UDF

2016, ജനുവരി 30, ശനിയാഴ്‌ച

സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ വൈകി


തിരുനന്തപുരം: സരിതയുടെ സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് മനസിലാക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുകളും വിവാദങ്ങളും വേണ്ടിവന്നു. തന്റെ മുന്നില്‍വരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാണ് ആഗ്രഹം. നൂറു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പത്തെണ്ണം തെറ്റാറുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സത്യം ജയിക്കും. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് ഇതുവരെ ഒരു തെളിവും ഹാജരാക്കാനായിട്ടില്ല. കോടതി നിലപാട് അനുകൂലമായാലും പ്രതികൂലമായാലും തനിക്ക് ഒരു നിലപാട് മാത്രമേയുള്ളു. ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ കാര്യമില്ല.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ല. ചെറിയ തെറ്റെങ്കിലും ചെയിതിട്ടുണ്ടെങ്കില്‍ വലിയ ശിക്ഷ തന്നെ ലഭിക്കും. തന്റെ അമ്പത് വര്‍ഷത്തെ അനുഭവമാണിത്. താന്‍ ആരെയും പിറകില്‍ നിന്ന് കുത്തിയിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് സരിതയുടെ ആരോപണങ്ങള്‍. എന്നാല്‍ ഗൂഢാലോചനയുടെ കേന്ദ്രം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.

തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ സര്‍ക്കാര്‍ പരാതി നല്‍കില്ല. ഇക്കാര്യം ജുഡീഷ്യറി തന്നെയാണ് പരിഗണിക്കേണ്ടത്. ജുഡീഷ്യറിയുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മന്ത്രിസഭയില്‍ പ്രശ്‌നങ്ങളില്ല. ഐക്യത്തിനായി പരിശ്രമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.