UDF

2016, ജനുവരി 24, ഞായറാഴ്‌ച

കൊച്ചി മെട്രോ: നവംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും


കൊച്ചി: മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കില്‍ കൊച്ചി മെട്രോയ്ക്ക് ശനിയാഴ്ച ടെസ്റ്റ് റണ്‍. രാവിലെ 10 ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ ഗൗരി എന്ന കുട്ടിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ശ്രീധരന്റെ പ്രയത്‌നമാണ് ഇത്ര പെട്ടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളത്തിന്റെയും ലോകമെന്പാടുമുള്ള മലയാളികളുടെയും അഭിമാനമുഹൂർത്തമാണ്. 2012 സെപ്റ്റംബർ 13 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗാണ് കൊച്ചി മെട്രോ പദ്ധതിക്ക് തറക്കല്ലിട്ടത്. 2013 ജൂൺ ഏഴിനാണ് കൊച്ചി മെട്രോയുടെ പണി ഔപചാരികമായി ആരംഭിച്ചത്.

അന്ന് ഞാൻ പറഞ്ഞു 1095 ദിവസം കൊണ്ട് ഇതിന്റെ പണി പൂർത്തിയാക്കും എന്ന്. ഇന്ന് 958മത് ദിവസമാണ്. പറഞ്ഞ തീയതിക്ക് ഇനി 137 ദിവസം കൂടിയുണ്ട്. ഇനി ബാക്കിയുള്ള 137 ദിവസത്തെയും പുരോഗതി, ഡി. എം. ആർ. സിയും കെ. എം. ആർ. എലും കൂടെ ഓരോ ദിവസവും ഇവിടെ പരസ്യപ്പെടുത്തും. 1095 ദിവസം കൊണ്ട് പ്രവർത്തനക്ഷമമാക്കാൻ വേണ്ടിയിട്ടുള്ള നടപടിയെടുക്കും.

2017 വരെയാണ് യാത്രക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഇതിന്റെ സർവീസ് തുടങ്ങാനുള്ള സമയം തന്നിരിക്കുന്നത്. നമ്മൾ ഇതിനു വേണ്ടി നീണ്ട കാത്തിരിപ്പാണ് നടത്തിയത്. അത് വേഗത്തിലാക്കണം, ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ ഇ. ശ്രീധരനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു, 2016ൽ തന്നെ സജ്ജമാക്കും. അതിനൊരു ഡേറ്റ് കൂടെ വേണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; 2016 നവംബർ ഒന്ന്. അദ്ദേഹത്തിനും ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി.



നമുക്ക് ഇത് പോലെ നൂറു നൂറു പദ്ധതികൾ ചെയ്തു തീർക്കാനുണ്ട്. കേരളം മനസ്സ് വെച്ചാൽ നമുക്ക് എവിടെയും എത്താൻ സാധിക്കുകയും ചെയ്യും.

കൊച്ചിയുടെ സ്വന്തം മെട്രോ പൂര്‍ണ സജ്ജീകരണങ്ങളോടെ അവതരിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു നടന്നത്. യാര്‍ഡിനകത്ത് പ്രത്യേകം സ്റ്റേജൊരുക്കിയായിരുന്നു ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം. സുരക്ഷ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ തള്ളിക്കയറി.

ടെസ്റ്റ് റണ്ണിനായി യാര്‍ഡിനകത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി തേര്‍ഡ് റെയില്‍ ട്രാക്ഷനുമുണ്ട്. അതായത് മറ്റ് മെട്രോകളില്‍ നിന്ന് വ്യത്യസ്തമായി ട്രാക്കില്‍ നിന്ന് തന്നെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണിത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് ടെസ്റ്റ് റണ്‍. ഇതിനുശേഷം ഒരു മാസത്തിനകം റോഡിന് മധ്യത്തിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്ണുണ്ടാകും. തുടര്‍ച്ചയായ ട്രയലുകള്‍ക്ക് ഒടുവില്‍ പൂര്‍ണമായും സുരക്ഷിതമെന്ന് കണ്ടെത്തിയാല്‍ മാത്രമേ യാത്രാ സര്‍വീസിന് അനുമതി ലഭിക്കൂ.

ഈ മാസം ഒന്‍പതിനാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് ട്രെയിലറുകളില്‍ കൊണ്ടുവന്ന കോച്ചുകള്‍ മുട്ടത്തെ യാര്‍ഡിലാണ് കൂട്ടിയോജിപ്പിച്ചത്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികളും ഇതിനൊപ്പം പൂര്‍ത്തിയാക്കി.