UDF

2016, മേയ് 10, ചൊവ്വാഴ്ച

പ്രിയ സുഹൃത്തേ,


(കേരളത്തിലെ സമ്മതിദായകർക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കത്ത്...)

പതിനാലാം നിയമസഭയിലേക്ക് മെയ് 16ാം തീയതി 
തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. താങ്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഉണ്ടാകണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

അഞ്ചു വർഷം കഠിനമായി അധ്വാനിച്ചാണ് യു.ഡി.എഫ് സർക്കാർ വികസനത്തിലും കരുതലിലും പുതിയൊരു ചരിത്രം സൃഷ്ടിച്ചത്. അഞ്ചു വർഷം കൊണ്ട് നാല് മെഗാ പദ്ധതികളാണ് നടപ്പാക്കിയത്. അഞ്ചു വർഷം കൊണ്ട് 245 പാലങ്ങൾ! 11 പുതിയ ഗവൺമെന്റ് മെഡിക്കൽ കോളജുകൾ! ഇത്തരം നിരവധി വിസ്മയങ്ങൾ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായി. അർഹിക്കുന്ന എല്ലാവരിലേക്കും ക്ഷേമമെത്തി. ഒരു രൂപയ്ക്ക് അരി അഞ്ചു വർഷത്തേക്ക് നൽകി എന്നു മാത്രമല്ല, ഇപ്പോഴത് സൗജന്യമാക്കുകയും ചെയ്തു. സാൻറിയാഗോ മാർട്ടിൻ കടത്തിക്കൊണ്ടു പോയിരുന്ന ലോട്ടറി പണം കാരുണ്യ ലോട്ടറിയിലൂടെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിച്ചു. ജനസമ്പർക്ക പരിപാടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയെല്ലാം പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങളായി. എല്ലാ മന്ത്രിസഭാ യോഗങ്ങളിലും 150 മുതൽ 200 വരെ പേർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകി. മന്ത്രിസഭാ യോഗത്തിൽ വരെ പാവപ്പെട്ടവർക്ക് പ്രാമുഖ്യം നൽകി.

വ്യക്തിക്കോ സമൂഹത്തിനോ പ്രതിസന്ധി ഉണ്ടായപ്പോഴൊക്കെ സർക്കാരിന്റെ സഹായഹസ്തം നീണ്ടു. നമ്മുടെ യുവാക്കളെ സ്റ്റാർട്ടപ്പുകളിലൂടെ സംരംഭകരാക്കി. മദ്യനിരോധനം ഏർപ്പെടുത്തി. 

ഉടനെ താഴെ വീഴുമെന്ന് പ്രതീക്ഷിച്ച സർക്കാർ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് മുന്നേറിയപ്പോൾ പ്രതിപക്ഷം അതിരൂക്ഷമായ പ്രക്ഷോഭത്തിന്റെ കെട്ടഴിച്ചുവിട്ടു. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിൽ പോലും കടന്നാക്രമിച്ചു. സെക്രട്ടേറിയറ്റിൽ കയറ്റാതിരിക്കാനും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും റോഡിലൂടെ സഞ്ചരിക്കാതിരിക്കാനും ശ്രമിച്ചു നോക്കി. ടി പി ചന്ദ്രശേഖരന്റേത് ഉൾപ്പെടെയുള്ള നിരവധി കൊലപാതകങ്ങളിലൂടെ സി പി എം കേരളത്തിന്റെ സമാധാനം കെടുത്തി. യു.ഡി.എഫ് സർക്കാർ ധൈര്യപൂർവം നടപ്പാക്കിയ മദ്യനിരോധനം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം ഇപ്പോൾ. നമ്മുടെ വീടുകളിലും സമൂഹത്തിലും ഇപ്പോൾ കാണുന്ന സമാധാനവും ഗുണപരമായ മാറ്റവും അവർ കാണുന്നില്ല. 

കേരളം വീണ്ടും മദ്യത്തിൽ മുങ്ങാതിരിക്കാനും കണ്ണൂർ മോഡൽ അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും യുവാക്കൾക്ക് സ്വന്തം കാലിൽ നിൽക്കാനും വികസനവും ക്ഷേമവും തുടരാനും യു.ഡി.എഫ് സർക്കാർ തുടരേണ്ടതാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?

മതേതര ജനാധിപത്യ മൂല്യങ്ങൾ ദേശീയ തലത്തിൽ കടുത്ത ഭീഷണി നേരിടുന്നു. വിഭജന രാഷ്ട്രീയത്തിലൂടെയാണ് ഇപ്പോൾ രാജ്യം ഭരിക്കപ്പെടുന്നത്. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ  ദേശീയ തലത്തിൽ സംരക്ഷിക്കുന്ന കോൺഗ്രസിനെയും സംസ്ഥാനതലത്തിൽ സംരക്ഷിക്കുന്ന യു.ഡി.എഫിനെയും ശക്തിപ്പെടുത്താനുള്ള അവസരമായിട്ടു കൂടി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളം ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണ്. കേരളം ഇനിയും വളരണം. നിങ്ങളുടെ മണ്ഡലവും വളരണം. യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാലേ അതു സാധ്യമാകൂ. അതിന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം,

ഉമ്മൻ ചാണ്ടി