UDF

2013, ജൂൺ 20, വ്യാഴാഴ്‌ച

ദുരൂഹ വ്യക്തിയെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കുമോ

ദുരൂഹ വ്യക്തിയെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കുമോ

 

 ദുരൂഹ വ്യക്തിത്വത്തിന് ഉടമയാണു താനെങ്കില്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ പത്തു തവണനിയമസഭയിലേക്കു തന്നെ വിജയിപ്പിക്കുമോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ക്കു തന്നെ നന്നായി അറിയാം. 1970 മുതല്‍ നിയമസഭാംഗമാണ്. പ്രശ്‌നക്കാരനാണെങ്കില്‍ ഒരു തവണ ജനത്തെ പറ്റിക്കാം. രണ്ടാമതു സാധിക്കില്ല. പ്രതിപക്ഷം നല്‍കുന്ന ഇത്തരം വിശേഷണങ്ങള്‍ അലങ്കാരമായാണ് എടുക്കുന്നത്.

എന്തൊക്കെയോ നടന്നുവെന്ന പുകമറ സൃഷ്ടിക്കാനാണു ശ്രമം. അവരെ കുറ്റപ്പെടുത്തി താന്‍ തടിതപ്പില്ല. അവരുടെ കാലത്ത് എന്താണു നടന്നതെന്ന് ഓര്‍മിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ തെറ്റു പറ്റിയെന്നു കോടിയേരി സമ്മതിച്ചല്ലോ. എല്‍ഡിഎഫ് ഭരണകാലത്ത് എന്തൊക്കെ നടന്നുവെന്നു വരുംനാളുകളില്‍ പുറത്തു വരും. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് എല്ലാവര്‍ക്കും അറിയാം. തട്ടിപ്പുകാര്‍ക്കു താന്‍ ശുപാര്‍ശക്കത്തു നല്‍കിയെന്നു പറയുന്നവര്‍ ആദ്യം കത്തു കാണിക്കട്ടെ.

അഭിഭാഷകന്‍ പറഞ്ഞ ഈ ശുപാര്‍ശക്കത്ത് എവിടെയാണ്? തോന്നിയതുപോലെ ബ്രേക്കിങ് ന്യൂസ് കൊടുത്താല്‍ എന്തു ചെയ്യും? നിയമസഭ 124 ദിവസം സമ്മേളിച്ചതില്‍ 34 ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു കറുത്ത ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഉന്നയിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ സമര്‍ഥിക്കാന്‍ സാധിക്കാത്തവരാണു സഭ സ്തംഭിപ്പിക്കുന്നത്. ഭീരുക്കളുടെ ആയുധമാണിത്. പ്രതിപക്ഷം നിയമസഭ വളയുമ്പോള്‍ അകത്തു പ്രവേശിക്കാനാകുമോയെന്നു കാത്തിരുന്നു കാണാം. സോളാര്‍ പ്രശ്‌നത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിസ്സംഗ നിലപാടു സ്വീകരിച്ചിട്ടില്ല.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രസംഗിച്ച രമേശ് ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. പി.സി. ജോര്‍ജിനെ എന്നല്ല, ആരെയും നിയന്ത്രിക്കണമെന്ന തോന്നല്‍ ഇല്ല. സ്റ്റാഫില്‍ പെട്ടവര്‍ ആരോപണവിധേയരെ ഫോണ്‍ ചെയ്യുമ്പോള്‍ താന്‍ അടുത്തുണ്ടായിരുന്നോ എന്ന് അറിയില്ല. അതും അന്വേഷണ പരിധിയില്‍ വരും. സര്‍ക്കാര്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു നിങ്ങള്‍ക്കു കാണാം. ആരെയെങ്കിലും ഫോണ്‍ വിളിക്കുന്നതു തെറ്റല്ല. അത് എന്തിന് എന്നതാണു പ്രശ്‌നം. കുറ്റവാളികളെ സംരക്ഷിക്കാനാണു ഫോണ്‍ വിളിച്ചതെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ലെറ്റര്‍ ഹെഡ് മോഷണം പോയിട്ടുണ്ടോയെന്ന ചോദ്യത്തിന്, തന്റെ കസേരയില്‍ ഒരാള്‍ കയറിഇരുന്നത് ആരും മറന്നിട്ടില്ലല്ലോ എന്നായിരുന്നു  മറുചോദ്യം. താന്‍ ഈ സമയത്തു മന്ത്രിസഭയിലായിരുന്നു. വെബ് ക്യാമിലൂടെ വിവരം അറിഞ്ഞു ദുബായില്‍നിന്ന് ഒരാള്‍ വിളിച്ചു പറയുമ്പോഴാണ് ഇക്കാര്യം ഓഫിസില്‍ അറിഞ്ഞത്. വില്ലേജ് ഓഫിസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും പണിയാണു താന്‍ ചെയ്യുന്നതെന്നു പ്രതിപക്ഷം പുച്ഛിക്കാന്‍ തുടങ്ങിയിട്ടു കുറെക്കാലമായി. അതില്‍ പരാതിയില്ല. സാധാരണക്കാരനെയും പാവപ്പെട്ടവനെയും സഹായിക്കാന്‍ ആ പണി ഇനിയും ചെയ്യും.

കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം ജനങ്ങളെ സഹായിക്കാന്‍ 46  ഉത്തരവുകളാണ് ഇറക്കിയത്. തട്ടിപ്പു കമ്പനിക്ക് എമേര്‍ജിങ് കേരളയില്‍ പങ്കെടുക്കാന്‍ ശുപാര്‍ശക്കത്തു നല്‍കിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പക്ഷേ കെഎസ്‌ഐഡിസിയില്‍ അത്തരമൊരു കത്തില്ല. ഈ  കമ്പനിയുടെ അപേക്ഷ പോലും ലഭിച്ചിട്ടില്ല. ഇതൊക്കെ വെബ്‌സൈറ്റില്‍നിന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ക്ലിഫ് ഹൗസില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതു തട്ടിപ്പു കമ്പനിയാണ് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. അനര്‍ട്ടിന്റെ നേതൃത്വത്തിലാണ് അതു സ്ഥാപിച്ചത് എന്നതിനു രേഖയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തട്ടിപ്പു കമ്പനി സോളാര്‍ പ്ലാന്റ് സ്ഥാപിച്ചെന്നായി അപ്പോള്‍. സി-ഡിറ്റിന്റെ സൂര്യകേരളം പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അതു സ്ഥാപിച്ചത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.