UDF

2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കെ.എം.ചുമ്മാർസാർ: ആദർശ മുഖത്തിന്റെ ആൾരൂപം

 


കോൺഗ്രസ് പ്രസ്ഥാനത്തിലെ ആദർശമുഖത്തിന്റെ ആൾരൂപമായിരുന്നു കെ.എം.ചുമ്മാർസാർ. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്  വരെ അദ്ദേഹം പാർട്ടിക്ക് വേണ്ടി എന്ത് ബുദ്ധിമുട്ടുകളും സഹിച്ച് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തക്കുറിച്ചും ഗാന്ധിജി, നെഹ്റു, പട്ടേൽ തുടങ്ങി കോൺഗ്രസിന്റെ ഉജ്ജ്വല നേത്യനിരയെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങൾ ഇന്നും ഓർക്കുന്നുണ്ട്. പുതിയ തലമുറയ്ക്കും വരും തലമുറകൾക്കും ചരിത്രപുസ്തകം കൂടിയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും  കുറിപ്പുകളും.

കെ.എസ്.യു പ്രവർത്തകനായി കോട്ടയത്ത് സജീവമായ കാലയളവിലാണ് ചുമ്മാർ സാറിനെ പരിചയപ്പെടുന്നത്. ഏറ്റവും ആദരവോടെയാണ് അന്ന് അദ്ദേഹത്തെ നോക്കി കണ്ടത്. പിന്നീട് കെ.എസ്.യൂ ജില്ലാ സെക്രട്ടറി ആയപ്പോൾ കൂടുതൽ അടുത്ത് ഇടപഴകാൻ സാധിച്ചു. കെ.എ സ് .യു, യൂത്ത്കോൺഗ്രസ് ക്യാമ്പുകളിൽ അക്കാലത്ത് പതിവ് പ്രഭാഷകൻ ആയിരുന്നു ചുമ്മാർ സാർ. ചുമ്മാർ സാറിന്റെ ക്ലാസ്സ് ഇല്ലാതെ കെ.എസ്.യു. യൂത്ത് കോൺഗ്രസ് ക്യാമ്പുകളൊന്നും ആ കാലയളവിൽ ഉണ്ടായിട്ടില്ല. 

എം.എ ജോൺ, വയലാർരവി, എ.കെ.ആന്റണി, എ.സി.ജോസ് തുടങ്ങിയ നേതാക്കൾ  സംസ്ഥാന തലത്തിൽ നയിച്ച കാലഘട്ടത്തിൽ ചുമ്മാർ സാറിന്റെ നേത്യത്വത്തിൽ കുര്യൻ ജോയി, സി.ടി. കുരുവിള തുടങ്ങിയവർക്ക് ഒപ്പം കോട്ടയത്ത് പ്രവർത്തിച്ചത് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. ഒപ്പമുള്ളവർക്ക് വലിയ ആവേശമായിരുന്ന ചുമ്മാർ സാറിന് പാർട്ടിയോടുള്ള സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കില്ല. 

പാർട്ടിയിൽ ഔദ്യോഗികമായി അദ്ദേഹം കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വരെ മാത്രമേ എത്തിയുള്ളൂ എങ്കിലും അതിനും അപ്പുറം കോൺഗ്രസിന്റെ സമുന്നതമായ ഒന്നാം നേതൃനിരയിൽ പോലും ആദരവ് പിടിച്ചു പറ്റിയ ചുമ്മാർ സാർ എല്ലാവരുടെയും ഗുരുസ്ഥാനീയനായ കോൺഗ്രസ് നേതാവ് ആയിരുന്നു. ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പോലും ആദരവ് ഏറ്റുവാങ്ങിയ അപൂർവമായ നേതാവായിരുന്ന ചുമ്മാർ സാർ. ഈ ആദരവിന് ഏറ്റവും അധികം അർഹനുമായിരുന്നു.  അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.