UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഏപ്രിൽ 18, ശനിയാഴ്‌ച

തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുന്നു


 തകഴി ശിവശങ്കരപ്പിള്ളയെ മറന്ന് മലയാളത്തിന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലശേഷവും തന്റെ കൃതികളിലൂടെ അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും നാമോരോരുത്തരുമാണ് ആദരിക്കപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തകഴി ശങ്കരമംഗലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ നൂറ്റിമൂന്നാം ജന്മദിനസമ്മേളനം ഉദ്ഘാടനവും പുരസ്‌കാരപ്രഖ്യാപനവും ജന്മശതാബ്ദി സ്മാരകമായ പൈതൃകമ്യൂസിയം ശിലാസ്ഥാപനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നീണ്ട പോരാട്ടമാണ് നടത്തിയത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നാലാമതായി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടി. ഇതിനായുള്ള ശ്രമങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലും സംസ്ഥാനങ്ങളിലും തകഴിയുടെ സ്വാധീനവും അംഗീകാരവും മനസ്സിലാക്കാന്‍ കഴിഞ്ഞു. തകഴി സ്മാരകത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഘടകകക്ഷികളെ നിരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ല.


 യുഡിഎഫിലെ ഘടകകക്ഷികളെ ആരൊക്കെ സ്വാഗതം ചെയ്താലും ആരും മുന്നണി വിട്ടുപോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളെ പൊലീസിനെ ഉപയോഗിച്ചു നീരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കഴിഞ്ഞ നാലു കൊല്ലമായി പലരും യുഡിഎഫ് വിട്ടുപോകുമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വീഴുമെന്നുമൊക്കെയുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്രയും കാലമായിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കും സംശയം മാറുന്നില്ല. ഘടകകക്ഷികളില്‍ ആരെങ്കിലും വിട്ടു പോകുമെന്നു തനിക്ക് ഒരു സംശയവുമില്ല. ഘടകകക്ഷികളെ പൊലീസ് നിരീക്ഷിക്കുകയെന്ന സംഭവമേയില്ല. അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നു പി.പി. തങ്കച്ചന്‍ നിഷേധിച്ചിട്ടുണ്ട്. 

ആഭ്യന്തര മന്ത്രിയും ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്ത് അത്തരം നിരീക്ഷണമോ, മറ്റു പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ മാത്രമല്ല, ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഡപ്യൂട്ടി സ്പീക്കറെ സമയമാകുമ്പോള്‍ തിരഞ്ഞെടുക്കും. അതിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

2015 ഏപ്രിൽ 15, ബുധനാഴ്‌ച

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍.....


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

ഓരോ വിഷുവും മലയാളിക്ക് പച്ചപ്പാർന്ന ഓർമയാണ്. കൃഷിയുടെ താളമാണ് ഈ ഉത്സവത്തിന്. വിത്തെറിഞ്ഞു തുടങ്ങി കണിയൊരുക്കല് വരെയുള്ള ഓരോ പ്രവൃത്തിയിലും കാർഷിക സമര്ദ്ധിക്ക് വേണ്ട പ്രാർത്ഥനയുണ്ട്.

ഈ വിഷുക്കാലം മണ്ണിൽ വിയർപൊഴുക്കുന്ന കർഷകനുള്ളതാകട്ടെ!

കേരളത്തിന്റെ ഹൃദയതാളമായ കൃഷി സംരക്ഷിക്കുവാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സമഗ്ര പച്ചക്കറി വികസനപദ്ധതി കര്‍ഷകര്‍, സ്‌കൂള്‍ കുട്ടികള്‍, വനിതകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റുനതിനുള്ള പദ്ധതികളും പതിയെ വിജയത്തിലേക്ക് നീങ്ങി കൊണ്ടിരികുകയാണ്.

2015 ഏപ്രിൽ 14, ചൊവ്വാഴ്ച

മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനെന്ന ചിലരുടെ ധാരണ തെറ്റി


നരേന്ദ്ര മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന  ചിലരുടെ ധാരണ തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പാവപ്പെട്ടവരെയും സാധാരണക്കാരെയുമല്ല സംരക്ഷിക്കുന്നത്. ഇന്നു പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളെ നരേന്ദ്ര മോദി മറക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എലവഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

വികസനത്തിന്റെ പേരില്‍ സമ്പന്നര്‍ക്കു വേണ്ടിയുള്ള നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ സഹായിക്കാനും അവരുടെ ഭൂമിക്കു ന്യായവില കിട്ടാനും യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം, ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിച്ച് കര്‍ഷകദ്രോഹമാക്കി. ഭരണം ഒരു വിഭാഗത്തിനു വേണ്ടിയാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ഏപ്രിൽ 13, തിങ്കളാഴ്‌ച

യെമനില്‍ നിന്നു വന്ന കുഞ്ഞിന്റെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

യെമനിലെ സനയില്‍ നിന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിച്ച പാര്‍വതിയെന്ന ഒന്‍പതു ദിവസം പ്രായമായ കുഞ്ഞ് കൊച്ചി അമൃത ആശുപത്രിയിലെ ശിശുക്കള്‍ക്കായുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍. അമ്മ രാജി സമീപം.

സംഘര്‍ഷഭരിതമായ യെമനില്‍ നിന്നു നാട്ടിലെത്തി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന 10 ദിവസം പ്രായമുള്ള പാര്‍വതിയുടെ ചികില്‍സാച്ചെലവു മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

പാര്‍വതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ച കൂടി കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സിക്കേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചു.  

കൊല്ലം ഓച്ചിറ മഠത്തില്‍കാരായ്മ അയോധ്യയില്‍ സഷ് കുമാറിന്റേയും രാജിയുടേയും മകളായ പാര്‍വതിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യെമനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ സഹായഹസ്തം നീട്ടുന്നത്.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി: പരിഹാരം കാണും

 
 കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമത്തിലാണു സര്‍ക്കാരെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുഗതാഗത സംവിധാനം ശക്തമായാല്‍ മാത്രമേ ഗതാഗത ക്ലേശത്തിനു പരിഹാരം കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെയും (കെയുആര്‍ടിസി) തേവര ബസ് സ്‌റ്റേഷന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പൊതുസൗകര്യങ്ങള്‍ ര്‍ധിപ്പിച്ചാലേ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താനാകൂ. മെട്രോയുടെ പണി പൂര്‍ത്തിയാകുമ്പോള്‍ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ കുറവുണ്ടാകും. സമയ, സാമ്പത്തിക ലാഭം ഉണ്ടാകുന്നതോടെ കൂടുതല്‍ ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകണം കെയുആര്‍ടിസിയുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

2015 ഏപ്രിൽ 12, ഞായറാഴ്‌ച

കെ.പി.എം.എസ് ന്‌ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കും



കെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ 
തയ്യാറാണെന്ന് മുഖ്യമന്ത്രി. സംസ്ഥാന സമ്മേളനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു.

സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു.

സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകി.


2015 ഏപ്രിൽ 10, വെള്ളിയാഴ്‌ച

യെമന്‍: വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണം


 യെമനില്‍നിന്ന് വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ 11 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും നിരവധിയാളുകള്‍ സനാ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വിമാനസീറ്റിന്റെ ലഭ്യതക്കുറവുമൂലം അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്കുകൂടി മടങ്ങാന്‍ അടിയന്തരമായ സൗകര്യം ഉണ്ടാക്കണം. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാന്‍ രേഖ കൈവശമുള്ള എല്ലാവരെയും പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ കൈവശമില്ലെങ്കിലും മടക്കിക്കൊണ്ടുവരണമെന്ന് ജിബൂട്ടിയില്‍ തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമന്ത്രി വി.കെ. സിങ്ങിനോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പാക്കിസ്താന്‍ വഴിവന്ന അഞ്ച് മലയാളികള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതമായി അവരെ എത്താന്‍ സഹായിച്ച പാകിസ്താന്‍ സര്‍ക്കാറിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

2015 ഏപ്രിൽ 9, വ്യാഴാഴ്‌ച

വിവാദം മാത്രം മതിയെന്ന് ചിലരുടെ ചിന്ത


 വിവാദം മാത്രം മതിയെന്നു ചിലര്‍ ചിന്തിച്ചാല്‍ അതിന്റെ പിന്നാലെ താന്‍ പോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ കടമകളും നിറവേറ്റും. ഒന്നിലും കാലതാമസം വരുത്തില്ല. യമനില്‍നിന്നു മലയാളികളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പ്രശംസിക്കുന്ന പ്രകടനം കാഴ്ചവച്ച  സര്‍ക്കാരാണിത്. 

മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യങ്ങളാണു കേരളം ചെയ്യുന്നത്. പക്ഷേ അതൊന്നും കാര്യമല്ലെന്നും വിവാദം മതിയെന്നുമുള്ള നിലപാടാണു പലര്‍ക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രധാന കാര്യങ്ങളും പൂര്‍ത്തിയാക്കിയശേഷമാണു കഴിഞ്ഞ ദിവസങ്ങളില്‍ പി.സി. ജോര്‍ജ് പ്രശ്‌നം തീര്‍ക്കുന്ന ചര്‍ച്ചയ്ക്കായി താന്‍ കയറിയത്. എന്നിട്ടും ഇവിടെ ഭരണസ്തംഭനം എന്ന് ആക്ഷേപിക്കുന്നു. 

ഏതു കാര്യത്തിലാണ് ഈ സര്‍ക്കാര്‍ വീഴ്ച വരുത്തിയതെന്നു കൂടി അവര്‍ പറയണം. ഇതൊക്കെ ജനം വിലയിരുത്തട്ടെ. വിവാദം ആഘോഷിക്കാന്‍ ഒരുപാടു പേരുണ്ട്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താണു സംഭവിച്ചത്. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടപ്പോഴും പിടിച്ചുനിന്നതു കേരളത്തില്‍ മാത്രമാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തൊട്ടറിയുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതിനിടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അത്തരം കാര്യങ്ങളെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

ജോര്‍ജിനെ ഭയമില്ല

 
 പി.സി. ജോര്‍ജിനെ തനിക്ക് ഭയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.എം. മാണിക്കെതിരെ അതിരുകടന്ന് സംസാരിക്കുന്ന ജോര്‍ജിനെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോയെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തനിക്ക് നല്‍കിയ കത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നോട് നേരത്തെ പറഞ്ഞതാണെന്ന പി.സി. ജോര്‍ജിന്റെ വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് കിട്ടിയയുടന്‍ ജോര്‍ജുമായി ടെലഫോണ്‍ വഴി സംസാരിക്കുകയുംചെയ്തു.

മുന്നണി രാഷ്ട്രീയത്തിന്റെ പൊതുതത്വം അനുസരിച്ചാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റിയത്. ഇതിനായി ചര്‍ച്ച നടത്തിയത് ശരിയാണോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ചര്‍ച്ചകള്‍ കീഴടങ്ങലല്ല. തന്റെ പൊതുവായ രീതിയാണ്.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഇത്തരം ഒരു വിവാദവും ബാധിക്കില്ല. വിവാദങ്ങള്‍ക്കുശേഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്താണുണ്ടായത്?

കേരളത്തില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയോടൊപ്പം നിന്നു. ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാം. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുമുണ്ട്.

മൂന്ന് മന്ത്രിമാര്‍ക്കെതിരെ സരിതയുടെ കത്തില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ രണ്ടുകൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വീണ്ടുമെങ്ങനെ ഉയര്‍ന്നുവന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആഭാസ സര്‍ക്കാരെന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ നിയമസഭയില്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അത് വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അതിനെ ആഭാസമെന്ന് താന്‍ പറയുന്നില്ല.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.