UDF

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി - വി.എസ്-ന് ഒരു തുറന്ന കത്ത്


പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്.

കേരളത്തിന്റെ 'വിരൽതുമ്പിൽ സ്മാർട്ട് അച്യുതാനന്ദൻ' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ്ങ് നവമാധ്യമങ്ങളിലേക്ക് പ്രവേശിച്ചതിന്റെ വാർത്തകൾ കണ്ടു. പൊതുപ്രവർത്തകർക്ക് ജനങ്ങളുമായി സംവദിക്കാനുള്ള അസുലഭാവസരമാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് അങ്ങും അങ്ങയുടെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും വായിച്ചു. നല്ലതുതന്നെ. നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി. 

എന്നാൽ ഈ അവസരത്തിൽ ചില കാര്യങ്ങൾ ഓർമിപ്പിക്കാതെ വയ്യ. കമ്പ്യൂട്ടറുകൾക്കെതിരേ അങ്ങും അങ്ങയുടെ പാർട്ടിയും 80 കളിൽ നടത്തിയ അടിച്ചുപൊളിക്കൽ സമരത്തെക്കുറിച്ച് ഓർമയുണ്ടാകുമല്ലോ. 80 കളിൽ കേരളത്തിൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അങ്ങയുടെ നേതൃത്വത്തിൽ സി.പി.എമ്മിലെ യുവജനങ്ങൾ അങ്ങോളമിങ്ങോളം നടന്ന് കമ്പ്യൂട്ടറുകൾ അടുച്ചുപൊളിച്ചത് അങ്ങ് ഓർക്കുന്നുണ്ടോ. യുവാക്കൾക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ദുർഭൂതം എന്നാണ് അന്ന് അങ്ങ് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ചത്. എന്നാൽ അങ്ങ് ഇന്ന് അതെല്ലാം മറന്ന്, അത്യാവേശപൂർവം നവമാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. പക്ഷേ അങ്ങും അങ്ങയുടെ പ്രസ്ഥാനവും നടത്തിയ സമരങ്ങളിലൂടെ കേരളീയർക്ക് ഉണ്ടായ കനത്ത നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ് എന്ന് അങ്ങയെ ഓർമിപ്പിക്കട്ടെ.

80 കളിൽ നടന്ന കമ്പ്യൂട്ടർ വിരുദ്ധ സമരം മൂലം, ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ് തുലയ്ക്കപ്പെട്ടത്. ഇന്ന് കേരളത്തിൽനിന്നുള്ള ഐ.ടി. കയറ്റുമതി 15,000 കോടി രൂപയാണ്. 80 കൾ മുതൽ ഈ മേഖലയിലെ വളർച്ചക്ക് അടിത്തറയിടാൻ കേരളത്തിനു കഴിഞ്ഞിരുന്നു എങ്കിൽ, ഇന്ന് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ ഐ.ടി. കയറ്റുമതിയെങ്കിലും നമുക്ക് നേടാൻ കഴിയുമായിരുന്നു. ഇന്ന് ഏതാനും ലക്ഷം യുവാക്കൾ മാത്രമാണ് ഐ.ടി മേഖലയിൽ പണിയെടുക്കുന്നതെങ്കിൽ 80 കൾ മുതൽ വളരാനാരംഭിച്ചിരുന്നുവെങ്കിൽ, ചുരുങ്ങിയത് കാൽക്കോടി പേർക്കെങ്കിലും ഐ.ടി മേഖലയിൽ തൊഴിൽ ലഭിക്കുമായിരുന്നു. ആ അവസരമാണ് അങ്ങയും സി.പി.എമ്മും ചേർന്നു നടത്തിയ കമ്പ്യൂട്ടർ വിരുദ്ധ സമരത്തിലൂടെ തച്ചുടയ്ക്കപ്പെട്ടത്.

2005ൽ ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഐ.ടി വ്യവസായ വികസനത്തിന് ഏറെ ഊർജം നൽകുന്ന സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരാൻ കഠിന ശ്രമം നടത്തിയത്. അന്ന് ആ ശ്രമത്തെ തകർത്തെറിഞ്ഞതും അങ്ങയുടെ നേതൃത്വത്തിലുള്ള സമരങ്ങളായിരുന്നല്ലോ. എന്നാൽ ആ സ്മാർട്ട് സിറ്റി പദ്ധതി പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും മുഖ്യമന്ത്രിയായപ്പോൾ എനിക്ക് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ അങ്ങയുടെ സമര കോലാഹലം മൂലം ഒരു പതിറ്റാണ്ടുകാലം ഇക്കാര്യത്തിൽ നമുക്ക് നഷ്ടമായെന്ന കാര്യം മറക്കാനാകുമോ. അതിവേഗത്തിൽ വളരുന്ന ഐ.ടി വ്യവസായ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ നഷ്ടം എത്ര കനത്തതായിരുന്നെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര ലക്ഷം പേർക്കാണ് ഇക്കാലത്തിനുള്ളിൽ ഐ.ടി. മേഖലയിൽ തൊഴിലവസരം നഷ്ടപ്പെട്ടതെന്ന് ഓർത്തുനോക്കൂ.
മേൽ പറഞ്ഞ വസ്തുതകൾ അങ്ങ് ഇനിയെങ്കിലും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു.

എന്ന് 
സ്നേഹപൂർവം
ഉമ്മൻചാണ്ടി