UDF

2019, മാർച്ച് 25, തിങ്കളാഴ്‌ച

പ്രേമചന്ദ്രന‌ വേട്ടയാടാനുള്ള ശ്രമം ചെറുക്കും


ലോക്‌സഭാ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കേരളം, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളിലായി ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ്, അടുത്ത ഒരു സുഹൃത്ത്, കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ എന്‍.കെ.പ്രേമചന്ദ്രന്‍, മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാക്ക് ബില്ലിനെതിരേ ലോക്‌സഭയില്‍ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് എന്നോട് പറഞ്ഞത്.

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രനെ, സംഘിയാക്കാന്‍ സി പി എം കള്ള പ്രചരണം നടത്തുന്ന പശ്ചാത്തലത്തില്‍, പ്രേമചന്ദ്രന്‍ മുത്തലാക്ക് ബില്ലിനെതിരെ ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണുകയുണ്ടായി.

പ്രസംഗം കണ്ട ഞാന്‍ അത്ഭുതപ്പെട്ടു പോയി എന്ന് പറയാതെ വയ്യ. അത്ര പ്രൗഢോജ്വലമായിരുന്നു, മുത്തലാക്ക് ബില്ലിനെതിരെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗം.

മുത്തലാക്ക് ബില്ലിലെ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം എടുത്ത്, ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം എന്നിവയുമായി താരതമ്യം ചെയ്ത് ആഴത്തില്‍ വിശകലനം ചെയ്ത്, പ്രേമചന്ദ്രന്‍ ലോകസഭയില്‍ നടത്തിയ പ്രസംഗം, മുതിര്‍ന്ന അഭിഭാഷകര്‍ ഉന്നത കോടതിയില്‍ നടത്തുന്ന വാദത്തെയാണ് ഓര്‍മ്മിപ്പിച്ചത്.

മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന മുത്തലാക്ക് ബില്ല് ഇന്ത്യയിലെ മുസ്ലീം സമുദായത്തിനിടയില്‍ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥയെ കുറിച്ചും, മുസ്ലീം സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള സുരക്ഷിതത്വം ഇല്ലായ്മയെ കുറിച്ചും ബില്ലിലെ വകുപ്പുകള്‍ ഒന്നൊന്നായി എടുത്ത് ആധികാരികമായി വിശകലനം ചെയ്യുന്ന പ്രേമചന്ദ്രന്റെ പ്രസംഗം, മതേതര ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഏവരും അവശ്യം കണ്ടിരിക്കേണ്ടതാണ്.

മുസ്ലീം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന മോഡി സര്‍ക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ, ലോക്‌സഭയില്‍ സര്‍വ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ്, സി.പി. എമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നത്!

ലോകസഭയിലുണ്ടായിരുന്ന ഏതെങ്കിലും സി.പി.എം. എം.പി, പ്രേമചന്ദ്രനെ പോലെ മുത്തലാക്ക് ബില്ലിനെതിരെ വീറോടെ പോരാടിയിട്ടുണ്ടോ?

മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാക്ക് ബില്ലിനെതിരേ സര്‍വ്വശക്തിയുമെടുത്ത് പോരാടിയ മതേതര വാദിയായ പ്രേമചന്ദ്രനെ പോലും സംഘിയാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മുകാര്‍ ആരെ, എങ്ങനെ വേണമെങ്കിലും, ഏതറ്റം വരെ പോയും അപകീര്‍ത്തിപ്പെടുത്താന്‍ മടിക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്.