UDF

2015, നവംബർ 12, വ്യാഴാഴ്‌ച

ആരോപണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല


അഴിമതിയാരോപിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനും ആത്മവിശ്വാസം തകര്‍ക്കാനും ശ്രമിച്ചാല്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രി കെ. ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഒരുവര്‍ഷമായി അക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. മന്ത്രിമാര്‍ക്കെതിരെ ആരെങ്കിലും മൊഴി കൊടുത്തെങ്കില്‍ രഹസ്യമാക്കി വെയ്ക്കാനാവില്ല. രഹസ്യമായി വെച്ചെങ്കില്‍ അതിനുത്തരവാദികള്‍ മാധ്യമങ്ങളാണ്. ബാര്‍ ഉടമ ബിജു രമേശ്, കെ. ബാബുവിനെതിരെ കോടതിയെ സമീപിക്കുന്നെങ്കില്‍ സമീപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണി തന്നോടു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി കുറ്റവിമുക്തനായി വന്നാല്‍ തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കണമോ എന്ന കാര്യം അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ച് യു.ഡി.എഫ്. തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ അതത് പാര്‍ട്ടികളും പിന്നീട് മുന്നണിയും ചര്‍ച്ച ചെയ്യും. പിന്നീട് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം കൂടുതല്‍ കര്‍ശനമാക്കും

മദ്യനയം കുറേക്കൂടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യം നിരോധിച്ചശേഷമുള്ള നല്ലവശങ്ങള്‍ കൂടി പഠിച്ചാവും നടപടികള്‍ സ്വീകരിക്കുക. ഇത് ബാര്‍ ഉടമകളോടുള്ള പ്രതികാരമല്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.