UDF

2015, ജൂലൈ 6, തിങ്കളാഴ്‌ച

നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം


 ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് മന്ത്രി സുഷമാ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാര്‍ച്ച് 12-നുമുമ്പ് ജോലി വാഗ്ദാനം ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കുറഞ്ഞത് 35,000 പൗണ്ട് ശമ്പളമില്ലെങ്കില്‍ മടങ്ങിപ്പോകണമെന്ന് നിയമം പാസ്സാക്കിയ പശ്ചാത്തലത്തില്‍ ധാരാളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു. നഴ്‌സുമാരടക്കമുള്ള നിരവധിപ്പേര്‍ ഇതില്‍ താഴെമാത്രം ശമ്പളം ലഭിക്കുന്നവരാണ്. ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.