ലം: ആചാരങ്ങളും പാരമ്പര്യവുമായി ബന്ധപ്പെട്ടുള്ളതാണ് വെടിക്കെട്ടുകളെന്നതിനാൽ അത് പൂർണമായും നിരോധിക്കുക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ നിയന്ത്രണമാവാം. വെടിക്കെട്ട് ആഘോഷങ്ങൾ ജനങ്ങളുടെ വികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണം അനിവാര്യമാണ്. കൂടുതൽ കർശന നിബന്ധനകളോടെ വെടിക്കെട്ടുകൾ നിയന്ത്രിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.

2016 ഏപ്രിൽ 9, ശനിയാഴ്‌ച

ജനരോഷവും തിരിച്ചടിയും ഭയന്നാണ് എല്‍.ഡി.എഫ് മദ്യനയം തിരുത്തിയത്


വയനാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നു ഭയന്നാണ് സി.പി.ഐ.എം മദ്യനയം തിരുത്തിയതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫിന്റെ മദ്യനയത്തെ എല്ലാക്കാലത്തും ഇടതുമുന്നണിഎതിർക്കുകയാണു ചെയ്തിട്ടുള്ളത്. ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവന്നു പൂർണമായ മദ്യനിരോധനം ഏർപ്പെടുത്തുക എന്നതാണു യുഡിഎഫിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ മദ്യനയത്തിൽ മാറ്റം വരുത്തില്ലെന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.




മദ്യനയത്തിന് കനത്ത വില നൽകേണ്ടി വന്നു


കോഴിക്കോട്: ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം നടപ്പാക്കാൻ തുടങ്ങിയതോടെ സർക്കാരിന് കനത്ത വില നൽകേണ്ടി വന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാറുകൾ പൂട്ടിയത് മൂലം നഷ്ടം സംഭവിച്ചവരിൽ ചിലരാണ് ഇപ്പോഴത്തെ  വിവാദങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം യു.ഡി.എഫിന്റെ പ്രചാരണത്തിലെ മുഖ്യവിഷയമായിരിക്കും. അത് വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സുതാര്യമായ മദ്യനയമാണ് യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായിട്ടുള്ള മദ്യ നിരോധനം നടപ്പിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇക്കാര്യം യുഡിഎഫിന്റെ പ്രകടന പത്രികയിലും ഉൾപ്പെടുത്തും.

ഇടതുപക്ഷത്തിന്റെ മദ്യനയം അവ്യക്തമാണെന്നും 10 വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. 


2016 ഏപ്രിൽ 7, വ്യാഴാഴ്‌ച

'എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്?


 
എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്? പിണറായി ഒന്ന് പറയുന്നു. കോടിയേരി അനുകൂലിക്കുന്നു. മദ്യനയം തിരുത്തുമെന്ന് കാനം രാജേന്ദ്രൻ പറയുന്നു. ഇതിന്റെ എല്ലാം ആകെത്തുക അധികാരത്തിൽ വന്നാൽ മദ്യനയം പുന:പരിശോധിക്കും എന്ന് തന്നെയാണ്. മദ്യനയത്തിന്റെ പേരിൽ പുറത്തുപോയ ആളാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചവറയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ എന്ത് ഹീനമായ കാര്യങ്ങളാണ് സരിത പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ശതമാനം പോലും ശരിയാണെങ്കിൽ അധികാരത്തിൽ എന്നല്ല പൊതുമണ്ഡലത്തിൽ പോലും നിൽക്കാൻ താൻ യോഗ്യനല്ല. ഏത് സാഹചര്യത്തിലാണ് ഇത് ഉന്നയിക്കുന്നതെന്ന് പോലും നോക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിലെത്തിയ ഗണേഷ്‌കുമാറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വി.എസ് വ്യക്തമാക്കണം. നിയമസഭയിൽ വി.എസ്സിനെക്കുറിച്ച് ഗണേഷ് പറഞ്ഞത് എല്ലാവരും കേട്ടതാണ്. താൻ അഴിമതിക്കാരനാണെങ്കിൽ തന്നെ തോൽപ്പിക്കാൻ കഴിയുമെന്നിരിക്കെ മത്സരിക്കരുതെന്ന് വി.എസ് പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ സത്യമെങ്കിൽ ജനം തോൽപിക്കട്ടെ. ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടയാളാണ് താൻ. ആരോപണങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് ഇനിയും നാണംകെടേണ്ടിവരും. ആരോപണങ്ങൾ ആദ്യം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണ് വിഷമമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു

2016 ഏപ്രിൽ 6, ബുധനാഴ്‌ച

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയി നിരാശരായവർ പുതിയ കഥകൾ മെനയുന്നു


കൊല്ലം: സിപിഎം നേതാക്കളും ബാർ ഉടമകളും നടത്തിയ ഗൂഢാലോചനയുടെ തെളിവാണു ചവറയിലെ ഇടതുമുന്നണി സ്ഥാനാർഥിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതു സ്ഥാനാർഥി വിജയൻ പിള്ള നേരത്തേ കോൺഗ്രസുകാരനായിരുന്നു. സർക്കാർ ബാറുകൾ പൂട്ടിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. സമ്പൂർണ മദ്യനിരോധനത്തിലൂടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാൻ യുഡിഎഫ് ശക്തമായ നടപടികൾ സ്വീകരിക്കും. ഈ മദ്യനയം പുനഃപരിശോധിക്കുമെന്നാണു പിണറായി വിജയനും കാനം രാജേന്ദ്രനും ആവർത്തിക്കുന്നത്. അവർ ഉദ്ദേശിക്കുന്നതെന്താണെന്നും അതിന്റെ മെച്ചം ആർക്കാണെന്നും വിജയൻ പിള്ളയുടെ സ്ഥാനാർഥിത്വത്തിലൂടെ ജനം തിരിച്ചറിഞ്ഞു.

തന്റെ അനുയായിയായ പി.കെ. ഗുരുദാസനു സീറ്റു നിഷേധിച്ചതിനെക്കുറിച്ചും കെ.ബി. ഗണേഷ് കുമാറിനും കോവൂർ കുഞ്ഞുമോനും സീറ്റു നൽകിയതിനെക്കുറിച്ചും വി.എസ്.അച്യുതാനന്ദൻ അഭിപ്രായം പറയണം. ഒരുദിവസം താൻ കോട്ടയത്തേക്കുപോകാൻ ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ കോവൂർ കുഞ്ഞുമോൻ കാണാൻ വന്നിട്ടുണ്ടെന്ന് സ്റ്റാഫ് അംഗം പറഞ്ഞു. തിരിച്ചുവീട്ടിൽ കയറി കുഞ്ഞുമോൻ നൽകിയ നിവേദനം സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഉറച്ചുനിൽക്കണമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് അദ്ദേഹം പോയത്. താൻ കോട്ടയത്തെ ചടങ്ങുകൾ കഴിഞ്ഞ് എറണാകുളത്തേക്കു തിരിച്ചപ്പോൾ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവച്ച് ഇടതുപക്ഷത്തേക്കുപോയെന്ന് അറിഞ്ഞു. സ്ഥാനത്തിനു വേണ്ടി കൂറുമാറിയവരെയാണ് അച്യുതാനന്ദൻ കൊണ്ടു നടക്കുന്നത്.

സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ ആരോപണം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നുവെങ്കിൽ ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണു വിഷമം. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ സർക്കാരിനു മടിയില്ല. പക്ഷേ, ഇല്ലാത്ത ആരോപണങ്ങൾക്കു പിന്നാലെ പോകാൻ തയാറല്ലെന്നു താൻ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. തന്നെപ്പോലെ ഇത്രയും ഹീനമായ ആരോപണങ്ങൾക്കു വിധേയനായ മറ്റൊരു പൊതുപ്രവർത്തകൻ ഇല്ല. ഇപ്പോഴും അതു തുടരുന്നു.

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയപ്പോൾ ഇപ്പോൾ എന്തോ വലിയ കാര്യം കിട്ടുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നവരുണ്ട്. അതിൽ നിരാശരായവർ പുതിയ കഥകൾ മെനയുന്നു. ആരോപണവിധേയനായ താൻ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കണമെന്ന് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. താൻ കൊള്ളരുതാത്തവനാണെങ്കിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലൂടെ യുഡിഎഫിനു തിരിച്ചടിയേൽക്കും. അതല്ലേ എൽഡിഎഫിനു നല്ലത്. ഇത്രയേറെ പരാജയപ്പെട്ട പ്രതിപക്ഷത്തിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016 ഏപ്രിൽ 4, തിങ്കളാഴ്‌ച

സുധീരൻ നല്ല കെ.പി.സി.സി പ്രസിഡന്റ്, അടൂർ പ്രകാശ് സമുന്നതനായ നേതാവ്


വി. എം. സുധീരൻ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന പ്രസിഡന്റാണെന്ന് ഉമ്മൻ ചാണ്ടി. സുധീരൻ പ്രവർത്തിക്കുന്നത് പാർട്ടിയുടെ വിജയത്തിനും നന്മയ്ക്കും വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരനും ഉമ്മൻ ചാണ്ടിയും രണ്ടു തട്ടിലാണെന്ന് വാർത്തകൾക്കു പിന്നാലെയാണ് സുധീരനെ ഉമ്മൻ ചാണ്ടി പ്രശംസിച്ചത്.

ഹൈക്കമാന്റ് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി ആരോപണ വിധേയരായ മന്ത്രമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ആർക്കും വഴങ്ങിയല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതിനു ശേഷം അനുയോജ്യമായ തീരുമാനങ്ങളെടുക്കുകയാണ് ഹൈക്കമാൻഡ് ചെയ്യുകയെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള തർക്കങ്ങൾ ഇത്തവണയുണ്ടായിട്ടില്ല. താൻ അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ജനങ്ങൾ  തിരിച്ചറിയും. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വാകത്താനത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ്


അടൂർ പ്രകാശ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് അടൂർപ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേത്


കോട്ടയം: സോളാർ കേസിലെ പ്രതി സരിത എസ്. നായരെ താൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേതാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിതൃതുല്യനായി കണ്ടിരുന്നു എന്ന പറഞ്ഞ സരിതയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കത്തിന് പിന്നിൽ ചില ഗൂഢശക്തികളുണ്ട്. അത് ആരാണെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണങ്ങളാണിത്. മൂന്ന് വർഷമായി ഈ ആരോപണം കേൾക്കുന്നു. സോളാർ കമ്മിഷന്റെ മുമ്പിൽ 14 മണിക്കൂർ താൻ വിസ്താരത്തിന് ഇരുന്നു കൊടുത്തപ്പോഴൊന്നും സരിതയുടെ അഭിഭാഷകൻ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇതിലൊന്നും ഒരു ശതമാനം പോലും സത്യമില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

2016 മാർച്ച് 30, ബുധനാഴ്‌ച

യു.ഡി.എഫ് സ്വപ്ന പദ്ധതികൾ എല്ലാം ഞമ്മടേത്


ചീഫ് മിനിസ്റ്റേഴ്സ് ഡിബേറ്റിൽ നൂറു ശതമാനം അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതിന് പ്രതിപക്ഷനേതാവിനു ഷാഫി മേത്തർ വക്കീൽ നോട്ടീസ് അയച്ചതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതാണ് പ്രതിപക്ഷനേതാവ്. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം ഇതുതന്നെയാണു ചെയ്തുകൊണ്ടിരുന്നത്. 

സോളാർകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ഞാൻ അടച്ചിട്ട മുറിയിൽ സംസാരിച്ചതെന്ത് എന്നാണല്ലോ ഇടയ്ക്കിടയ്ക്ക്  ചോദിക്കുന്നത്. അതെന്തായാലും എന്റെ നാവിൽ നിന്നു വീഴില്ല. സ്വകാര്യമായി പറയുന്ന ഒരു കാര്യം സ്വകാര്യമായി തന്നെ ഇരിക്കും. അതു വഴിനീളെ വിളിച്ചു കൂവന്ന പൊതുപ്രവർത്തന പാരമ്പര്യം എനിക്കില്ല. അന്നത്തെ ചർച്ചയിൽ മൂന്നാമതൊരാൾകൂടി ഉണ്ടായിരുന്നു, മാതൃഭൂമിയിലെ സർക്കുലേഷൻ എക്സിക്യൂട്ടിവ് ടി. ശിവദാസൻ. അദ്ദേഹംസോളാർ കമ്മീഷനു നല്കിയ മൊഴി ഇതിനോടകം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുസോളാർ കമ്മീഷനിൽ നിന്നു ലഭ്യമാകുകയും ചെയ്യും. അതൊന്നു വായിച്ചുനോക്കുക. അതല്ലെങ്കിൽ ഇതിലെ കക്ഷി ഇപ്പോൾ പുതുതായി ഇടതു മുന്നണിയിലെത്തിയിട്ടുണ്ടല്ലോ. ആളെ എടുക്കുകയും സ്ഥാനാർത്ഥിയാക്കുകയും ചെയ്യും മുമ്പേ ഇതൊക്കെ തിരക്കണ്ടേ? ഇതൊക്കെ സൗകര്യപൂർവം താങ്കൾക്കു മറക്കാം; ജനം മറക്കില്ല.

പ്രതിപക്ഷത്തിരുന്നാൽ കുറെ സമരവും ഹർത്താലും. ഭരണത്തിലിരുന്നാൽ വെറുതെ കൈയും കെട്ടി ഇരിക്കുക. പാർട്ടിക്കും സഖാക്കൾക്കും മാത്രം ഗുണം. അതുപോലെ യു.ഡി.എഫ് സർക്കാരും കയ്യുംകെട്ടി ഇരിക്കും അല്ലെങ്കിൽ ഇരുത്തും എന്നു കരുതിയവർക്കു തെറ്റി. പ്രതിപക്ഷം സോളാറും ബാറുമൊക്കെയായി അഞ്ചുവർഷം കഴിച്ചു. യു.ഡി.എഫ് ഓരോ ദിവസവും കർമനിരതമായി പ്രവർത്തിച്ചു. വ്യക്തമായ ലക്ഷ്യം. അതും സമയബന്ധിതം. അങ്ങനെയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്. എന്നിട്ടിപ്പോൾ, ഇതെല്ലാം ഞമ്മടേതാന്നു പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്. 

യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്വപ്ന പദ്ധതികൾ ഇടതു സർക്കാരിന്റേതാണ് എന്നാണ് അവകാശവാദം. എന്നാൽ വസ്തുതയെന്താണ്? സ്മാർട്ട് സിറ്റി പദ്ധതി ഇടതുപക്ഷത്തിന് റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് അവർ കൊച്ചി മെട്രോയിൽ അടയിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ 6,000 കോടിയുടെ അഴിമതിയെന്നു പറഞ്ഞ് അതിനെ എതിർത്തു. കണ്ണൂർ വിമാനത്താവളത്തിന് എടുത്ത സ്ഥലത്ത് കാടും പടലും പടർന്ന് മൂർഖൻ പാമ്പുകളുടെ വിഹാരകേന്ദ്രമായി. ഇടതു സർക്കാർ എത്ര തവണ കേരളം ഭരിച്ചാലും ഈ പദ്ധതികളിലൊന്നു പോലും നടപ്പാക്കില്ലായിരുന്നു. ഇത്രയും കാലം ഭരിച്ചിട്ട് അവർ നടപ്പാക്കിയ ഒരു പദ്ധതി ഏതാണ്? ഒരൊറ്റ പദ്ധതിയുടെപേരു പറയാമോ? എതിർക്കുക തകർക്കുക അതാണ് അവരുടെ ശൈലി. 

സ്മാർട്ട് സിറ്റി: 

ആഗോളതലത്തിൽ ഐ.ടി വലിയ മുന്നേറ്റം കൈവരിച്ച കാലഘട്ടത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് 2005ൽ തീരുമാനിച്ചത്. ഇതിനെ പ്രതിപക്ഷം സർവ ശക്തിയുമെടുത്ത് എതിർത്തു. യു.ഡി.എഫ് സർക്കാർ ടീകോമുമായി കരാർ വച്ചതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. കോടതി അനുമതി നല്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ അടുത്ത സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. ഇടതു സർക്കാർ കരാർ പൊളിച്ചെഴുതിയും പിന്നീട് സെസ് വിവാദത്തിൽ കുടുങ്ങിയും കാലം കഴിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒരു കല്ലുപോലും വയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. അഞ്ചുവർഷം അങ്ങനെ പാഴായി. യു.ഡി.എഫ് വീണ്ടും അധികാരത്തിലേറേണ്ടി വന്നു സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കാൻ. ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി കയറ്റുമതി 10,000 കോടിയായെന്ന് പ്രതിപക്ഷനേതാവ് ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടതുസർക്കാർ അന്നു പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടികയിൽ 3,000 കോടിയായിരുന്നെന്ന് എഴുതിവച്ചിരിക്കുന്നു. അവിടെനിന്നാണ് യു.ഡി.എഫിന്റെ അഞ്ചു വർഷംകൊണ്ട് ഐ.ടി കയറ്റുമതി 15,000 കോടി രൂപയായി ഉയർന്നത്. 

വിഴിഞ്ഞം:

447 കോടി രൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115 കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാൻഡ് കോ കൊണ്ടപ്പള്ളിക്ക് കരാർ നല്കി ഇടതുസർക്കാർ വെട്ടിലാകുകയാണ് ചെയ്തത്. ഇതു ഹൈക്കോടതി റദ്ദാക്കി. സൂമിന്റെ ബിഡ് കൂടി പരിഗണിച്ച് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാൻ കോടതി നിർദേശിച്ചു. ഇതിനെതിരെ ഇടതുസർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ വിഴിഞ്ഞം പദ്ധതിക്കും അഞ്ചു വർഷം പോയിക്കിട്ടി. 7,525കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചശേഷം പിണറായി വിജയൻ പിൻമാറുകയും പിന്നീട് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണ്? തുടരണമോ വേണ്ടയോ? 

കൊച്ചി മെട്രോ: 

കൊച്ചി മെട്രോ റെയിൽ പദ്ധതി നഷ്ടമായിരിക്കുമെന്നു പറഞ്ഞ് ഇടതു സർക്കാർ അതിൻമേൽ അഞ്ചു വർഷവും അടയിരുന്നു. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ 1095 ദിവസം കൊണ്ട് സമയബന്ധിതമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ നടപ്പാക്കും. കൊച്ചിയിൽ സംയോജിത ഗതാഗത സംവിധാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടമാണു നടത്തിയതെന്നും മുഖ്യമന്ത്രി ഇത് ഫ്ളാഗ് ഓഫ് ചെയ്തത് വലിയ കുഴപ്പമാണെന്നുമൊക്കെയാണു പ്രതിപക്ഷനേതാവ് പറയുന്നത്. 2002ൽ ഡൽഹി മെട്രോയുടെ പരീക്ഷണ ഓട്ടം ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയും 2103ൽ ചെന്നൈ മെട്രോയുടെ പരീക്ഷണ ഓട്ടം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമാണ് ഫ്ളാഗ് ഓഫ് ചെയ്തത്. അവിടെയൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. 

കണ്ണൂർ വിമാനത്താവളം: 

കണ്ണൂർ വിമാനത്താവളത്തിന് ഇടതുഭരണ കാലത്ത് കുറച്ചു സ്ഥലമെടുത്തിരുന്നു. അവിടെ നിന്നാണ് വെറും രണ്ടുവർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരിൽ യാഥാർത്ഥ്യമാക്കിയത്. 2016 നവംബർ ഒന്നിനു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഇടതു ഭരണകാലത്ത് ഒരു കടലാസ് വിമാനം പോലും മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ പറന്നിട്ടില്ല. ഓരോ പദ്ധതിക്കും എതിരെ അഴിമതി ആരോപിക്കുക, പദ്ധതി നഷ്ടമാണെന്നു പ്രചരിപ്പിക്കുക, പദ്ധതി പ്രദേശത്ത് സമരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് സി.പി.എമ്മിനുള്ളത്. കേരളത്തിൽ തകർക്കപ്പെട്ട പദ്ധതികളുടെയും എതിർക്കപ്പെട്ട പദ്ധതികളുടെയും കണക്കെടുപ്പു നടത്തിയാൽ സി.പി.എമ്മിന്റെ തൊലി ഉരിയും. ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി നടപ്പാക്കിയാൽ പിന്നീടവർ യാതൊരു ഉളുപ്പുമില്ലാതെ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. 
1993ൽ ആരംഭിച്ച പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ചരിത്രമെടുക്കാം. അന്ന് എം.വി.രാഘവന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ ഈ ആശുപത്രി ആരംഭിച്ചപ്പോൾ അതിനെതിരെ സി.പി.എം പതിവുപോലെ അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പുല്ലും കല്ലുമായി കിടന്ന സ്ഥലമാണിത്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന്  കേന്ദ്രആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാന് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. പിന്നീട് സി.പി.എം വ്യാജവോട്ടർമാരെ സൃഷ്ടിച്ച് പരിയാരം മെഡിക്കൽകോളജ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു! അങ്ങനെ എത്രയെത്ര സംഭവങ്ങൾ!!