UDF

2016, ജനുവരി 13, ബുധനാഴ്‌ച

റബ്ബര്‍ സംഭരണത്തിന് പുതിയ വഴി കണ്ടെത്തും


തിരുവനന്തപുരം: റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയാണ് വിലസ്ഥിരതാ പദ്ധതിയിലൂടെ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. മറ്റൊരു സംസ്ഥാനത്തും കാര്‍ഷിക മേഖലയില്‍ ഇത്തരം പദ്ധതി നടപ്പാക്കിയിട്ടില്ല.

റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിന് അവരുടെ നിര്‍ദേശം ക്ഷണിച്ചിട്ടുണ്ട്. സംഭരണത്തിന് അവര്‍ക്ക് മതിയായ ശൃംഖല ഇല്ലെന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ പോലെയുള്ള സ്ഥാപനങ്ങളെ പദ്ധതിയുമായി ബന്ധപ്പെടുത്താനാകുമോ എന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുന്നുണ്ടെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിവിലയുടെ വ്യത്യാസമുള്ള തുകയാണ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകര്‍ക്ക് നല്‍കുന്നത്. കിലോയ്ക്ക് 53 രൂപ വരെ സബ്‌സിഡിയായി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ബുധനാഴ്ച ഇത് 50 രൂപയായിരുന്നു.

മൂന്നര ലക്ഷത്തോളം കര്‍ഷകര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും പകുതിപ്പേര്‍ക്കും ആനുകൂല്യം യഥാസമയം നല്‍കാനായിട്ടില്ല.

സംഭരണത്തിന് വേറെയും വഴികള്‍ ആലോചിക്കാന്‍ കാരണവും ഇതാണ്. ഒക്ടോബര്‍ വരെ ലഭിച്ച അപേക്ഷകളിലാണ് നടപടി സ്വീകരിച്ചത്. അന്‍പത് കോടിയില്‍പ്പരം രൂപ സബ്‌സിഡിയായി നല്‍കി. 300 കോടി രൂപയാണ് വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.