UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

പ്രകൃതിക്ഷോഭത്തില്‍ കേരളം നടുങ്ങി നില്‍ക്കുന്ന സന്ദര്‍ഭമാണിത്. പ്രകൃതി ദുരന്തത്തില്‍പെട്ട ഒന്നരലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. അടിസ്ഥാന സൗകര്യങ്ങളിലെ പോരാഴ്മകള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിക്കുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
കനത്ത മഴമൂലം സംസ്ഥാനം കടുത്ത ദുരിതം നേരിടുന്നതിനിടെ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. വ്യാജ സന്ദേശങ്ങള്‍ വീണ്ടും മറ്റുള്ളവരിലേക്ക് കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുത്. അപകട സാധ്യത മുന്നില്‍ കണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അനുകൂലമായി പ്രതികരിക്കണം. അതിനു മുന്നില്‍ ഒരുകാരണവശാലും ഭയന്ന് നില്‍ക്കരുത്. പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

#ഒരുമിച്ചുനിൽക്കാം
#നേരിടാം_ഒറ്റക്കെട്ടായ്
#StandWithKerala
#KeralaFloods2019


2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും


ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

'രക്തരൂക്ഷിതമായി തുടരുന്ന ഇറാഖിനു മുകളില്‍ പറക്കുന്ന പ്രത്യേക വിമാനത്തില്‍നിന്ന് കേരളത്തിന്റെ പ്രതിനിധി ഗ്യാനേഷ് കുമാര്‍ ഐഎഎസ് രാത്രി ഒന്നരയ്ക്കാണ് സാറ്റലൈറ്റ് ഫോണിൽ എന്നെ വിളിച്ചത്. വിമാനത്തിന് ഇറാഖില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല. പൈലറ്റ് വിമാനം തിരിച്ചു പറത്തുകയാണ്. എന്തെങ്കിലും പെട്ടെന്നു ചെയ്യണം. ഒരു നിമിഷം തരിച്ചു പോയി. ഡല്‍ഹിയില്‍ മൂന്നു ദിവസത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രത്യേക വിമാനം ഇറാഖിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. അതിന്റെ ആശ്വാസത്തിലാണു തിരിച്ചു കേരളത്തിലേക്കു പോന്നതും.

 ഗ്യാനേഷ് വിളിക്കുമ്പോള്‍ എന്റെയൊപ്പം ഒരാള്‍ പോലുമില്ല. സഹായത്തിന് ആരെ വിളിക്കണം  എന്ന് തലപുകയ്ക്കുമ്പോഴാണ് സുഷമാജിയെക്കുറിച്ച് ഓര്‍ക്കുന്നത്. രാത്രി 1.30 കഴിഞ്ഞിരുന്നു. ഒന്നും ആലോചിച്ചില്ല. അവരുടെ നമ്പരില്‍ വിളിച്ചു. അവര്‍ ഫോണ്‍ എടുത്തു. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്കും ആശ്ചര്യം. എല്ലാം കൃത്യമായി ചെയ്തിരുന്നുവല്ലോ എന്നു പറഞ്ഞു. ഒന്നും പേടിക്കേണ്ടതില്ല, എല്ലാം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അവര്‍ ആശ്വസിപ്പിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇറാഖില്‍ എംബസി ഇല്ലാത്തതിനാല്‍ വിമാനം ഇറങ്ങാനുള്ള സന്ദേശം നല്‍കേണ്ടിയിരുന്നത് കുവൈത്തില്‍നിന്നാണ്. അതിലുണ്ടായ പാകപ്പിഴയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. വെറും 15 മിനിട്ടിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി സുഷമാജി അറിയിച്ചു. ഉടന്‍ തന്നെ ഗ്യാനേഷ് കുമാറിനെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു വിമാനം തിരിച്ചുവിട്ട പൈലറ്റ് ഇറാഖില്‍ ഇറങ്ങി നഴ്‌സുമാരെയും കൊണ്ട് കേരളത്തിലേക്കു പറക്കുകയായിരുന്നു.'' 

ഇറാഖില്‍ കാണാതായ 39 പഞ്ചാബി തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സമയത്താണ് 42 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയെന്ന വിവരം അറിയുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാഖിലാകട്ടെ സര്‍ക്കാര്‍ ഇല്ല, പൊലീസ് ഇല്ല. ഭീകരമായ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ എംബസി പോലും പൂര്‍ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലയാളി നഴ്‌സുമാരുടെ രക്ഷ തേടി ഡല്‍ഹിയില്‍ എത്തുന്നത്. വിവരങ്ങള്‍ വിശദമായി സുഷമ സ്വരാജുമായി സംസാരിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു മുന്നു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍. സാധ്യമായ എല്ലാ വഴികളും തേടി. ഇറാഖില്‍നിന്ന് വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കപ്പലില്‍ കൊണ്ടുവരുന്നത് നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുമെന്ന ആശങ്കയുയര്‍ന്നു. പ്രത്യേക വിമാനം അയയ്ക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചു. ഉടന്‍ തന്നെ സുഷമ സ്വരാജ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ചെയ്തു തന്നു.

കേരളത്തിന്റെ രണ്ടു പ്രതിനിധികളെ വിമാനത്തില്‍ അയയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും അവര്‍ അംഗീകരിച്ചു. അതുകൊണ്ട് വലിയൊരു ദുരന്തമുഖത്ത് നിന്ന് 42 മാലാഖമാരെ നമുക്ക് തിരിച്ച് കേരളത്തിന്റെ മണ്ണില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു ശേഷമാണ് പഞ്ചാബില്‍നിന്നുള്ള തൊഴിലാളികളെ ഭീകരര്‍ കൊന്നു കുഴിച്ചുമുടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

1977-ല്‍ ആണ് സുഷമ സ്വരാജുമായി ആദ്യമായി പരിചയപ്പെടുന്നത്. ''അന്ന് അവര്‍ ഹരിയാന ഭവനനിര്‍മാണ വകുപ്പ് മന്ത്രിയാണ്. ഞാന്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭവനനിര്‍മാണത്തിന്റെ ചുമതലയുള്ള മന്ത്രിയും. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സ്ഥിതി അന്ന് ഏറെ ദയനീയമായിരുന്നു. അവിടെ പാര്‍പ്പിടസമുച്ചയം കെട്ടി ചേരിയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1977 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി എ.കെ. ആന്റണി പദ്ധതിക്കു തറക്കല്ലിട്ടു. ആദ്യഘട്ട നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 1978 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി തന്നെ താക്കോല്‍ദാനം നിര്‍വഹിച്ചു. അന്ന് മറ്റു സ്ഥലങ്ങളിലൊന്നും ചേരിനിര്‍മാര്‍ജന പദ്ധതി അത്ര വ്യാപകമായിരുന്നില്ല. ഇതു ദേശീയതലത്തില്‍ വലിയ വാര്‍ത്തയായി. പിന്നാലെ ഹരിയാനയില്‍നിന്നു സുഷമ വിളിച്ചു.

പദ്ധതി ഇഷ്ടമായെന്നും നേരിട്ടു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ തിരുവനന്തപുരത്ത് എത്തി പദ്ധതി കണ്ട് അതിന്റെ ഗുണഭോക്താക്കളുമായി നേരിട്ടു സംസാരിച്ചാണു മടങ്ങിയത്. ഹരിയാനയില്‍ അത്തരം പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടെന്നും പിന്നീട് അറിയാനായി''. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അതിനു കൃത്യമായി പരിഹാരം കാണാന്‍ പരിശ്രമിച്ചിരുന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവായാണ് താന്‍ സുഷമ സ്വരാജിനെ വിലയിരുത്തുന്നത്.

കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജ്. സുഷമാജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.


2019, ജൂലൈ 17, ബുധനാഴ്‌ച

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു. ശിവരഞ്ജിതിന്റെ വീട്ടില്‍നിന്നും യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ എസ് യൂ വിന്റെ ആവശ്യം. കുറ്റവാളികള്‍ ആരായാലും പിടിക്കപ്പെടണമെന്നും രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങള്‍ ഈ സമരത്തെ പിന്തുണയ്ക്ക്കും.  

യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങള്‍ക്കും പരീക്ഷ തട്ടിപ്പുകള്‍ക്കും ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ ജഷീര്‍ പള്ളിവേല്‍ , അസ്ലം, ജെ എസ് അഖില്‍, ജോബിന്‍, മാത്യു കെ ജോണ്‍ എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. 


യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ അതീവ ഗുരുതരം


യൂണിവേഴ്‌സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ കേരളത്തിന് ആകെ അപമാനകരം ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല. കാരണം യൂണിവേഴ്‌സിറ്റി കോളജില്‍ പല അരുതാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ 1992ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പൂര്‍ണ്ണമായ പിന്തുണയോടുകൂടി 92 ലെ ബജറ്റില്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഡിഗ്രി ക്ലാസുകള്‍ കാര്യവട്ടത്തൊരു പുതിയ ഗവണ്‍മെന്റ് കോളേജ് തുടങ്ങി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ചു.

കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കേളജിനുള്ള സ്ഥലം അനുവദിച്ച് എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള ഡിഗ്രി കോളേജ് തുടങ്ങുന്നതിനുളള നടപടി ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് കൂടുതല്‍ വളര്‍ച്ചയോടുകൂടി വിദ്യാഭ്യാസ രംഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കാനാണ് തീരുമാനിച്ചത്. ഏതാണ്ട് 18 വിഷയങ്ങളില്‍ എം.ഫിലും പിഎച്ച്.ഡിയും തുടങ്ങുന്നതിനുള്ള സൗകര്യത്തോടുകൂടി എല്ലാ സംവിധാനങ്ങളും ഒരുക്കി. അപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുക. അവിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരമാവധി സൗകര്യങ്ങല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുക. ഡിഗ്രി കോളേജ് കാര്യവാട്ടത്ത് തുടങ്ങുക. എന്നാല്‍ 96 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അതുമാറ്റി കാര്യവാട്ടത്തെ കോളേജ് നിലനിര്‍ത്തിക്കൊണ്ട് ഡിഗ്രി ക്ലാസുകള്‍ ഇവിടെ തുടങ്ങാന്‍ തീരുമാനിച്ചു. അതിനുശേഷമാണ് വളരെ അപമാനകരമായ സംഭവങ്ങള്‍. 187 കുട്ടികള്‍ ടി.സി വാങ്ങിപ്പോകുക, ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിക്കുക എന്നിവ കൂടാതെ നിരവധി അക്രമങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടരുന്നു. അതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണ്.

യൂണിവേഴ്‌സിറ്റി കോളജിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞ യുഡി.എഫ് കൈക്കൊണ്ട നടപടികളെയും മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ എസ്.എഫ്.ഐ പരാജയപ്പെടുത്തി.

ഇന്നിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. സര്‍ക്കാര്‍ കോളേജുകളിലെ അഡ്മിഷന്‍ സംവിധാനം കേരളത്തില്‍ കുറ്റമറ്റ രീതിയിലാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പരാതി അഡ്മിഷനില്‍ മെറിറ്റ് ഇല്ലാത്ത ആളുകളും കടന്നുകൂടിയിരിക്കുന്നു. മെറിറ്റിനെ മറികടക്കാന്‍ ചില തന്ത്രങ്ങള്‍ ചെയ്തിരിക്കുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ യൂണിവേഴ്‌സ്റ്റി കോളേജിലെ എസ്.എഫ്.ഐ ഓഫീസിലും പ്രവര്‍ത്തകരുടെ വീടുകളിലും യൂണിവേഴ്‌സിറ്റ് എക്‌സാം പേപ്പറുകള്‍ കിട്ടിയിരിക്കുന്നു. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍ക്കുകയാണ് ഇതിനൊക്കെയും മറുപടി പറയേണ്ട ബാധ്യത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.


2019, ജൂലൈ 15, തിങ്കളാഴ്‌ച

യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖം


പാട്ട് പാടിയതിനെച്ചൊല്ലി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ  എസ്.എഫ്.ഐ നേതാക്കൾ മാരകമായി കുത്തി പരുക്കേൽപ്പിച്ചത് അതീവ ഗുരുതരമാണ്. സ്വന്തം പാർട്ടിയിലുള്ളവർക്ക് പോലും പ്രവർത്തിക്കാനാവാത്തവിധം ഈ സംഘടന അധഃപതിച്ചിരിക്കുന്നു. വർഷങ്ങളായി കേരളത്തിലെ പല ക്യാമ്പസ്സുകളും എസ.എഫ്.ഐ മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ  കുത്തകയാക്കി വച്ചിരിക്കുകയാണ്. മിക്ക കോളേജുകളിലും യൂണിയൻ ഓഫിസും മറ്റും വടിവാളും കത്തിയും ഉൾപ്പെടെ മാരകായുധങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടാണ് എസ്.എഫ്.ഐ ഈ പ്രവർത്തനം നടത്തുന്നത്. 

കഴിഞ്ഞ വര്ഷം യൂണിവേഴ്സിറ്റി കോളേജിൽ ഒരു  വിദ്യാർത്ഥി ആത്മഹത്യശ്രമം നടത്തിയത് ഇതിന് ഉദാഹരണമാണ്. ഉയർന്ന അക്കാദമിക് നിലവാരത്തിൻെറയും സർഗ്ഗാത്മകതയുടെയും കേന്ദ്രമാവണം കോളേജ് ക്യാമ്പസുകൾ. ഇത്തരം അതി തീവ്ര ഫാസിസ്റ്റ് രീതികൾ ഒരു കാരണവശാലും അംഗീകരിച്ചു കൂടാ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി എസ.എഫ്.ഐ  മുദ്രവാക്യം മുഴക്കുമ്പോഴാണ്‌ അവർ തന്നെ ഇത്തരം പ്രവർത്തികകളിൽ കേരളമെമ്പാടും ഏർപ്പെടുന്നത് എന്നത് ലജ്ജാവഹമാണ്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണം. കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനവും സാഹോദര്യവും സർഗാത്മകതയും പുലരട്ടെ. വിദ്യാർത്ഥികൾ ഒന്നനടങ്കം അതിനായി മുന്നോട്ടു വരട്ടെ.




2019, ജൂൺ 20, വ്യാഴാഴ്‌ച

സിവിൽ സർവ്വീസ് ജനകീയമാക്കിയത് സർവ്വീസ് സംഘടനകൾ


സർവീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എൻ ഹർഷകുമാറിന് കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ,ടോമി കല്ലാനി , തോമസ് കല്ലാടൻ , കോട്ടാത്തല മോഹനൻ എന്നിവർ സമീപം. 

കേരളത്തിലെ സർവീസ് മേഖല ജനോപകാരപ്രദമാക്കുന്നതിലും ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും കേരളത്തിലെ സർവ്വീസ് സംഘടനകൾ മികച്ച സംഭാവനകളാണ് നൽകിയത്.

2019, മേയ് 29, ബുധനാഴ്‌ച

മാണിസാറിനോടുള്ള ആദരസൂചകമായി കാരുണ്യ ചികിത്സാ പദ്ധതി അതേനിലയില്‍ നിലനിര്‍ത്തണം.


മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ശ്രീ.കെ.എം. മാണി ആവിഷ്‌കരിച്ച് നടപ്പാക്കിയ കാരുണ്യ ചികത്സാസഹായ പദ്ധതി പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസവും താങ്ങും തണലുമായിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു പൈസ ചെലവഴിക്കാത്ത ഈ പദ്ധതിക്കുള്ള പണം സമാഹരിച്ചത് ലോട്ടറിയിലൂടെയാണ്. 

എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാക്കുകയാണ്. ഇതു പാവങ്ങളെ ചതിക്കുകയാണ്. ഈ തീരൂമാനം പുന:പരിശോധിച്ച് കാരുണ്യ ചികിത്സാ പദ്ധതി നിലവിലുള്ള രീതിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചു.

2019, മേയ് 9, വ്യാഴാഴ്‌ച

പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം


തൃശൂർ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെയും നമ്മൾ ഓരോരുത്തരുടെയും കടമയാണ്.പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്.അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളും.ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകാറുണ്ട്.അപ്പോഴൊക്കെ അധികൃതർ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്.തൃശൂർ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്.

തൃശൂർ പൂരത്തിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തിൽ എടുത്ത് അവർക്കു ആത്മ വിശ്വാസം നൽകി പൂരം സുഗമമായി നടത്തുവാൻ ആവശ്യമായ തീരുമാനങ്ങൾ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

2019, മേയ് 8, ബുധനാഴ്‌ച

മോദിയുടെ പരാമര്‍ശം ക്രൂരം


രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം ക്രൂരമാണ്. ഇന്ത്യ കണ്ട ഏറ്റവും ക്രാന്തദര്‍ശിയായ ഒരു പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കെട്ടാന്‍ മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പരാജയം തുറിച്ചുനോല്‍ക്കുന്ന മോദിയുടെ സമനില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക്  അദ്ദേഹം കൂപ്പുകുത്തി. പ്രധാനമന്ത്രി പദത്തിന് അപമാനം ഏല്‍പ്പിച്ചാണ് മോദി പടിയിറക്കത്തിനു തയാറെടുക്കുന്നത്.

ബോഫോഴ്‌സ് ആരോപണം ഉന്നയിച്ച ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ക്കപ്പുറം ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. പാര്‍ലമെന്ററിന്റെ സംയുക്ത സമിതി രൂപീകരിച്ച് 50 സിറ്റിംഗ് നടത്തിയശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പുതുതായൊന്നും കണ്ടെത്താനായില്ല. പാര്‍ലമെന്റിനകത്തും പുറത്തും രാജീവ് ഗാന്ധി നിരപരാധിത്വം തെളിയച്ചപ്പോള്‍ റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന ആവശ്യം പോലും മോദി നിരസിക്കുകയാണുണ്ടായത്. 

എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മാറ്റിവച്ച് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനകീയനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 
രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചു നയിച്ച രാജീവ് ഗാന്ധിയെ മോദി അധിക്ഷേപിച്ചാലും ഇന്ത്യന്‍ ജനത എന്നും നന്ദിയോടെ സ്മരിയ്ക്കും എന്നതിൽ തർക്കമില്ല.

2019, മാർച്ച് 26, ചൊവ്വാഴ്ച

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചത് സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം

യുഡിഎഫ് ഇടുക്കി പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കർഷകരെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ച സംസ്ഥാന സർക്കാർ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്. ഇടുക്കിയിൽ എട്ടു കർഷക ആത്മഹത്യകൾ നടന്നിട്ടും സംസ്ഥാന സർക്കാർ മുഖം തിരിച്ചു

കസ്തൂരി രംഗൻ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ നേടിയെടുത്ത കരട് വിജ്ഞാപനത്തിൽ ഒരു മാറ്റവും വരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. മറിച്ചുള്ള ചിലരുടെ പ്രചരണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്. കർഷകരുടെ ഒരിഞ്ചു ഭൂമിയും കിടപ്പാടവും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നഷ്ടപ്പെടാൻ പാടില്ലെന്ന നിലപാട് എടുത്തത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ്.

ഇടുക്കി മെഡിക്കൽ കോളജിന്റെ പേരിൽ അവകാശവാദവുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത് ലജ്ജാവഹമാണ്. ഇക്കാര്യത്തിൽ യാതൊരു ബന്ധം പോലുമില്ലാത്ത ആളുകളുടെ പടം വച്ച ഫ്ളക്സ് ബോർഡുകളാണ് എൽ.ഡി.എഫ് നാടു മുഴുവൻ ഉയർത്തിയിരിക്കുന്നത്.

ഇടുക്കിയുടെ വികാരമാണ് ഡീൻ കുര്യാക്കോസ്.
കഴിഞ്ഞ ദിവസം ചെറുതോണിയിൽ നടന്നത് തെരഞ്ഞെടുപ്പ് കൺവൻഷൻ അല്ല, ഡീൻ കുര്യാക്കോസിന്റെ വിജയ പ്രഖ്യാപന കൺവെൻഷൻ ആണ്.


#UDFIdukki | #VoteForDean | #VoteForUDF

2019, മാർച്ച് 25, തിങ്കളാഴ്‌ച

പ്രേമചന്ദ്രന‌ വേട്ടയാടാനുള്ള ശ്രമം ചെറുക്കും


ലോക്‌സഭാ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കേരളം, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളിലായി ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ്, അടുത്ത ഒരു സുഹൃത്ത്, കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ എന്‍.കെ.പ്രേമചന്ദ്രന്‍, മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാക്ക് ബില്ലിനെതിരേ ലോക്‌സഭയില്‍ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് എന്നോട് പറഞ്ഞത്.

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രനെ, സംഘിയാക്കാന്‍ സി പി എം കള്ള പ്രചരണം നടത്തുന്ന പശ്ചാത്തലത്തില്‍, പ്രേമചന്ദ്രന്‍ മുത്തലാക്ക് ബില്ലിനെതിരെ ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണുകയുണ്ടായി.

പ്രസംഗം കണ്ട ഞാന്‍ അത്ഭുതപ്പെട്ടു പോയി എന്ന് പറയാതെ വയ്യ. അത്ര പ്രൗഢോജ്വലമായിരുന്നു, മുത്തലാക്ക് ബില്ലിനെതിരെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗം.

മുത്തലാക്ക് ബില്ലിലെ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം എടുത്ത്, ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം എന്നിവയുമായി താരതമ്യം ചെയ്ത് ആഴത്തില്‍ വിശകലനം ചെയ്ത്, പ്രേമചന്ദ്രന്‍ ലോകസഭയില്‍ നടത്തിയ പ്രസംഗം, മുതിര്‍ന്ന അഭിഭാഷകര്‍ ഉന്നത കോടതിയില്‍ നടത്തുന്ന വാദത്തെയാണ് ഓര്‍മ്മിപ്പിച്ചത്.

മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന മുത്തലാക്ക് ബില്ല് ഇന്ത്യയിലെ മുസ്ലീം സമുദായത്തിനിടയില്‍ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥയെ കുറിച്ചും, മുസ്ലീം സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള സുരക്ഷിതത്വം ഇല്ലായ്മയെ കുറിച്ചും ബില്ലിലെ വകുപ്പുകള്‍ ഒന്നൊന്നായി എടുത്ത് ആധികാരികമായി വിശകലനം ചെയ്യുന്ന പ്രേമചന്ദ്രന്റെ പ്രസംഗം, മതേതര ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഏവരും അവശ്യം കണ്ടിരിക്കേണ്ടതാണ്.

മുസ്ലീം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന മോഡി സര്‍ക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ, ലോക്‌സഭയില്‍ സര്‍വ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ്, സി.പി. എമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നത്!

ലോകസഭയിലുണ്ടായിരുന്ന ഏതെങ്കിലും സി.പി.എം. എം.പി, പ്രേമചന്ദ്രനെ പോലെ മുത്തലാക്ക് ബില്ലിനെതിരെ വീറോടെ പോരാടിയിട്ടുണ്ടോ?

മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാക്ക് ബില്ലിനെതിരേ സര്‍വ്വശക്തിയുമെടുത്ത് പോരാടിയ മതേതര വാദിയായ പ്രേമചന്ദ്രനെ പോലും സംഘിയാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മുകാര്‍ ആരെ, എങ്ങനെ വേണമെങ്കിലും, ഏതറ്റം വരെ പോയും അപകീര്‍ത്തിപ്പെടുത്താന്‍ മടിക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്.


2019, മാർച്ച് 22, വെള്ളിയാഴ്‌ച

സി.പി.എമ്മിന് നല്‍കുന്ന ഓരോ വോട്ടും പരോക്ഷമായി ബി.ജെ.പിക്ക് ഗുണം ചെയ്യും

കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ലോക്‌സഭയില്‍ വര്‍ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണ്. മോദിക്ക് ഇനിയൊരു അവസരം നല്‍കിയാല്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടും. അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് മോദി ജനങ്ങളെ ദുരിതത്തിലാക്കി. ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കൈവരിച്ച സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷക്കാന്‍ വേണ്ടിയുള്ള  പോരാട്ടമാണ് നടക്കുന്നത്.

ബി.ജെ.പിക്ക് അടിത്തറയില്ലാത്ത സംസ്ഥാനമായതിനാല്‍ കേരളത്തിനു ലഭിക്കേണ്ട പല അവകാശങ്ങളും മോദി സര്‍ക്കാര്‍ നിഷേധിച്ചു. അതിനുദാഹരണമാണ് പ്രളയാനന്തര കേരള നിര്‍മ്മിതിക്കായി ഗള്‍ഫ് നാടുകള്‍ നല്‍കിയ 700 കോടി സ്വീകരിക്കുന്നതില്‍ തടസ്സവാദം ഉന്നയിച്ചത്.

ജനാധിപത്യം വിജയിക്കുന്നതിന് വേണ്ടിയുള്ള ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ  മതേതരചേരികളുടെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.  ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും.


2019, മാർച്ച് 3, ഞായറാഴ്‌ച

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന ജനമഹായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു.  ജവാൻമാരുടെ ജീവന്‍റെ വില പാർട്ടിയുടെ നേട്ടമായി ബിജെപി കണക്കാക്കുകയാണ്. ജനങ്ങളെ വഞ്ചിക്കാൻ പ്രധാനമന്ത്രി നിരന്തരം ശ്രമം നടത്തുകയാണ്.  അക്രമ രാഷ്ടീയത്തിന്‍റെ പ്രതീകമായി പിണറായി വിജയൻ മാറി.

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

എന്‍.എസ്.എസിനെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം


കൊന്നും ഭയപ്പെടുത്തിയും എല്ലാവരെയും വരുതിയില്‍ നിര്‍ത്താമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മിഥ്യാധാരണയാണ് എന്‍എസ്എസിനെ തുടര്‍ച്ചയായി കടന്നാക്രമിക്കാന്‍ കാരണം. ഇതു തികച്ചും നിര്‍ഭാഗ്യകരമാണ്.

ജനാധിപത്യസംവിധാനത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് വിയോജിപ്പുള്ള അഭിപ്രായം ഉണ്ടാകുമ്പോള്‍, സഹിഷ്ണുതയോടെ അതു കേള്‍ക്കാനും പരിശോധിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ അതു തിരുത്താനുള്ള വിവേകം ഭരണ നേതൃത്വം കാട്ടേണ്ടതാണ്. അതിനു പകരം വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണ നേതൃത്വം തെറ്റായ സന്ദേശമാണ് നല്കുന്നത്.

പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കാനുള്ള പക്വത സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണം.


2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചു

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചിരിയ്ക്കുകയാണ് . ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരും. യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു.

ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസ്സാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാര്‍ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടില്‍ പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുക- യാണുണ്ടായത്. ഇത് വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കാനെ ഉപകരിയ്ക്കു.

2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

സി.പി.എം, ബി.ജെ.പിയുടെ സഹായം തേടുന്നു


രാഹുൽ ഗാന്ധിക്കെതിരെ രണ്ടുംകൽപ്പിച്ച് ആക്രമണം അഴിച്ചുവിട്ടിട്ടുള്ള ബിജെപിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും , ബൃന്ദാ കാരാട്ടും , പാർട്ടിയും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുന്നത്.

കേരളം ഒരു വെറും സംസ്ഥാനമല്ല , ജീവിതശൈലിയാണ് എന്ന കോൺഗ്രസ് അധ്യക്ഷന്റെ പരാമർശനം കേരളത്തിനുള്ള ബഹുമതിയാണ്. സഹജീവികളോട് സഹാനുഭൂതിയുള്ള മലയാളികൾ മാതൃകയാണെന്നും മലയാളികളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും രാഹുൽജിയുടെ പ്രശംസാ വചനങ്ങൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നത് അത്ഭുതകരമാണ്. ദുബായിൽ മലയാളികളുടെ കഠിനാധ്വാനത്തിന് മഹത്തായ മാതൃകകളെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിൻറെ വാക്കുകൾ പ്രവാസി മലയാളികൾക്കുള്ള വലിയ അംഗീകാരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെയും , ബിജെപിയുടെയും അക്രമ സമരങ്ങളെ വിമർശിച്ച് രാഹുൽജിയുടെ അഭിപ്രായം നിഷ്പക്ഷരായ കേരള സമൂഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ മേഖലയെ പറ്റി അദ്ദേഹം നടത്തിയ പരാമർശം സൃഷ്ടിപരമായ വിമർശനമായി കണ്ടാൽ മതിയാകും.അതു മാത്രം ഉയർത്തിപ്പിടിച്ച് രാഹുൽജി പറഞ്ഞ നല്ല വാക്കുകൾ മുഖ്യമന്ത്രി അവഗണിച്ചത് അദ്ദേഹത്തിൻറെ സങ്കുചിതമായ നിലപാടുകളുടെ തെളിവാണ്.

എറണാകുളം സമ്മേളനം അത്ഭുതപൂർവ്വമായ വിജയമായിരുന്നു. രാഹുൽജിയുടെ ജനപ്രീതി അസൂയാവഹവും.ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കാണുന്ന സിപിഎം നിലവിലുള്ള സീറ്റുകളെങ്കിലും നിലനിർത്താൻ ബിജെപിയുടെ സഹായം തേടാനുള്ള ഗൂഢതന്ത്രമാണ് കോൺഗ്രസ് അധ്യക്ഷന് എതിരെയുള്ള പിണറായിയുടെ വിമർശനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.


2019, ജനുവരി 21, തിങ്കളാഴ്‌ച

Prime Minister Narendra Modi's comments on Sabarimala very unfortunate



"The Prime minister's comments on Sabarimala were very unfortunate. We expected that he will propose some solution to solve this issue, but the Prime Minister did not do like that".

"We gave a new affidavit, withdrawing the affidavit filed by the LDF, to protect the interests of the devotees. Our stand is very clear, we are with the devotees and at the same time we are against taking political advantage of the Sabarimala issue,"

"We have no confusion, our stand is not a new stand. We took the stand when we were in power, we withdrawn of the affidavit of the LDF government and we gave affidavit in consultation of all consent people,"

"This is very dangerous. Confidence in the Central government is very important. Ours is a federal system, so Centre and the state government have to work together. We have to respect the democratic principles both ways, in the state relations and the administrative matters,"


2019, ജനുവരി 19, ശനിയാഴ്‌ച

ശബരിമല: രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമം


ശബരിമല വിഷയത്തില്‍ മതസൗഹാര്‍ദ്ദവും ആചാരക്രമങ്ങളും സംരക്ഷിയ്ക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കൊല്ലത്ത് നടത്തിയ പ്രസംഗം തെളിയിക്കുന്നത്. സംഘര്‍ഷം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് യു.ഡി.എഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമെന്നും പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോൺഗ്രസ്സും യു.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണിച്ച അവസരത്തില്‍ യു.ഡി.എഫ്. ഗവൺമെന്റ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ നിലപാടില്‍ നിന്നും ഞങ്ങള്‍ അണുവിട മാറിയിട്ടില്ല. മറിച്ച് ബി.ജെ.പി.യും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ എരുതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന ഗവൺമെന്റും സ്വീകരിച്ചത്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി വന്നപ്പോൾ അഭിപ്രായ സമന്വയത്തിനോ തുറന്ന മനസ്സോടെയുള്ള കൂടിയാലോചനകളോ നടത്താതെ കോടതിവിധിയുടെ ബാദ്ധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുഖ്യമന്ത്രി മുമ്പോട്ട് പോകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാര കോടതിയിലെ ജഡ്ജിമാര്‍ക്കുപോലും യോജിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായത്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വ്യത്യസ്ഥ വീക്ഷണം ജഡ്ജിമാര്‍ക്ക് പോലും ഉണ്ടായതില്‍ ഈ പ്രശ്‌നത്തിലെ സങ്കീര്‍ണ്ണത നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ കാര്യത്തില്‍ വിധി നടപ്പിലാക്കാന്‍ മാത്രമേ ഒറ്റ പോംവഴിയേയുള്ളൂ എന്ന നിലപാട് മുഖ്യമന്ത്രിയും ഗവണ്മെന്റും സ്വീകരിച്ചത് അഭിപ്രായ ഐക്യത്തിന്റെ സാദ്ധ്യതകള്‍ തുടക്കത്തിലെത്തന്നെ കൊട്ടി അടച്ചു. കോടതിവിധി നടപ്പിലാക്കുവാന്‍ ഗവൺമെന്റിന് ബാദ്ധ്യത ഇല്ലേ എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. പക്ഷേ ഗവൺമെന്റിന് മറ്റ് നിരവധി ബാദ്ധ്യതകളും കൂടി ഉണ്ട്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്.


2019, ജനുവരി 18, വെള്ളിയാഴ്‌ച

ഷെയ്ഖ് സായിദിന്റെ പങ്ക് ‌മാതൃകാപരം

ഷെയ്ഖ് സായിദ് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു.

അറേബ്യൻ മരുഭൂമിയെ ലോകോത്തര രാജ്യമാക്കി ഉയർത്തുന്നതിൽ യുഎഇ രാഷ്ട്ര പിതാവ്‌ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ വഹിച്ച പങ്ക് മാതൃകാപരമാണ്. യുഎഇയുടെ സഹിഷ്ണുതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രവർത്തകർ അടക്കമുള്ള പ്രവാസികൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുന്ന പ്രവാസികൾ കേരളത്തിന്റെ ബ്രാൻഡ് അംബാഡർമാരാണ്. 

അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സംഘടിപ്പിച്ച ഷെയ്ഖ് സായിദ് സ്മാരക വിദ്യാഭ്യാസ അവാർഡ്ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. എമിറേറ്റിലെ വിവിധ സ്കൂളുകളിൽനിന്ന് 10, 12 ക്ലാസുകളിൽ ഉന്നത മാർക്കുനേടിയ 354 വിദ്യാർഥികൾക്കാണ് അവാർഡ് നൽകിയത്. മലയാളത്തിൽ എപ്ലസ് നേടിയ 51 വിദ്യാർഥികളും ഇതിൽ ഉൾപെടും. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അവാർഡ് നൽകി. 

2019, ജനുവരി 17, വ്യാഴാഴ്‌ച

സാലറി ചാലഞ്ചിന്‍റെ തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം

കൊച്ചിയിൽ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു.

ജി.എസ്.ടിയിൽ പ്രളയ സെസ് ഈടാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് സാലറി ചലഞ്ചിന്‍റെ തുടർ നടപടികൾ സർക്കാർ ഉപേക്ഷിക്കണം. 

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരും ആത്മാർഥതയോടെ പങ്കെടുത്തു. പ്രളയ സെസ് ജീവനക്കാരെയും ബാധിക്കുന്നതാണ്. അതുകൊണ്ട് ഇനിയും അധികഭാരം അടിച്ചേൽപിക്കരുത്.

സർക്കാരിന്‍റെ ഭരണപരാജയം ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നതാണ് എൽ.ഡി.എഫ് നയം. ശമ്പള കമ്മീഷൻ നടപടികൾ താമസിപ്പിച്ച് അധികഭാരം അടുത്ത സർക്കാരിനെ ഏൽപിക്കാനാണ് ഇടതുസർക്കാർ ലക്ഷ്യമിടുന്നത്.