UDF

2013, ജൂൺ 19, ബുധനാഴ്‌ച

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

 

തിരുവനന്തപുരം: ലോക സാമ്പത്തികഫോറം സമ്മേളനം നവംബറില്‍ കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ മറ്റൊരു സ്ഥലത്ത് ഇന്ത്യയില്‍ ഈ സമ്മേളനം നടക്കുന്നത്. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ഈ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രമുഖമായ 96 കമ്പനികളുടെ സി.ഇ.ഒ. മാര്‍, എന്‍.ജി.ഒ. മേധാവികള്‍, വിവിധ പാര്‍ട്ടികളിലെ യുവാക്കളായ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലോക സാമ്പത്തിക ഫോറം ഏഷ്യാ വിഭാഗം തലവന്‍ സുഷാന്ത് റാവു, സീനിയര്‍ ഇവന്റ് അസോസിയേറ്റ് റെയ്ച്ചല്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആറ് രാജ്യങ്ങളിലായാണ് സാമ്പത്തികഫോറത്തിന്റെ കണ്‍ട്രി സമ്മേളനങ്ങള്‍ നടക്കുക. ഇത്തരത്തില്‍ ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തിനുള്ള വേദിയായാണ് കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സാമ്പത്തികഫോറത്തിന്റെ സമ്മേളനം ഇന്ത്യയില്‍ നടത്താന്‍ മുന്‍കൈയെടുത്തത്. കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹിയിലാണ് ഈ സമ്മേളനം നടക്കുന്നത്. ഒരു വര്‍ഷം മുംബൈയിലും. കേരളത്തിന്റെ താത്പര്യം പരിഗണിച്ചാണ് ഇപ്രാവശ്യം സമ്മേളനവേദി കേരളമാക്കിയതെന്ന് എസ്.റാവു പറഞ്ഞു. കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനം ഊര്‍ജം പകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.