UDF

2015, ജൂലൈ 9, വ്യാഴാഴ്‌ച

പാഠപുസ്തക സമരം: വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും


 പാഠപുസ്തക അച്ചടി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിദ്യാര്‍ഥി സമരവും പൊലീസ് ലാത്തിച്ചാര്‍ജും വ്യാപകമായ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.

വിദ്യാഭ്യാസമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിദ്യാര്‍ഥി സമരങ്ങള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സഭയില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 
കോട്ടയത്ത് വിദ്യാര്‍ഥിസമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചതാണ്.

പൊലീസുകാരെ സമരക്കാര്‍ ഓടിച്ചിട്ടുതല്ലുകയും എറിയുകയും ചെയ്യുകയാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരെയും ആക്രമിച്ചു. 

നിയമം നടപ്പാക്കേണ്ട പൊലീസുകാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിപക്ഷത്തിന്റെ യുക്തി അംഗീകരിക്കാനാവില്ല. പൊലീസുകാരെ ആക്രമിച്ചവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇതില്‍ യാതാരു മാറ്റവുമുണ്ടാവില്ല.

അതേസമയം, വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.