UDF

2016, മേയ് 14, ശനിയാഴ്‌ച

മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത വികസനമാണ് നടത്തിയത്


ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്‍.ഡി.എഫ് മനപ്പൂര്‍വം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം പ്രചാരണം അവസാനിക്കാറായ ഘട്ടത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ വികസനം എല്‍.ഡി.എഫ്. ഒരു പ്രചാരണ വിഷയമാക്കാത്തത് ഇതുകൊണ്ടാണ്. യു.ഡി.എഫ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ വന്‍കിട വികസന പദ്ധതികളും ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാകുക.

മനുഷ്യ വിഭവ സൂചികകളുടെ (ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ഇന്റക്‌സ്) അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് എന്നു മാത്രമല്ല, ബ്രിട്ടണ്‍, ജര്‍മനി എന്നീ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്നു കാണാനാകും.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയുടെ മുന്നിലെത്തി. 2014-15ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.31 ശതമാനം ആയിരുന്നു, ഇന്ത്യയുടേത് 10.5 ശതമാനവും.

കാര്‍ഷിക, വ്യാവസായിക പശ്ചാത്തല സൗകര്യ മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച നേടാതെ മനുഷ്യ വിഭവ സൂചികകള്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്താനാകില്ലെന്ന പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനം എത്തിച്ചേര്‍ന്നിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ വ്യാവസായിക പശ്ചാത്തല മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കിയത്.

20,000 കോടി രൂപയോളം മുതല്‍മുടക്കുള്ള വന്‍കിട വികസന പദ്ധതികളാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, സ്മാര്‍ട്‌സിറ്റി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, 245 പാലങ്ങള്‍ എന്നിവയാണ് വന്‍കിട പദ്ധതികള്‍. വന്‍കിടപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ അവഗണിക്കപ്പൈതിരിക്കാന്‍ അവര്‍ക്കുവേണ്ടി കരുതലില്‍ അധിഷ്ഠിതമായൊരു നയവും സര്‍ക്കാര്‍ നടപ്പിലാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ വികസന പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലാക്കാനും ഉതകുമെന്ന് ഉറപ്പാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടിയ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനെത്താന്‍ കഴിയുന്ന വ്യാവസായിക വികസന അടിത്തറ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്.എന്നാല്‍ ഇതിനകം പലതവണ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകള്‍ വ്യാവസായിക പശ്ചാത്തല വികസനം സംബന്ധിച്ച് കൈക്കൊണ്ട നിലപാട് എന്തായിരുന്നു?

യു.ഡി.എഫ്. ഭരിക്കുന്ന സമയത്തെല്ലാം പ്രത്യയശാസ്ത്രത്തെ മറയാക്കി വികസന പദ്ധതികളെ അഴിമതി, ഭൂമി കുംഭകോണം, റിയല്‍ എസ്‌റ്റേറ്റ് എന്നിങ്ങനെ പറഞ്ഞ് എല്‍.ഡി.എഫ് എതിര്‍ത്തതിലൂടെ കേരളത്തെ ഒരു പിന്നോക്ക സംസ്ഥാനമാക്കി നിലനിര്‍ത്തി. കമ്പ്യൂട്ടറുകള്‍ തല്ലിപ്പൊളിച്ചും വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ നെഞ്ചില്‍ക്കൂടി റണ്‍വേ പണിയണമെന്നു പറഞ്ഞും വികസന പ്രവര്‍ത്തനങ്ങളെ അവര്‍ അട്ടിമറിക്കുകയായിരുന്നു. 2001-2006 കാലഘട്ടത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്‌സിറ്റി പദ്ധതി ശ്രീ. വി.എസ്.അച്യുതാനന്ദന്റെ നിലപാടുമൂലം ഒരു പതിറ്റാണ്ടുകാലമാണ് മുടങ്ങിക്കിടന്നത്. ഇന്ത്യയുടെ ഐ.ടി. തലസ്ഥാനമാകാനുളള അവസരമാണ് ഇതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത്. അരലക്ഷത്തിലധികം ഐ.ടി. പ്രൊഫഷണലുകളാണ് കേരളത്തില്‍നിന്നു കുടിയേറി കര്‍ണാടകത്തിലെ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെയെല്ലാം ഏക ഉത്തരവാദികള്‍ ഇടതുപക്ഷമല്ലേ?

ഈ യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന വീക്ഷണത്തിന്റേയും ഇച്ഛാശക്തിയുടേയും പ്രതിഫലനമാണ് കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. 7525 കോടി രൂപ നിര്‍മാണ ചെലവ് വരുന്ന പദ്ധതിക്കുവേണ്ടി യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ അശ്രാന്ത പരിശ്രമം കേരളീയക്ക് ബോധ്യമുള്ളതാണ്. ഈ പദ്ധതിയിലാണ് 6000 കോടി രൂപയുടെ അഴിമതി പിണറായി വിജയന്‍ ആരോപിച്ചത്. പിന്നീട് ശ്രീ പിണറായി വിജയന്‍ ഈ നിലപാടില്‍നിന്നു പിന്മാറുകയും വിഴിഞ്ഞം പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

ഈ സര്‍ക്കാരിന്റെ സുവര്‍ണ പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ റയില്‍ പദ്ധതിയെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് ഈ തെരഞ്ഞെടുപ്പു കാലത്ത് വോട്ടിനുവേണ്ടി എല്‍.ഡി.എഫ്. പറഞ്ഞുപരത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ ഭഗീരഥ പ്രയത്‌നംകൊണ്ട് കൊച്ചി മെട്രോ റയില്‍ പദ്ധതി പൂര്‍ടത്തീകരണത്തോടടുത്തു. 5181 കോടി രൂപ ആകെ ചെലവുവരുന്ന പദ്ധതി കേരളത്തിന്റെ വികസന പന്ഥാവിലെ ഒരു നാഴികക്കല്ലായിരിക്കും. 1892 കോടി രൂപ അങ്കലില്‍ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഒരു വന്‍കിട പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ഇപ്പറഞ്ഞവയൊക്കെയാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍.

ഏതു സര്‍ക്കാരിന്റെ കാലത്താണ് കേരളം ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ളത്?

ഈ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും മറ്റ് അസംഖ്യം വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഈ ഭരണം തുടര്‍ന്നേ മതിയാകൂ. അതുകൊംണ്ടാണ് വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന മുദ്രാവാക്യം ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

കണ്‍മുന്നിലുള്ള വികസന യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ വോട്ട് ചോദിക്കുന്നത്. ഈ വികസന നേട്ടങ്ങളെക്കുറിച്ച് ഒരു തുറന്ന ചർച്ച നടത്താന്‍ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ശ്രീ. പിണറായി വിജയനെ ഞാന്‍ ക്ഷണിക്കുന്നു.