UDF

2015, ജൂലൈ 2, വ്യാഴാഴ്‌ച

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തും


തിരുവനന്തപുരം: രാഷ്ട്രീയലക്ഷ്യത്തോടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെ ജനം അഴിമതിയെ വെറുക്കുന്നു. അതുപോലെ രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ അഴിമതി ആരോപണം ഉന്നയിക്കുന്നവരെയും വെറുക്കുന്നു. 

പണവും മദ്യവും ഒഴുക്കി യു.ഡി.എഫ്. അരുവിക്കരയില്‍ ജയിച്ചുവെന്ന് സി.പി.എം. നേതാക്കള്‍ പറയുന്നത് അവിടത്തെ വോട്ടര്‍മാരെ അവഹേളിക്കലാണ്. പിറവത്തും നെയ്യാറ്റിന്‍കരയിലും തോറ്റപ്പോഴും അവര്‍ പറഞ്ഞത് പണവും മദ്യവും ഒഴുക്കിയെന്നാണ്. അതുകൊണ്ടാണ് അവര്‍ തോറ്റുകൊണ്ടിരിക്കുന്നത്. 46000 വോട്ട് അവര്‍ക്കും കിട്ടിയില്ലേ. പരാജയകാരണം കണ്ടെത്തി തിരുത്തുന്നതിനു പകരം ജനങ്ങളെ നിന്ദിക്കുന്ന സി.പി.എം. നേതാക്കള്‍ മാപ്പു പറയണമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഞങ്ങള്‍ ഒരിക്കലും സി.പി.എമ്മുകാരെപ്പോലെ പറയില്ല. ജനങ്ങളെക്കുറിച്ച് മതിപ്പുണ്ട്. ഇന്നത്തെ രീതിയില്‍ പോയാല്‍ സി.പി.എം. മൂന്നാമത് ആയാലും അത്ഭുതപ്പെടേണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. അതു ന്യായീകരിക്കുന്ന വിലയിരുത്തലാണ് സി.പി.എം. കേന്ദ്ര നേതൃത്വം നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നു ദേശീയ നേതൃത്വം വിലയിരുത്തിയത് കുറെയൊക്കെ യാഥാര്‍ഥ്യ ബോധത്തോടെയാണ്. കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ആഗ്രഹിക്കുന്നത് പോസിറ്റീവ് രാഷ്ട്രീയമാണ്. യു.ഡി.എഫ്. സ്വീകരിക്കുന്ന നിലപാടും അതാണ്. അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. 2006നു ശേഷം ഒരു തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്. ജയിക്കാത്തതിനു കാരണം അവരുടെ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ്. അവര്‍ക്ക് ആളില്ലെന്നു താന്‍ പറയില്ല. തെറ്റായ പാതയില്‍ പോയാല്‍ ജനങ്ങള്‍ തങ്ങളെയും ശിക്ഷിക്കും.

യു.ഡി.എഫ്. വിട്ടുപോയ ആരെയും തിരികെ കൊണ്ടു വരാന്‍ ശ്രമിക്കില്ല. തങ്ങള്‍ ആരെയും പുറത്താക്കിയിട്ടില്ല. അതുകൊണ്ട് തിരികെ വിളിക്കേണ്ട കാര്യവുമില്ല. സി.പി.എമ്മുകാര്‍ പണ്ടു പുറത്താക്കിയവരെ തിരികെവിളിച്ച് തെറ്റു തിരുത്തിക്കൊണ്ടിരിക്കുകയാണ്. യു.ഡി.എഫില്‍ നിന്നു പോയതു നന്നായെന്നു പറഞ്ഞ് ആരെയും കുത്തി നോവിക്കാനും താനില്ല. 
മന്ത്രിസഭയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. െഡപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതാണ്. വ്യാഴാഴ്ചത്തെ യു.ഡി.എഫ്. യോഗത്തില്‍ അത് ചര്‍ച്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.