UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഏപ്രിൽ 8, ബുധനാഴ്‌ച

ജലസാക്ഷരത ജീവിത ദൗത്യമാക്കണം



 ജലസാക്ഷരത ജീവിത ദൗത്യവും മുദ്രാവാക്യവുമായി കേരളം ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലയാള മനോരമ പലതുള്ളി കേരള ജല കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണത്തിനായി സര്‍ക്കാരും പൊതു പ്രവര്‍ത്തകരും മറ്റുള്ളവരും ഉള്‍പ്പെടുന്ന കൂട്ടായ്മ വേണം.

ഭാവി തലമുറയ്ക്ക് കരുതിവയ്ക്കാവുന്ന ഏറ്റവും വിലയേറിയ സമ്പത്താണു ശുദ്ധജലം. ജലസംരക്ഷണം നാടിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ജലത്തിനായി രാജ്യങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ജലസംരക്ഷണരംഗത്തു ജാഗ്രത പുലര്‍ത്തേണ്ട സമയമെത്തി. ശുദ്ധജലത്തിന്റെ ലഭ്യതയും ജല സ്രോതസ്സുകളുടെ മലിനീകരണവുമാണു കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍. ഗുണനിലവാരമില്ലാത്ത വെള്ളം പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കുന്നു. 44 നദികള്‍, കുളങ്ങള്‍ എന്നിവ അടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിനായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.




നദീസംയോജന പദ്ധതി അംഗീകരിക്കാനാവില്ല


കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള നദീസംയോജന പദ്ധതിയോടുള്ള കടുത്ത എതിര്‍പ്പു വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നദീസംയോജന പദ്ധതി കേരളത്തിന് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്ന് ജല കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

പദ്ധതി നടപ്പാക്കാന്‍ പലതലങ്ങളില്‍നിന്നു സംസ്ഥാനത്തിനു മേല്‍ സമ്മര്‍ദമുണ്ട്. പമ്പ, അച്ചന്‍കോവിലാര്‍ - വൈപ്പാര്‍ സംയോജനത്തിനു തമിഴ്‌നാട് മുന്നോട്ടുപോവുകയാണ്. എന്നാല്‍, കേരളം ഇതിനെ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യും. കേരളത്തില്‍നിന്നു കൊടുക്കാന്‍ ഒരുതുള്ളി വെള്ളം പോലും അധികമില്ല എന്നതുതന്നെയാണു കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇനി തീരുമാനിക്കേണ്ടത് ജോര്‍ജ്


തിരുവനന്തപുരം: ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പി.സി. ജോര്‍ജ് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയിട്ടില്ല. അദ്ദേഹം യു.ഡി.എഫില്‍ തുടരണമോയെന്ന കാര്യം ഇനിയുള്ള ജോര്‍ജിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കും.പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കെ.എം. മാണി തന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ ഒഴിവാക്കുന്നത്. ഓരോ പാര്‍ട്ടിക്കും അനുവദിക്കുന്ന സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതും ഒഴിവാക്കുന്നതും അതത് പാര്‍ട്ടികളുടെ നിര്‍ദേശപ്രകാരമാണ്. അതാണ് മുന്നണി മര്യാദ. സമവായത്തിന് ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല - മുഖ്യമന്ത്രി പറഞ്ഞു.

മലയാളികള്‍ രോഗം വിലയ്ക്കുവാങ്ങുന്നു


ലോകാരോഗ്യ ദിനാചരണം

തിരുവനന്തപുരം: ജീവിതരീതികൊണ്ട് മലയാളികള്‍ രോഗം വിലയ്ക്ക് വാങ്ങുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണ്. എന്നാല്‍ മരുന്നുപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തെ ആകെ മരുന്നുപയോഗത്തിന്റെ പത്ത് ശതമാനവും സംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ലോഗോ മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. അരുവിക്കര പഞ്ചായത്തിനെ സുരക്ഷിതഭക്ഷണം മാതൃകാഗ്രാമമായി ഏറ്റെടുക്കുന്നതായി മന്ത്രി മഞ്ഞളാംകുഴി അലി പ്രഖ്യാപിച്ചു. 

2015 ഏപ്രിൽ 7, ചൊവ്വാഴ്ച

ജിബൂട്ടി വിമാനങ്ങള്‍ കൊച്ചിയിലേക്ക് ക്രമീകരിക്കണം


 തിരുവനന്തപുരം: െയമനില്‍നിന്നുള്ള ഇന്ത്യാക്കാരെയും വഹിച്ച് ജിബൂട്ടിയില്‍നിന്ന് യാത്രതിരിക്കുന്ന എല്ലാ വിമാനങ്ങളും കൊച്ചി വഴി യാത്ര ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കഴിഞ്ഞദിവസം മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരില്‍ എഴുപത് ശതമാനം പേരും കേരളത്തിലേക്കുള്ളവരായിരുെന്നന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള 188 മലയാളികളെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന യാത്രികര്‍ക്ക് ഇതുകാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. ജിബൂട്ടിയില്‍നിന്നുള്ള വിമാനം ജിബൂട്ടി-കൊച്ചി-മുംബൈ/ജിബൂട്ടി-മുംബൈ-കൊച്ചി എന്ന് പുനഃക്രമീകരിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവും. 
വിദൂരസ്ഥലങ്ങളില്‍നിന്നുള്ള വനിതകളായ നഴ്‌സുമാര്‍ക്ക് റോഡ് മാര്‍ഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രചെയ്ത് വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെഡ്‌ക്രോസ്/റെഡ് ക്രെസെന്റ് മറ്റ് മനുഷ്യാവകാശ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചചെയ്ത് ഇവര്‍ക്ക് വിമാനത്താവളത്തിലോ തുറമുഖത്തോ എത്താനുതകുന്ന ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. 

വിസാ കാലാവധി കഴിഞ്ഞവരും ആശുപത്രി അധികൃതര്‍ അനുമതി നിഷേധിക്കുന്നവരും ഉള്‍പ്പെടെ മടങ്ങിവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. പിഴയീടാക്കാതെതന്നെ ഇവര്‍ക്ക് ഔട്ട്പാസ്സ്/എക്‌സിറ്റ് പാസ് നല്‍കണം.

2015 ഏപ്രിൽ 4, ശനിയാഴ്‌ച

1,900 ഇന്ത്യക്കാര്‍ ഉടനെ മടങ്ങും

 
തിരുവനന്തപുരം: യെമനില്‍നിന്ന് മൂന്ന് വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായി 1,900 ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഒരു വിമാനവുമാണ് യെമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം െകാച്ചിയിലെത്തും. രണ്ട് വിമാനങ്ങള്‍ മുംബൈയിലിറങ്ങും.

യെമനിലെ ഏദന്‍, ഹൊദിദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ എത്തുന്നുണ്ട്. ശനിയാഴ്ച ഇത് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യെമനിലെ സനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കെ.എസ്.ആര്‍.ടി.സി. സൗകര്യമൊരുക്കി


യെമനില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ആറ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സൗജന്യമായിട്ടാണ് യാത്ര.

മാണിക്കെതിരായ വിജിലന്‍സ് കേസ്: രമേശുമായി ഭിന്നതയില്ല


കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ കെ.എം.മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ നിയമവിദഗ്ദധര്‍ക്ക് രണ്ടഭിപ്രായമുണ്ടെന്നാണ് താന്‍ പറഞ്ഞത്. തനിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരേ അഭിപ്രായമാണുളളത്. ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലാണ് ആശയക്കുഴപ്പമുളളത്. 

കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണുളളത്. ആഭ്യന്തരവകുപ്പുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

മാണിക്കെതിരായ കേസ് രാഷ്ട്രീയതീരുമാനമല്ല


തിരുവനന്തപുരം: ബിജു രമേശിന്റെ ആരോപണത്തിന്റെ പേരില്‍, തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന മന്ത്രി കെ.എം.മാണിയുടെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന്, അങ്ങനെയൊരു അഭിപ്രായം രാഷ്ട്രീയകേന്ദ്രങ്ങളില്‍ മാത്രമല്ല, നിയമവൃത്തങ്ങളിലുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

എന്നാല്‍, ഇക്കാര്യത്തിലുണ്ടായ തീരുമാനം രാഷ്ട്രീയതീരുമാനമായിരുന്നില്ല; ഉദ്യോഗസ്ഥരുടെ തീരുമാനമായിരുന്നു. അന്വേഷണസംഘത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. അന്വേഷണസംഘത്തിന്റെ നിഷ്പക്ഷതയാണ് ഇവിടെ വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നതായി മന്ത്രി കെ.എം.മാണി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മറുപടി.

ബാര്‍കോഴ േകസുമായി ബന്ധപ്പെട്ട് രണ്ടുതരം നീതി നടപ്പാക്കിയെന്ന് കേരള കോണ്‍ഗ്രസ്(എം) ആരോപിച്ചതു സംബന്ധിച്ച ചോദ്യത്തിന് രണ്ടുനീതിയെന്ന സാഹചര്യം ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നു മറുപടി. കെ.എം.മാണി സീനിയര്‍ മന്ത്രിയാണ്. യു.ഡി.എഫ്. ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കുന്നുണ്ട്. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. 

മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിച്ചിട്ട് അഞ്ചു മാസമായി. ഒരു തെളിവും ഹാജരാക്കാനായില്ല. ഇപ്പോള്‍ മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍.പ്രതാപനോട് വിശദീകരണം ചോദിക്കും


തിരുവനന്തപുരം: ബാര്‍കോഴ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനെതിരെ പരസ്യമായി ആരോപണമുന്നയിച്ച ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.യോട് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'പ്രതാപന്‍ ചെയ്തത് വലിയ തെറ്റാണ്. എ.ജി. നല്ല നിലയിലാണ് കേസ് നടത്തിയത്. എന്തെങ്കിലും അഭിപ്രായവ്യത്യസം ഉണ്ടായിരുന്നെങ്കില്‍ പ്രതാപന് എന്നോട് പറയാമായിരുന്നു. പാര്‍ട്ടി പ്രസിഡന്റിനോട് പറയാമായിരുന്നു. ഇത്തരം നടപടികള്‍ കോണ്‍ഗ്രസ്‌ െവച്ചുപൊറുപ്പിക്കില്ല' -മുഖ്യമന്ത്രി പറഞ്ഞു.

യെമന്‍: രണ്ട് കപ്പലുകള്‍കൂടി അയച്ചു


തിരുവനന്തപുരം: യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് കപ്പലുകള്‍കൂടി അവിടേക്ക് നീങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുംബൈയില്‍നിന്ന് കൂടുതല്‍ കപ്പലുകള്‍ അയയ്ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്നതു മൂലമാണ് കടല്‍മാര്‍ഗ്ഗമുള്ള ഒഴിപ്പിക്കലിന് ശ്രമിക്കുന്നത്. എന്നാല്‍, ഇതിന് പ്രായോഗികമായ തടസ്സങ്ങളുണ്ട്. 450 മുതല്‍ 600 കി.മീ. വരെ ദൂരം സഞ്ചരിച്ച് മാത്രമേ മലയാളികള്‍ക്ക് തുറമുഖത്ത് എത്താനാകൂ. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്. ഇന്ത്യക്കാരുടെ കുടിയൊഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതര്‍ താനുമായുള്ള ചര്‍ച്ചകളില്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.