UDF

2016, ജനുവരി 15, വെള്ളിയാഴ്‌ച

വായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരും


തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നബാര്‍ഡിന്റെ സംസ്ഥാന വായ്പാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവാക്കിക്കൊടുക്കണം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. കൃഷി, ധന, സഹകരണ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനായി പദ്ധതി തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കും.

ഹ്രസ്വകാല കാര്‍ഷികവായ്പക്ക് നല്‍കുന്ന നാല് ശതമാനം പലിശ സബ്‌സിഡി തുടരും. ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.
ദീര്‍ഘകാല വായ്പക്ക് പലിശ 12-13 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നബാര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും- മുഖ്യമന്ത്രി പറഞ്ഞു.

2016-17-ല്‍ ബാങ്കുകള്‍ 1,19,391.95 കോടി രൂപ വായ്പ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് നബാര്‍ഡ് വിഭാവനം ചെയ്യുന്നത്. നടപ്പ് വര്‍ഷത്തെക്കാള്‍ 11 ശതമാനമാണ് വര്‍ധന. സംസ്ഥാനതല ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.