UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയത് സിപിഎം. കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. ഏറ്റവും കുറവ് കോണ്‍ഗ്രസും. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം.

വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്.

125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതി.

ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ - 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.

അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല.

ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തം. ഇടതുസര്‍ക്കാരിന്റെ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്.

കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.

2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

ജനൽപ്പാളി അടയ്ക്കില്ല; അപ്പുറത്ത് ഉമ്മൻചാണ്ടിയുണ്ട്


ജനപ്രതിനിധിയായിട്ട് 50 ആണ്ട് 

പുതുപ്പള്ളി ചേർന്ന മേൽവിലാസമേയുള്ളൂ ഉമ്മൻചാണ്ടിക്ക്. തിരുവനന്തപുരത്തെ ‘പുതുപ്പള്ളി’ വീടും കോട്ടയത്ത് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീടും. മുഖ്യമന്ത്രിയായിരുന്നപ്പോൾപ്പോലും ആഴ്ചയവസാനം മുടങ്ങാതെ കോട്ടയം പുതുപ്പള്ളിയിലെത്തുന്ന പതിവ് ആദ്യമായി തെറ്റിയത് ലോക്ഡൗൺകാലത്ത്. കോവിഡ് മൂലം നാട്ടിലേക്കു വരാനാകാതെ കുടുങ്ങിക്കിടക്കുന്നവരും അസുഖംമൂലം ബുദ്ധിമുട്ടുന്നവരും ജോലി നഷ്ടമായവരുമൊക്കെ അന്നും ഉമ്മൻചാണ്ടിയെ വിളിച്ചുകൊണ്ടേയിരുന്നു. അവരുടെ പ്രശ്നങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ടുകൊണ്ടേയിരിക്കുന്നു. എങ്കിലും നേരിട്ട് അവരെ കാണാൻ കഴിയാത്ത സങ്കടം. അടുത്തിടെ പുതുപ്പള്ളിയിലെ ഈ വീട്ടിലേക്കുള്ള ആൾവരവ് ആരംഭിച്ചു. പഴയതുപോലെ തിരക്കിൽപ്പെടാൻ പറ്റുന്നില്ല. പകരം വീട്ടിലെ തുറന്നിട്ട ജനലിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നു, ഉമ്മൻചാണ്ടി.  

ഉദാരമനസ്കത വീട്ടിൽനിന്ന് 

 ആ സ്വഭാവം കുടുംബത്തിൽനിന്ന് കിട്ടിയതാണെന്ന് ഉമ്മൻചാണ്ടിയുടെ അധ്യാപകനും 102-ാം വയസ്സുകാരനുമായ സ്കറിയാ തൊമ്മി പറയുന്നു. ‘‘ഒരിക്കൽ നെല്ല് പുഴുങ്ങിയശേഷം പുറത്തുവെച്ചിരുന്ന ചെന്പ് മോഷണം പോയപ്പോൾ കുഞ്ഞൂഞ്ഞിന്റെ അമ്മ പറഞ്ഞതെന്താണെന്നോ, അത്ര ഇല്ലാത്തവരല്ലേ. കൊണ്ടുപോകട്ടേയെന്ന്.’’ ആ ഉദാരമനസ്കത കണ്ട് വളർന്ന കുട്ടിക്ക് വഴിമാറിനടക്കാൻ പറ്റില്ലല്ലോ. ആദ്യ തിരഞ്ഞെടുപ്പുമുതൽ മുടങ്ങാതെ ഉമ്മൻചാണ്ടി ഈ അധ്യാപകന്റെ കൈപിടിച്ചേ തൊട്ടടുത്ത സ്കൂളിൽ വോട്ടുചെയ്യാൻ പോയിട്ടുള്ളൂ. 

 വല്യപ്പച്ചനിൽനിന്ന് പേരും 

 അത്തരം ശീലങ്ങൾ വിട്ടൊരു വഴിനടക്കാൻ തന്റെ കുഞ്ഞൂഞ്ഞിനു കഴിയില്ലെന്ന് സഹോദരിയും പുതുപ്പള്ളി മണലുംഭാഗത്ത് പരേതനായ വി.ജെ. മാത്യുവിന്റെ ഭാര്യയുമായ വൽസമ്മ മാത്യു പറയുന്നു. ‘‘അമ്മാമ്മേയെന്നാണ് കുഞ്ഞൂഞ്ഞും ഇളയ അനിയനും വിളിക്കുന്നത്. അവർ മാത്രമേ അങ്ങനെ വിളിക്കാറുള്ളൂ. അതൊരു സ്നേഹവിളിയാണെന്നു തോന്നാറുണ്ട്.’’ ‘‘സന്തോഷം വരുമ്പോഴല്ലേ, സങ്കടം വരുമ്പോഴല്ലേ കൂടെപ്പിറപ്പ് കൂടെവേണ്ടത്. 1991-ൽ എന്റെ മകൻ സുമോദ് ബൈക്കപകടത്തിൽ മരിക്കുേന്പാൾ കുഞ്ഞൂഞ്ഞ് കൂടെനിന്ന് ആശ്വസിപ്പിച്ചു. ഒട്ടും തളരാതെ. പക്ഷേ, പിന്നീട് ഉമ്മൻചാണ്ടിയുടെ ഒരു അഭിമുഖത്തിൽ ഞാൻ വായിച്ചു. ‘‘ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ചത് സഹോദരിയുടെ മകൻ മരിച്ചപ്പോഴാണെന്ന്. അന്നവന് 26 വയസ്സേയുള്ളൂ’’ -സഹോദരി ഓർമകൾ പങ്കിടുന്നു. അപ്പച്ചൻ കെ.ഒ. ചാണ്ടിയുടെ അപ്പൻ എം.എൽ.സി.യായിരുന്നു. വി.ജെ. ഉമ്മൻ. ആ പേരിൽനിന്നാണ് ഉമ്മൻചാണ്ടി എന്ന പേരിട്ടത്.

 കെടാതെകാക്കുന്ന സ്നേഹം 

 പുതുപ്പള്ളിയിൽ എപ്പോൾ വന്നാലും ഞായറാഴ്ച രാവിലെ ആറിന് പുതുപ്പള്ളി പള്ളിയിലെ ആരാധനയ്ക്ക് ഉമ്മൻചാണ്ടി ഹാജരെന്ന് വികാരി ഫാ. എ.വി. വർഗീസ്. പള്ളിയിലെ കുരിശിനു ചുറ്റുമുള്ള വിളക്ക് കത്തിച്ചിട്ടേ മടക്കമുള്ളൂ. ആത്മീയത കൂടെപ്പിറന്ന നന്മയാണ്. എന്നും എത്ര തിരക്കുണ്ടെങ്കിലും ബൈബിൾ വായിച്ചിട്ടേ ഉറങ്ങൂവെന്നും ഫാദർ പറയുന്നു. ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാലും അതിനെ അതിജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജീവിതം മാതൃകയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ‘‘ആശ്രയിക്കുന്നവരെയും അനുഗമിക്കുന്നവരെയും അംഗീകരിക്കുകയും അവരിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക’’ തന്നോടൊപ്പമുള്ളവരോട് ഉമ്മൻചാണ്ടി പറയുന്ന ഈ പാഠത്തിലാണ് അനുയായികൾക്കും വിശ്വാസം. 

 (രശ്മി രഘുനാഥ്, മാതൃഭൂമി)

2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച

പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്ത്


പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണം. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറണം.

സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്.

പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ പങ്കെടുത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാള്‍ ചെറിയ തുക ക്വോട്ട് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തായി. അദാനിഗ്രൂപ്പ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത് പുറത്തായതുമൂലം തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായി.

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നീ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും വിലക്കുകയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി. അതിന്റെ മരണമണിയാണു മുഴങ്ങുന്നത്. നിലവില്‍ വളരെ ചെറിയ നിരക്കിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അസംസ്‌കൃത വസ്തുവായ യൂക്കാലിപ്റ്റ്‌സ് നല്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ അതു നിലയ്ക്കും. തുടര്‍ന്ന് ഫാക്ടറി നടത്താന്‍ ആര്‍്ക്കും സാധിക്കില്ല. ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നവരുടെ കണ്ണ് അവിടെയുള്ള 700 ഏക്കര്‍ കണ്ണായ സ്ഥലത്തിലാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ വില്‍ക്കാന്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചുകഴിഞ്ഞു. ലോക്ഡൗണ്‍മൂലം ഇതിന്റെ സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയിട്ടുണ്ട്. 9 ലക്ഷം കോടി രൂപ വിലമതിപ്പുള്ള ബിപിസിഎല്‍ സ്ഥാപനങ്ങള്‍ വില്ക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന ഷെയര്‍ വാല്യൂ 90,000 കോടി രൂപ മാത്രമാണ്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ റിഫൈനറിയില്‍ സംസ്ഥാന സര്‍ക്കാരിനു ഷെയര്‍ ഉണ്ട്. സ്ഥലമെടുപ്പു മുതല്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായിട്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെയും അതിശക്തമായി കേരളം എതിര്‍ക്കേണ്ടതാണ്.

കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാന സമ്പത്താണ്. അതു വിറ്റു തുലയ്ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണം.

2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഇടത് സർക്കാർ തല്ലിക്കെടുത്തുന്നത് 45 ലക്ഷം യുവസ്വപ്നങ്ങൾ!


മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നത്.

മൂന്നുവര്‍ഷം കാലാവധിയുള്ള പിഎസ്‌സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരിന്നു യുഡിഎഫ് നയം. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്. ഇതില്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.

യുഡിഎഫ് സര്‍ക്കാര്‍ ആശ്രിതനിയമനത്തിലും വികലാംഗനിയമനത്തിലും കുടിശിക നികത്താന്‍ സൂപ്പര്‍ ന്യൂമറി പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. അതുകൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവരെ ഇതു ബാധിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി 9300 കണ്ടക്ടര്‍മാരെ നിയമിച്ചപ്പോള്‍ എംപാനലിലുള്ള പതിനായിരത്തില്‍പ്പരം പേര്‍ക്ക് ്‌നിയമനം നല്കി. അധ്യാപക പാക്കേജിലും പതിനായിരത്തിലധികം അധ്യാപകര്‍ക്ക് നിയമനം നല്കി. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിയമപരമായ രീതിയില്‍ തന്നെ പിഎസ്‌സി ലിസ്റ്റിലുള്ളവരെ സഹായിക്കാന്‍ സാധിക്കും

ഇടതു സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനില്‍ക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്സി നിയമനം നിഷേധിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണം.


2020, ജൂലൈ 7, ചൊവ്വാഴ്ച

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.


സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.

സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു  നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.

2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു.

വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.

എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയല്‍ വരെ നടത്തി. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു.

ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.

ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ  അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം.  കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്.

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.

2020, മേയ് 29, വെള്ളിയാഴ്‌ച

വീരേന്ദ്രകുമാര്‍ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി


പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍,എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവനും പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എന്നും സ്മരിക്കും. മാനുഷികമൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം ഏറെ അകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികില്‍സാ വയനാട്ടിലും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രചോദനം നല്‍കിയത് വിരേന്ദ്രകുമാറാണ്. മെഡിക്കല്‍ കോളജിന് ആവശ്യമായ മുഴുവന്‍ സ്ഥലവും വിരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായാണ് നല്‍കിയത്.

നീണ്ടകാലത്തെ അടുത്ത സൗഹൃദ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും ആത്മസംയമത്തോടെ പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറിനെയാണ് എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.

യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ഥ ചേരികളില്‍ നിന്ന് പ്രവര്‍ത്തിച്ചപ്പോഴും എന്നോട് ആത്മാര്‍ഥമായ സൗഹ്യദം പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികൾ.


2020, മേയ് 24, ഞായറാഴ്‌ച

വയ്പ്പകൾക്ക് മൊറോട്ടോറിയം കാലപരിധി ആഗസ്റ്റ് 31 വരെ നീട്ടാനുള്ള ബാങ്കിന്റെ തീരുമാനം സ്വാഗതാർഹമാണ്


പക്ഷെ അതുകൊണ്ട് കാർഷിക മേഖലയ്ക്കും എം.എസ്.എം.ഇ മേഖലയ്ക്കും കാര്യമായ പ്രയോജനം ഉണ്ടാവില്ല. ഒന്നാമത്തെ കാര്യം നോട്ടുനിരോധന പ്രഖ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൂണിന്മേൽ കുരു എന്ന പോലെ കോവിഡ് രോഗ വ്യാപനം സാമ്പത്തിക രംഗത്തെ നിശ്ചലമാക്കി. മാർച്ച് 1 മുതൽ മൂന്ന് മാസമായി സമ്പത്ഘടന ചലനരഹിതമാണ്. എല്ലാം  പൂട്ടികെട്ടി എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. ക്രയശേഷി ഇല്ലാതെയായി. സാമ്പത്തിക രംഗവും വ്യാപാര മേഖലയും സ്തംഭിച്ചു. ഇതിൽ നിന്നും മോചനം ഇല്ലാതെ ഒരു വയ്പ്പയും തിരിച്ചടക്കാൻ ആവാത്ത സ്ഥിതിയാണ് . 

സാമ്പത്തിക പാക്കേജുകളിൽ ഉൾപ്പെടുത്തി സമൂഹത്തിലെ ഏറ്റവും താഴെകിടയിൽ ഉള്ളവർക്ക് നേരിട്ട് പൈസ എത്തിക്കുകയാണ് സർക്കാർ തയ്യാറാവണം .  മൊറോട്ടോറിയം കാലഘട്ടത്തിലെ   പലിശ മുഴുവൻ എഴുതി തള്ളുകയും 25 ലക്ഷം രൂപയോ അതിൽ കുറവായിട്ടുള്ള വിദ്യാഭ്യാസ വായ്‌പ അടക്കം ഉള്ള എല്ല വയ്പ്പകളുടെ കാപ്പിറ്റൽ ലോൺ സംഖ്യയിൽ നിന്ന്  5 ലക്ഷം രൂപയെങ്കിലും കുറവ് ചെയ്യാനും കേന്ദ്ര ഗവർണമെന്റ് തയ്യാറാകണം.അല്ലാതെ മൊറോട്ടോറിയം കാലാവധി നീട്ടുന്നത് ഒരു കാലിലെ മന്ത് മറുകാലിലേക്കു മാറ്റുന്നതിന് തുല്യമായിരിക്കും.

2020, മാർച്ച് 31, ചൊവ്വാഴ്ച

റെയില്‍വെ വാഗണിലൂടെ അവശ്യവസ്തുക്കള്‍ കൊണ്ടുവരണം


കേരള അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളുടെ കാര്യത്തില്‍ കര്‍ണ്ണാടക ഗവണ്മെന്റ് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ റെയില്‍വേ വാഗണ്‍ വഴി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം.

പ്രധാനമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചെക്ക്‌പോസ്റ്റുകള്‍ വഴി ലോറി ഗതാഗതം പൂര്‍ണ്ണതോതില്‍ അടിയന്തരമായി പുനരാരംഭിക്കണം. രണ്ടു ദിവസത്തിനകം അവശ്യ വസ്തുക്കളുടെ ലഭ്യത പൂര്‍ണ്ണതോതില്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ വില കുതിച്ചു കയറും.

കേരള അതിര്‍ത്തിയിലെ തലപ്പാടി (മഞ്ചേശ്വരം) പെരുമ്പാട്ടി (മാക്കൂട്ടം) മുത്തങ്ങ (വയനാട്) എന്നീ പ്രധാന ചെക്ക്‌പോസ്റ്റുകള്‍ വഴി ചരക്കു ലോറികള്‍ യഥാസമയം എത്തേണ്ടത് കേരളത്തിന് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ചരക്കു ലോറികളുടെ വരവും പോക്കും ഏതാണ്ട് നിലച്ചിരിക്കുന്നു. ഇത് നീണ്ടാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും.

കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഈശ്വരമംഗലം പോലുള്ള കര്‍ണ്ണാടകത്തിലെ ചെറുനഗരങ്ങളെയാണ്. പ്രധാന റോഡ് വഴിയുള്ള ഗതാഗതം തടയുകയും ഇടറോഡുകള്‍ കര്‍ണ്ണാടക ഗവണ്മെന്റ് മണ്ണിട്ട് തടസ്സപ്പെടുത്തുകയും ചെയ്തതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. അവശ്യ സാധനങ്ങള്‍, ആശുപത്രി തുടങ്ങി എല്ലാ അടിയന്തര സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ദേലംപടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ.


28 March 2020

2020, മാർച്ച് 29, ഞായറാഴ്‌ച

കൊവിഡ്: കാസര്‍കോട് ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ അടിയന്തരശ്രദ്ധ ചെലുത്തണം


കോവിഡ് 19 കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് കാസർഗോഡ് ജില്ലയെയാണ്. ഈ അവസരത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള ജില്ലാ എന്ന നിലയിലും കേരളത്തിലെ അതിർത്തി ജില്ല എന്ന നിലയിലും ചില അതീവഗൗരവമേറിയ പ്രശനങ്ങൾ കാസർഗോട്ട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ബഹു.മുഖ്യമന്ത്രിക്ക് കത്ത് നൽകി

കാസർഗോഡ് ജില്ലയിലെ സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. അതിലുപരി കാസർഗോഡ് ജില്ലയിലെ ജനങ്ങൾ വിദഗ്ധ ചികിത്സക്ക് മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്.
കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവണ്മെന്റ് കേരള അതിർത്തി അടച്ചിട്ടിരിക്കുകയാണ് . ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കാസർഗോട്ടെ ജനങ്ങളെയും രോഗികളെയുമാണ് . ചരക്ക് നീക്കത്തെയും ഇത് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. പല റോഡുകളും മണ്ണിട്ട് തടഞ്ഞിട്ടിരിക്കുകയാണ് . ദേലമ്പടി പഞ്ചായത്ത്‌ പബ്ലിക് ഹെൽത്ത് സെന്ററിലേക്ക് പോകുവാൻ പോലും ഇപ്പോൾ സാധ്യമല്ല. ഇരുചക്രവാഹനങ്ങളക്ക് പോലും കേരളത്തിലെ പി. എച് . സി യിലേക്ക് പോകുവാൻ ഇതുമൂലം സാധിക്കുന്നില്ല.

കൊറോണ രോഗം പടര്ന്നു തുടങ്ങിയ സമയത്തു കർണാടക മെഡിക്കൽ ടീം പനി പരിശോധിച്ച് , ഇല്ലാത്ത രോഗികളെ മംഗലാപുരത്തേക്ക് കടത്തിവിട്ടിരുന്നു. ഇപ്പോൾ ഗുരുതരമായ അസുഖങ്ങളുമായി വന്ന 30 ആംബുലന്സുകളെ തലപ്പാടി ചെക്പോസ്റ്റിൽ നിന്നും തിരിച്ചയതായി വിവരം ഉണ്ട് . ചെക്ക് പോസ്റ്റിൽ തടഞ്ഞ ഒരു ഗർഭിണി ആംബുലൻസിൽ പ്രസവിച്ചു. അബ്ദുൽ ഹമീദ് ( 60 വയസ്സ്) എന്ന വ്യക്തി ആശുപത്രിയിൽ പോകുവാൻ അനുവദിക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചു. പ്രശ്നം അതീവ ഗുരുതരമാണ് . കൊറോണ രോഗികളെ തടയുന്നത്‌ മനസ്സിലാക്കാം , അല്ലാത്ത രോഗികളെ തടയുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കർണാടകം മുഖ്യമന്ത്രിയെ ധരിപ്പിച്ചു ഇപ്പോഴത്തെ മൊത്തമായ നിരോധനം മാറ്റുവാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഒപ്പം അവശ്യസാധനങ്ങളുടെ സുഗമമായ ചരക്കുനീക്കവും ചെക്ക്പോസ്റ്റിലുടെ നടക്കേണ്ടത് അനിവാര്യ്മാണ്.ഇല്ലെങ്കിൽ അത് കേരളത്തിൽ വിലക്കയറ്റത്തിന് വഴിയൊരുക്കും.

ഇപ്പോൾ കാസർഗോഡ് ജില്ലയിലെ രോഗികളെയെല്ലാം അവിടുത്തെ ജനറൽ ആശുപത്രിയിലാണ് ഉള്ളത്. ഡോക്ടർമാരും, നേഴ്സ്മാരും , മറ്റു സർക്കാർ സംവിധാനങ്ങളെല്ലാം ഈ പരിമിധിക്കുള്ളിൽ നിന്ന് തന്നെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്നുണ്ട്. കൂടുതൽ കൊറോണ രോഗികൾ ഉള്ള സ്ഥിതിയിൽ സർക്കാർ ഇവിടെ നല്ല പരിഗണന നൽകുകയും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം .

പഞ്ചായത്തു- മുൻസിപ്പാലിറ്റി വാർഡുകളിൽ മെമ്പർമാർ അധ്യക്ഷന്മാരായി ജാഗ്രത കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ പലരെയും പോലീസ് തടയുന്നതായി പരാതിയുണ്ട് . അതിന് അടിയന്തര പരിഹാരം ഉണ്ടാക്കണം.

കേരളത്തിലെ മറ്റു ജില്ലകളിൽ നിന്ന് വത്യസ്ത സാഹചര്യം ഉള്ള കാസർഗോട്ടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിന് മുഖ്യമന്ത്രി അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.


28 March 2020

നവോദയ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നടപടി വേണം


മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തില്‍ നിന്നുള്ള നൂറ് നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉടനടി തിരികെ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമാനവശേഷി വികസന മന്ത്രി രമേശ് പോഖ്രിയാളിന് കത്തു നല്കി.

കേന്ദ്രസര്‍ക്കാരിന്റെ ദേശീയോദ്ഗ്രഥന പദ്ധതി പ്രകാരം സംസ്ഥാനത്തെ നവോദയ സ്‌കൂളുകളില്‍ പഠിക്കുന്ന 30 ശതമാനം കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒരു വര്‍ഷത്തെ പഠനത്തിന് അയച്ചിരിക്കുകയാണ്. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിലെ കുട്ടികളാണ് ഈ പദ്ധതി പ്രകാരം പഠിക്കാന്‍ പോയത്. ക്ലാസ് തീര്‍ന്നതിനെ തുടര്‍ന്ന് 8 ജില്ലകളിലെ കുട്ടികള്‍ മടങ്ങിയെത്തിയെങ്കിലും ബാക്കി 5 ജില്ലകളിലെ കുട്ടികള്‍ക്ക് മടങ്ങാനാകുന്നില്ല.

കൊല്ലം ജില്ലയിലെ 18 കുട്ടികള്‍ മധ്യപ്രദേശിലെ ബെറ്റാല്‍, ആലപ്പുഴയിലെ 19 പേര്‍ യുപിയിലെ അമേത്തി, എറണാകുളം ജില്ലയിലെ 19 പേര്‍ യുപിയിലെ ബെല്യ, വയനാട്ടിലെ 21 പേര്‍ ഉത്തരഖാണ്ഡിലെ നൈനിറ്റാല്‍, തിരുവനന്തപുരത്തെ 23 പേര്‍ ഹരിയാനയിലെ കര്‍ണല്‍ എിവിടങ്ങളിലാണ് കുടുങ്ങിക്കിടക്കുന്നത്.

അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ എത്രയും വേഗം കേരളത്തില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കത്തുനല്കിയിരുന്നു.
MARCH 24, 2020

2020, മാർച്ച് 21, ശനിയാഴ്‌ച

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി; ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം


കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബെവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണ്‌.

സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം  1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍, ചില പഴുതകള്‍ ഒഴിച്ചിടുന്നത് അപകടകരമാണ്.

ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം.




#CoronaVirus
#StaySafeFromCoronaVirus

WEDNESDAY, MARCH 18, 2020

2020, മാർച്ച് 16, തിങ്കളാഴ്‌ച

കോവിഡ് 19: ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടണം


കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലേയും കസ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ടലെറ്റ്കള്‍ പൂട്ടണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഞാൻ ആവശ്യപ്പെട്ടു.

ഇത് ഉള്‍പ്പെടെ ഏഴിന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തിലുണ്ട്.

1) കോവിഡ്-19 സാമ്പത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍നഷ്ടം, വ്യാപാരരംഗത്തെ മാന്ദ്യം, കാര്‍ഷിക ഉല്പങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്കണം. മുഖ്യമന്ത്രി അടിന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് ഗവണ്മെന്റ് നിര്‍ദ്ദേശം നല്കുകയും വേണം.

2) വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കണം.

3) ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.

4) തൊഴില്‍ഉറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഗവമെന്റ് കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് അതു വലിയ ആശ്വാസമാകുകയും ചെയ്യും.

5) എട്ട്, ഒന്‍പത് ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദ് ചെയ്യുക.

6) ഇറാനിലുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണം

രോഗം വ്യാപിക്കാതെ ഇരിക്കുവാനും രോഗികള്‍ക്ക് പരമാവധി മെച്ചപ്പെട്ട ചികിത്സ നൽകുവാനും ജനങ്ങളുടെ ദുരിതം പരമാവധി പരിമിതപ്പെടുത്തുവാനുമാണ് ഈ നിര്‍ദേശങ്ങൾ..

#CoronaVirus
#StaySafeFromCoronaVirus
MONDAY, MARCH 16, 2020

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാന്‍


സംസ്ഥാനത്തു വില്‍ക്കുന്ന ആറു ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരു നടപടിയാണ് .വില കൂടുന്നതോടെ വില്‍പ്പന കുറയുകയും അന്ധര്‍, ബധിരര്‍, നിത്യരോഗികള്‍, മറ്റൊരു വേലയും ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങിയ രണ്ടരലക്ഷത്തോളം പേരുടെ ജീവിതം ഇരുളടയുകയും ചെയ്യും.

അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്കു കൊണ്ടുവരാനുള്ള നിഗൂഢ അജന്‍ഡയും പാവങ്ങളുടെ ചെലവില്‍ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുകയെ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെ്.

ജിഎസ്ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്കുവരാന്‍ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ വിലവര്‍ധന മൂലം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കേരള ലോട്ടറിയെ വിഴുങ്ങാന്‍ ഭീമാകാരത്തോടെ അന്യസംസ്ഥാന ലോട്ടറി തയാറായി നില്ക്കുന്നു. അതിന് ഇനി അധികം നാളുകളില്ല. കേരള ലോട്ടറിയുടെ വില 40 രൂപയാക്കിയപ്പോള്‍, മിസോറാം ടിക്കറ്റ് 35 രൂപയ്ക്കാണ് വില്ക്കാന്‍ പോകുന്നത്.

ലോട്ടറി രാജാവ് മാര്‍ട്ടിനുമായി ബന്ധമുള്ള വെസ്റ്റ് ബംഗാള്‍ ലോട്ടറി സ്റ്റോക്കിസ്റ്റ്‌സ് സിന്‍ഡിക്കറ്റ് ജിഎസ്ടി രജിസ്‌ട്രേഷന് സംസ്ഥാന ജിഎസ്ടി ഓഫീസില്‍ നല്കിയ അപേക്ഷ തള്ളിയതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ച് പുതിയ അപേക്ഷ നല്കാന്‍ ഉത്തരവ് നേടി. ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി ഓഫീസ് അപേക്ഷ തള്ളിയത്. അവ പരിഹരിച്ച് പുതിയ അപേക്ഷ നല്കുമ്പോള്‍, അവരുടെ പാത സുഗമമാകും.

ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയതുകൊണ്ട് ഏജന്റുമാരുടെയും ലോട്ടറി വില്പനക്കാരുടെയും വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കാനാണ് ഈ നടപടി എന്നാണ് ധനമന്ത്രി നല്കുന്ന ന്യായീകരണം. എന്നാല്‍, ജിഎസ്ടി 28 ശതമാനം ആകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 14 ശതമാനം നികുതി ലഭിക്കും എന്നതിലാണ് ധനമന്ത്രിയുടെ കണ്ണ്. 2018-19ല്‍ ജിഎസ്ടിയില്‍ നിന്ന് 555 കോടി രൂപയാണ് ഖജനാവിലേക്കു ലഭിച്ചത്. ലോട്ടറിയില്‍ നിന്ന് ആ വര്‍ഷം 1679 കോടി രൂപ അറ്റാദായവും കിട്ടി. ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടി ആദായവും ജിഎസ്ടി വരുമാനവും കൂട്ടുക എതാണ് ധനമന്ത്രിയുടെ മറ്റൊരു ലക്ഷ്യം.

ഇടതുസര്‍ക്കാരിന്റെ ചരിത്രം പരിശോധിച്ചാല്‍ അന്യസംസ്ഥാനലോട്ടറിയുമായുള്ള അവരുടെ അഭേദ്യമായ ബന്ധം തെളിഞ്ഞു കാണാം. യുഡിഎഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ച ശേഷം ഇടതുഭരണകാലമായ 2018 ഏപ്രില്‍ 18ന് മാര്‍ട്ടിന്റെ പരസ്യം ദേശാഭിമാനി ഉള്‍പ്പെടെ പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തിലേക്കു വരില്ല എന്ന ധനമന്ത്രിയുടെ വാദഗതി പൊളിച്ചുകൊണ്ടാണ് പരസ്യം വന്നത്. മാര്‍ട്ടിനെ നിയമപരമായ വഴികളിലൂടെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ സര്‍ക്കാര്‍ വളഞ്ഞവഴി തേടുകയാണ്.

2020, ഫെബ്രുവരി 10, തിങ്കളാഴ്‌ച

കേരളത്തിലെ സമരങ്ങളെ പ്രധാനമന്ത്രി അപമാനിക്കുന്നു

നെഹ്റു ദർശന വേദി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരങ്ങളെ പ്രധാനമന്ത്രി അപമാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് ഇതിനുള്ള അവസരം ഒരുക്കി.

പൗരത്വ നിയമം ന്യായീകരിക്കാൻ വേണ്ടി രാഷ്ട്രപിതാവിനെ പോലും അവഹേളിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരളത്തിൽ സമരം നടത്തുന്നവരെ അപമാനിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ പോലും മുഖ്യമന്ത്രിക്കായില്ലാ.


2020, ജനുവരി 31, വെള്ളിയാഴ്‌ച

ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയം; എതിര്‍ക്കാനാണ് നീക്കമെങ്കില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടും


ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.

എല്ലാ എംഎല്‍എമാരും ചേര്‍ന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ ആക്ഷേപിച്ചശേഷം അതില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രീതിപ്പെടുത്താന്‍ അദ്ദേഹം ഗവര്‍ണര്‍ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ച് ഓടിനടന്നാണ് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ പ്രചാരണം നടത്തുന്നത്. അതുകൊണ്ട് ഒരു കാരണവശാലും ഗവര്‍ണറുമായി സഹകരിക്കാന്‍ കഴിയില്ല.

ഗവര്‍ണര്‍റെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹം അതിനു തയാറാകാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രമേയത്തിനു മുന്‍കയ്യെടുത്തത്. പ്രമേയം തോല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതോടെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടും.


(JANUARY 28, 2020)

2020, ജനുവരി 6, തിങ്കളാഴ്‌ച

സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് പഞ്ചായത്തുകളെ സഹായിക്കണം

ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ചതിലും ട്രഷറി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ പാമ്പാടിയിൽ നടത്തിയ ട്രഷറി മാർച്ചും കൂട്ട ധർണ്ണയും ഉദ്ഘാടനം ചെയ്യുന്നു

സാമ്പത്തിക  ഞെരുക്കത്തിന്റെ പേരിൽ ത്രിതലപഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ച് സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് പഞ്ചായത്തുകളെ സഹായിക്കണം.  ട്രഷറി നിയന്ത്രണം മൂലം  പഞ്ചായത്തുകളിൽ ഭരണ സ്തംഭനം തന്നെ നിലനിൽക്കുകയാണ്.


2020, ജനുവരി 5, ഞായറാഴ്‌ച

അമിത് ഷായുടേത് ഏകാധിപതിയുടെ ശബ്ദം

പൗരത്വ നിയമത്തിനെതിരെ പെരുമ്പാവൂരിൽ നിന്ന് ആലുവയിലേക്ക് കോൺഗ്രസ് നടത്തിയ ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

അമിത് ഷായുടെ ശബ്ദം ഏകാധിപതിയുടെ ശബ്ദമാണ് അതിനെതിരെ ഇന്ത്യ ഒറ്റ ശബ്ദമായി മുഴങ്ങണം. ‘ആരെന്തു സമരം ചെയ്താലും പൗരത്വ നിയമം നടപ്പാക്കുമെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വാക്കുകൾ മതനിരപേക്ഷതയും ജനാധിപത്യ അവകാശങ്ങളും സാമൂഹിക നീതിയും തകർക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ്.

അതു മുളയിലേ നുള്ളണം. ബിജെപി പ്രചരിപ്പിക്കുന്നതു പോലെ ഇത് ഒരു വിഭാഗത്തിന്റെ സമരമല്ല. 130 കോടി ജനങ്ങളുടെ സമരമാണ്. പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ ഇന്ത്യയിൽ മുൻപൊരിക്കലും ഇത്ര വലിയ പ്രക്ഷോഭം നടന്നിട്ടില്ല.

മതനിരപേക്ഷത പ്രാണവായുവാണ്. അതു നഷ്ടപ്പെടുത്തി എന്തിനു ജീവിക്കണം?  

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്. ജനകീയ സമരങ്ങളെയും അതിന്റെ മുന്നിൽ നിൽക്കുന്നവരെയും ഇന്ത്യയിൽ ഒരു ഗവർണറും ഇതുപോലെ പരിഹസിച്ചിട്ടില്ല’.



#NoCAA
#NoNRC
#JanakeeyaYathra

2020, ജനുവരി 4, ശനിയാഴ്‌ച

ഗവര്‍ണര്‍ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം

കെ.മുരളീധരൻ എം പി നയിക്കുന്ന ദേശരക്ഷാ ലോങ് മാർച്ച് കോഴിക്കോട് കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു

“നിയമസഭ ഐകകണ്ഠേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്നത് ഗവര്‍ണര്‍ തന്നെ പരിശോധിക്കണം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഓരോ പദവിയിലിരിക്കുമ്പോഴും പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചാണ് വ്യക്തികൾക്ക് ആദരം ലഭിക്കുന്നത്,”


2019, ഡിസംബർ 25, ബുധനാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ട

കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ടെ. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും ഭിന്നിപ്പിക്കാനുമല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് മോദിയും അമിത് ഷായും മനസ്സിലാക്കണം. 

ജനാധിപത്യ രാജ്യത്ത് കേള്‍ക്കേണ്ട സ്വരമല്ല ഭരണാധികാരികളുടെ വായില്‍ നിന്ന് പുറത്തുവരുന്നത്. രാജ്യത്തെയും ജനങ്ങളെയും മറന്ന് പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഇന്നത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്.

2019, ഡിസംബർ 23, തിങ്കളാഴ്‌ച

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം


ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധം പൗരത്വനിയമ ഭേദഗതിക്കെതിരേ ഉയരുമ്പോള്‍, സമരം ചെയ്യുവര്‍ സമരം ചെയ്യട്ടെ, ഞങ്ങള്‍ ആ നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഏകാധിപതികള്‍ക്കു മാത്രം യോജിച്ചതാണ്.

പൗരത്വഭേദഗതി നിയമം അടിയന്തരമായി പിന്‍വലിക്കാൻ സർക്കാർ തയ്യാറാകണം.

ഏകാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മംഗലാപുരത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പോലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുത്. വെടിവച്ചു കൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടവും തുടര്‍നടപടികളും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഉള്‍പ്പെടുന്ന മാധ്യമസംഘം. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് മലയാളി മാധ്യമസംഘം. അവര്‍ ഒരു നിയമവും ലംഘിച്ചതായി അധികൃതര്‍ പറയുന്നില്ല. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള അവര്‍ക്ക് തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളുമായോ പുറംലോകവുമായോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു ഇരുണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടര്‍ന്ന് വരാന്‍ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാന്‍ കഴിയൂ.

ഇത് ഒരു വലിയ ജനവിഭാഗത്തില്‍ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്‌ഫോടനാത്മകമായ സംഘര്‍ഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു.

പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നതില്‍ കാമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നോക്കിയാല്‍ അതിനു കനത്ത തിരിച്ചടി ഉണ്ടാകും.

പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആ കടമ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.

വിദ്യാര്‍ത്ഥി യുവജന സമൂഹമാണ് ഇപ്പോള്‍ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവര്‍ക്ക് തൊഴിലില്ല. രാജ്യത്തെ സര്‍വകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ നോക്കുന്നത്. കാമ്പസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെയും പോലീസ് തേര്‍വാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ജയിലിലടക്കുന്നു.

ബിജെപി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണ്. അവര്‍ പാര്‍ട്ടിയുടെ അജന്‍ഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും പരിഹാരമില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്.

ഇന്ത്യാ വിഭജനകാലത്ത് മുസ്ലീം ജനവിഭാഗത്തെ സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും ആ ദൗത്യത്തിനിടയില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഇത് കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ അതിന് കനത്ത വിലനൽകേണ്ടതായി വരും.