UDF

2016, മേയ് 2, തിങ്കളാഴ്‌ച

അരുംകൊലകളിലെ പ്രതികൾ സ്വൈരജീവിതം ഉറപ്പാക്കുമോ?


 പ്രതിപക്ഷത്തിരിക്കുമ്പോൾ  നടന്ന അരുംകൊലകളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന സി.പി.എം. എങ്ങനെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനും എൽ.ഡി.എഫിന്റെ കല്യാശ്ശേരിയിലെ സ്ഥാനാർഥി ടി.വി.രാജേഷും പ്രതികളാണെന്ന് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂരിലെ അരിയിൽ ഷുക്കൂർ എന്ന യൂത്ത് ലീഗ് പ്രവർത്തകനെ സി.പി.എമ്മുകാർ പാടത്തേക്കു കൂട്ടിക്കൊണ്ടുപോയി പരസ്യമായി തലയറുത്തു എന്നതാണ് കേസ്. ഭീകര സംഘടനയായ ഐ.എസിന്റെ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ അറുകൊല സി.പി.എം. നടത്തിയത് പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞു എന്ന  കുറ്റത്തിനാണ്.

പോലീസിന്റെയും സി.ബി.ഐ.യുടെയും ഈ കണ്ടെത്തൽ ഏവരേയും ഞെട്ടിപ്പിക്കുന്നതാണെന്നും ഉമ്മൻചാണ്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.സി.പി.എം. വിട്ട് ഒരു ബദൽ പാർട്ടി രൂപവത്‌കരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിപ്പോന്ന ടി.പി.ചന്ദ്രശേഖരനെ 2012-ൽ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ സംഭവം  ജനമനസുകളിൽ നിന്ന് മാഞ്ഞിട്ടില്ല. കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ ജയിലിൽ കിടക്കവേ ഏരിയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച പാർട്ടിയാണ് സി.പി.എം. സിപി.എമ്മിൽ നിന്ന്‌ പുറത്തുപോയ ഫസൽ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിനു ശേഷം ചുടുചോരയിൽ മുക്കിയ തൂവാല സമീപത്തുള്ള ക്ഷേത്രാങ്കണത്തിൽ കൊണ്ടിട്ട് വർഗീയ ലഹളയുണ്ടാക്കാനും സി.പി.എമ്മുകാരായ പ്രതികൾ ശ്രമിച്ചു എന്നാണ്  സിബി.ഐ. കുറ്റപത്രത്തിലുള്ളത്.

ഈ കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് യഥാക്രമം കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും തലശ്ശേരി നഗരസഭയുടെയും അധ്യക്ഷൻമാരാക്കി. കതിരൂർ മനോജിനെ മുഖത്തേക്ക് ബോബെറിഞ്ഞാണ് സി.പി.എം. അക്രമികൾ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ കേസിൽ സി.ബി.ഐ. അന്വേഷണം നേരിടുന്ന പി.ജയരാജൻ കണ്ണൂർ ജില്ലയിൽ കയറാനാകാതെ കഴിയുകയാണ്.

കോഴിക്കോട് ജില്ലയിലെ പയ്യോളി മനോജ് എന്ന ചെറുപ്പക്കാരനെ ഇതുപോലെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവിൽ ഹരിപ്പാട് ചേപ്പാട്ട്‌ സി.പി.എം. വിട്ട് കോൺഗ്രസിലേക്ക്‌ വന്ന സനൽകുമാറിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് വെട്ടിയ കേസിലും സി.പി.എമ്മുകാരല്ലേ പ്രതികളെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.